മികച്ച ത്രൈമാസ ഫലവുമായി പുറവങ്കര, ഓഹരിയില്‍ കുതിപ്പ്

വിറ്റുവരവ് 1,600 കോടി രൂപ, ചതുരശ്ര അടിക്ക് ശരാശരി ലഭിച്ചത് 7,947 രൂപ

Update:2023-10-10 18:26 IST

Image courtesy: puravankara/fb

2023-24 സെപ്റ്റംബര്‍ പാദത്തില്‍ റെക്കോഡ് വിറ്റുവരവ് കരസ്ഥമാക്കി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പുറവങ്കര (Puravankara Ltd). ചൊവ്വാഴ്ച ഓഹരി വില 141.05 രൂപയിലേക്ക് കുതിച്ച് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഓഹരി ഇടപാടുകളില്‍ 2.18 ഇരട്ടി വര്‍ധന രേഖപ്പെടുത്തി.

2023-24 സെപ്റ്റംബര്‍ പാദത്തില്‍ വിറ്റുവരവ് 102% വര്‍ധിച്ച് 1,600 കോടി രൂപയായി. വിറ്റുവരവ് ആദ്യപകുതിയില്‍ 109% വര്‍ധിച്ച് 2,725 കോടി രൂപയായി. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനാല്‍ ഈ വര്‍ഷം ഇതുവരെ കൈവരിച്ച വളര്‍ച്ച തുടര്‍ന്നും നിലനിര്‍ത്താനാകുമെന്ന് പുറവങ്കര ലിമിറ്റഡ് എം.ഡി ആശിഷ് പുറവങ്കര അഭിപ്രായപ്പെട്ടു. ശക്തമായ പ്രീ സെയില്‍സ് (പദ്ധതി ആരംഭിക്കുന്നതിനു മുന്‍പുള്ള വില്‍പ്പന) കളക്ഷനില്‍ 70% വാര്‍ഷിക വര്‍ധന നേടാന്‍ സാധിച്ചതാണ് കമ്പനിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.

ചതുരശ്ര അടിക്ക് ശരാശരി ലഭിച്ചത് 7947 രൂപ

ചതുരശ്ര അടിക്ക് ശരാശരി വില ലഭിച്ചത് 7947 രൂപ (7 % വാര്‍ഷിക വളര്‍ച്ച). ഒരു പുതിയ പദ്ധതിയും നിലവിലുള്ള 2 പദ്ധതികളുടെ പുതിയ ഘട്ടവും ആരംഭിക്കാന്‍ സാധിച്ചു. പുതിയ പദ്ധതി ബാംഗ്ലൂരില്‍ പ്രൊവിഡന്റ് ഇക്കോപൊളിറ്റന്‍ (1.13 ദശലക്ഷം ചതുരശ്ര അടി) ആരംഭിച്ചു. കൂടാതെ ബാംഗ്ലൂരില്‍ തന്നെ പൂര്‍വ പാര്‍ക്ക് ഹില്‍ ടവര്‍ ബി (0.21 ദശലക്ഷം ചതുരശ്ര അടി), ചെന്നൈയില്‍ പൂര്‍വ വിന്‍ഡര്‍മിയര്‍ ഫേസ് 4 ബിയും (0.75 ദശലക്ഷം ചതുരശ്ര അടി) ആരംഭിച്ചു.

2023-24 ആദ്യ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന 7.8 ശതമാനം വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്കും അനുകൂല സാഹചര്യമാണ്. പ്രവര്‍ത്തന കാര്യക്ഷമതയും പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതും കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ കാരണമാകുമെന്ന് ആശിഷ് പുറവങ്കര അവകാശപ്പെട്ടു.

Tags:    

Similar News