ഭൂമി ഇടപാട്, സംസ്ഥാനം 'യുണീക് തണ്ടപ്പേര്‍' സംവിധാനം നടപ്പാക്കുന്നു
ഒറ്റ ക്ലിക്കില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
ഭൂമി ഇടപാടുകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി യുണീക്ക് തണ്ടപ്പേര്‍ (unique thandapper) സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ച് കേരളം. ഇതിൻ്റെ ഭാഗമായി ഉടമയുടെ ഭുമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും. ശേഷം 13 അക്ക യുണീക്ക് തണ്ടപ്പേര്‍ നമ്പർ നല്‍കും. ഭൂമി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം. യുണീക്ക് തണ്ടപ്പേര്‍ സംവിധാനം വരുന്നതോടെ ഒറ്റ ക്ലിക്കില്‍ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സമ്മതപത്രം വാങ്ങി മാത്രമെ ആധാറുമായി ഭൂമി വിവരങ്ങള്‍ ബന്ധിപ്പിക്കുകയുള്ളു എന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിഞ്ജാപനം വകുപ്പ് പിന്നീട് ഇറക്കും.
ഒന്നിലേറെ അവകാശികളുണ്ടെങ്കില്‍ എല്ലാവരുടെയും ആധാര്‍ ഭൂമിയുടെ രേഖയുമായി ബന്ധിപ്പിക്കണം. മിച്ച ഭൂമി കണ്ടെത്താനും ബിനാമി ഇടപാടുകള്‍ കണ്ടെത്താനും പുതിയ സംവിധാനം ഗുണം ചെയ്യും കൂടാതെ റെവന്യൂ വകുപ്പിൻ്റെ ഓണ്‍ലൈന്‍ സേവനങ്ങളും മെച്ചപ്പെടുത്താനാവും. നിലവില്‍ സംസ്ഥാനത്തെ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി 7.5 ഏ്ക്കറും ഒരു കുടുംബത്തിന് 15 ഏക്കറും വരെ കൈവശം വെക്കാം.