റബ്ബറിന്റെ ഡിമാൻഡ് ഉയരും; വരും നാളുകള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടേതോ..?
പ്രകൃതിദത്ത റബ്ബറിന്റെ ഡിമാൻഡ് 3-8 ശതമാനം വരെ ഉയരുമെന്ന് എഎന്‍ആര്‍പിസി. ചരിത്രം പറയുന്നതും അതുതന്നെ.
ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങള്‍ക്കും ശേഷം റബ്ബറിന്റെ ഉപഭോഗം കുതിച്ചുയരുന്നത് കാണാം. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം 33 ശതമാനവും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 121 ശതമാനവും റബ്ബറിന്റെ ഉപഭോഗം കുത്തനെ ഉയര്‍ന്നിരുന്നു.
അത്രയൊന്നും വര്‍ധനവ് പ്രവചിക്കുന്നില്ലെങ്കിലും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് ഈ മാസം പ്രസിദ്ധീകരിച്ച എഎന്‍ആര്‍പിസിയുടെ റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
2019ല്‍ 6.9 ശതമാനം ഇടിവ് പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗത്തില്‍ ഉണ്ടായ സ്ഥാനത്ത് 2021 അവസാനത്തോടെ 8.3 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് 14 മില്യണ്‍ ടണ്‍ റബ്ബര്‍ വേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഗോളതലത്തില്‍ 13.8 ലക്ഷം ടണ്‍ മാത്രമാണ് ഉത്പാദനം പ്രതീക്ഷിക്കുന്നത്. ആകെ ഡിമാന്ഡിന്റെ 20,0000 ടണ്‍ കുറവ് റബ്ബര്‍ മാത്രമെ നല്‍കാനാവു എന്നര്‍ത്ഥം.
റബ്ബറിന്റെ ഡിമാൻഡിലും വിതരണത്തിലും ഉണ്ടാകുന്ന ഈ വ്യത്യാസം വിലയില്‍ പ്രതിഫലിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. വാക്‌സിനേഷന്‍ വര്‍ധിച്ചതും കൊവിഡ് നിയന്ത്രണങ്ങളില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും ഡിമാൻഡ് ഉയര്‍ത്തും. ഒക്ടോബറിന്റെ തുടക്കത്തില്‍കോട്ടയത്ത് ആര്‍എസ്എസ് 4 ന്റെ വില 169 രൂപ ആയിരുന്നത് ഈ മാസം 238.05 രൂപയിലെത്തിട്ടുണ്ട്.
റബ്ബറിന്റെ ഡിമാൻഡ് ഉയരുന്നതിന് ആനുപാതികമായി ഉത്പാദനവും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിദത്ത റബ്ബറിന്റെ 81 ശതമാനവും സംഭാവന ചെയ്യുന്നത് തായ്‌ലന്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഈ മാസം ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടും. അടുത്തമാസം 5000 ടണ്ണിന്റെ വര്‍ധനവാണ് എഎന്‍ആര്‍പിസി പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ചൈന, ഇന്ത്യോനേഷ്യ, തായ്‌ലന്റ്, മലേഷ്യ എന്നിവിടങ്ങളിലെ ഉത്പാദനം ഡിസംബറില്‍ കുറയും. ചൈനയില്‍ ഉത്പാദനം 1.28 ലക്ഷത്തില്‍ നിന്ന് 58000 ടണ്ണായി ഉത്പാദനം കുറയും എന്നാണ് എഎന്‍ആര്‍പിസി ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാലയളവില്‍ ചൈനയിലേക്കുള്ള റബ്ബര്‍ ഇറക്കുമതി കാര്യമായി ഉയരും. നവംബറില്‍ 4.81 ലക്ഷമാണെങ്കില്‍ ഡിസംബറില്‍ 5.45 ലക്ഷം ടണ്‍ റബ്ബറായിരിക്കും ചൈന ഇറക്കുമതി ചെയ്യുക. ഊര്‍ജ്ജ ക്ഷാമത്തിന് പരിഹാരമാകുന്നതോടെ നവംബര്‍, ഡിസംബര്‍ കാലയളവില്‍ ചൈനയിലെ ഉത്പാദന മേഖല സജീവമാകുമെന്നാണ് പ്രതീക്ഷ.
ഇക്കാലയളവില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും മേഖലയ്ക്ക് ഗുണം ചെയ്യും. ആഗോള തലത്തില്‍ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 2023 കാലയളവില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിക്കുമെന്നാണ് കണക്ക്. ഇത്രയും നാള്‍ ഉണ്ടായിരുന്ന ഉത്പാദനം കൂടുതല്‍ എന്ന സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടാകാന്‍ പോവുകയാണ്.
ഡിമാൻഡ് മൂന്ന് ശതമാനം വെച്ച് പ്രതിവര്‍ഷം ഉയരുകയാണെങ്കില്‍ 2025ല്‍ ആകെ വേണ്ടതിന്റെ 7.15 ലക്ഷം ടണ്‍ കുറവായിരിക്കും റബ്ബറിന്റെ ഉത്പാദനം. 2028 ആകുമ്പോഴേക്കും ഡിമാൻഡും ഉത്പാദനവും തമ്മിലുള്ള അന്തരം 20.60 ലക്ഷം ടണ്ണായി ഉയരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.