ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ്; ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍

Update:2021-10-04 20:10 IST

ഫോട്ടോ - അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ഐജി പി വിജയന്‍ ഐപിഎസ് ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുന്നു

ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് എന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് പ്രമുഖ ബില്‍ഡേഴ്‌സ് ആയ അസറ്റ് ഹോംസ്.ഐജി പി വിജയന്‍ ഐപിഎസ് ആണ് ഇത്തവണ പ്രഭാഷകനായത്. വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ് അഭിപ്രായപ്പെട്ടു.

മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.
സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.
ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.


Tags:    

Similar News