വില്‍പ്പനയേക്കാള്‍ വേഗത്തില്‍ പുതിയ പ്രോജക്റ്റുകള്‍; റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രശ്‌നങ്ങള്‍

ഈ പ്രവണത തുടരുകയാണെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം

Update:2023-12-25 16:00 IST

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായങ്ങളിലൊന്നായ റിയല്‍ എസ്റ്റേറ്റും മുരടിപ്പ് നേരിടുകയാണോ? 68 ശതമാനം വളര്‍ച്ചയുമായി 2022ലെ റെക്കോഡ് വളര്‍ച്ചയ്ക്ക് ശേഷം ഈ മേഖലയില്‍ വില്‍പ്പനയേക്കാള്‍ വേഗത്തില്‍ പുതിയ പ്രോജക്റ്റുകള്‍ ഉയര്‍ന്നുവരികയാണ്. കോവിഡിന് ശേഷം ബില്‍ഡര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതു കൊണ്ടു തന്നെ പ്രമുഖ ബില്‍ഡര്‍മാരുടെ പ്രോജക്റ്റുകള്‍ വിറ്റുപോകുന്നുണ്ട്.

ഇതൊരു കുതിപ്പാകുമെന്ന് കരുതി വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ വന്‍ പ്രോജക്റ്റുകള്‍ ഉയര്‍ന്നു വന്നു. ആഡംബര വീടുകളും ബജറ്റ് വീടുകളും മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ വിറ്റുപോകുന്നുണ്ട്. നിലവിലെ വേഗതയില്‍ വില്‍പ്പന നടന്നാല്‍ പോലും 33 മാസത്തേക്ക് ആവശ്യമായ അളവില്‍, 1,045 ലക്ഷം കോടി രൂപ വിലമതിക്കുന്ന പ്രോജക്റ്റുകള്‍ കയ്യിലുണ്ടെന്ന് വന്‍കിട ലിസ്റ്റഡ് കമ്പനികള്‍ വെളിപ്പെടുത്തുന്നതായി ഈ മേഖലയിലെ വില്‍പ്പന ട്രെന്‍ഡ് വിശകലനം ചൂണ്ടിക്കാട്ടുന്നു.

വളര്‍ച്ചയെ ബാധിക്കും

ഈ പ്രവണത തുടരുകയാണെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം. ഈ മേഖലയില്‍ അടുത്തൊന്നും ഒരു കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല. കോവിഡ് കാലത്ത് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം കാരണം പല വന്‍കിട കമ്പനികളും അവരുടെ ഓഫീസുകളുടെ വലിപ്പം കുറച്ചു. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്കാണ് മറ്റൊരു തിരിച്ചടി.

നിര്‍മാണ സാമഗ്രികള്‍, കൂലി, നികുതികള്‍ എന്നിവയുടെ ചെലവ് കുത്തനെ കൂടിയതിനെ തുടര്‍ന്ന് പുതിയ വീടുകളുടെ വില ഉയര്‍ന്നതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നു. കേരളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുത്തനെ ഇടിഞ്ഞതിനാല്‍ കരാറുകാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് വ്യാപകമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപഭാവിയില്‍ ഒരു തിരിച്ചുവരവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

Tags:    

Similar News