പൊള്ളുന്ന വിലക്കയറ്റം റിയല്‍ എസ്റ്റേറ്റ് മേഖലയിലും

വിലക്കയറ്റത്തോടൊപ്പം നികുതികളിലും പെര്‍മിറ്റ് ഫീസിലുമൊക്കെയുണ്ടായ കുത്തനെയുള്ള വര്‍ധനയും സംസ്ഥാനത്തെ ഭവന - കെട്ടിട നിര്‍മാണ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ ആഘാതം

Update:2023-05-21 12:56 IST

1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണോ നിങ്ങള്‍? അതിനായി ഒരു മാസം മുമ്പ് കണക്കാക്കിയ ചെലവിനൊപ്പം ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും അധികം എഴുതി ചേര്‍ത്തേക്കൂ. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മുതല്‍ വിവിധ നികുതികള്‍, കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ് തുടങ്ങിയവയെല്ലാം കുത്തനെ കൂടിയതോടെ 500- 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മിക്കുന്നതിന് വരുന്ന അധിക ചെലവ് ശരാശരി 3-5 ലക്ഷം രൂപ വരെ!

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം നിര്‍മ്മാണച്ചെലവില്‍ 25-30 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചെയര്‍മാന്‍ ജോളി വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു. പെര്‍മിറ്റ് ഫീസും പ്ലാന്‍ പാസാക്കാനുള്ള ഫീസും വരെ കൂട്ടിയതോടെ ചെലവ് വീണ്ടും ഉയര്‍ന്നു. ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രതിസന്ധി. ക്വാറികള്‍ക്ക് സര്‍ക്കാര്‍ ദൂരപരിധി നിശ്ചയിച്ചതോടെ പലരും തമിഴ്നാട്ടിലേക്ക് ചുവടുമാറ്റി. അവിടെ നിന്നാണ് ഇപ്പോള്‍ ക്വാറി ഉല്‍പ്പന്നങ്ങളെത്തിക്കുന്നത്. ഇത് ലോറി വാടക കൂടാനും ഇടയാക്കി. ലോറിക്ക് 40 ടണ്‍ ഭാരശേഷിയുണ്ടെങ്കിലും 10-15 ടണ്‍ കയറ്റാനേ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കൂ. ഇത് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ഈടാക്കുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റോയല്‍റ്റി, ലൈസന്‍സ് ഫീസ്, ഡീലര്‍ ലൈസന്‍സ് ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വിലക്കയറ്റം, പ്രതിസന്ധിയുടെ പ്രളയം!
ദേശീയതലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ തിരിച്ചുവരവാണ് നടത്തുന്നത്. ഇതേ ട്രെന്‍ഡ് കഴിഞ്ഞമാസങ്ങളില്‍ കേരളത്തിലും ദൃശ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
നിര്‍മ്മാണ വസ്തുക്കളുടെ വില നിയന്ത്രണാതീതമായി കൂടിയതോടെ നിര്‍മ്മാണച്ചെലവേറി. തൊഴിലാളി വേതനം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ഭൂമിയുടെ ന്യായവിലയില്‍ 20 ശത
മാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിച്ചു. സെന്റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 1,20,000 രൂപയായാണ് ഉയര്‍ന്നത്. എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്. ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10,000 രൂപയായിരുന്ന രജിസ്‌ട്രേഷന്‍ ഫീസ് ന്യായവില 1,20,000 രൂപ ആകുന്നതോടെ 12,000 രൂപ ആയി ഉയര്‍ന്നു.
ചതുരശ്രമീറ്ററിന് മൂന്നു മുതല്‍ എട്ടു രൂപ വരെയാണ് ഗ്രാമപഞ്ചായത്തുകള്‍ വീടിന് നികുതി ഈടാക്കുന്നത്. കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും അപേക്ഷയുടെ പരിശോധനാ ഫീസും ഇതിനു പുറമെയാണ്.
100 രൂപ ചെലവിട്ടാല്‍ 38 രൂപയും സര്‍ക്കാരിന്!
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് 100 രൂപ ചെലവിട്ടാല്‍ നികുതിയായും വിവിധ ഫീസായും സര്‍ക്കാര്‍ നേടുന്നത് 38.20 രൂപയാണെന്ന് ക്രെഡായ് കേരള മുന്‍ ചെയര്‍മാന്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് ഇത് പരമാവധി 20-25 രൂപയായിരുന്നു. അതായത്, ഒരു കോടി രൂപയുടെ ഫ്ളാറ്റ് വാങ്ങിയാല്‍ 38.20 ലക്ഷം രൂപയും സര്‍ക്കാരാണ് നേടുന്നത്. ഒരുവര്‍ഷം മുമ്പ് ഇത് 20-25 ലക്ഷം രൂപയോളമായിരുന്നു.
വില ക്രമാതീതമായി കൂടുമ്പോള്‍ ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെട്ടിരുന്നവര്‍ പോലും തീരുമാനം മാറ്റാനോ വൈകിപ്പിക്കാനോ സാധ്യതയുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പുവരെ സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുഖ്യ ഉപഭോക്താക്കള്‍ പ്രവാസി മലയാളികളായിരുന്നു. 70-75 ശതമാനമായിരുന്നു ഇവരുടെ പങ്ക്. ഇപ്പോള്‍ പങ്കാളിത്തം 25-30 ശതമാനം മാത്രം. തദ്ദേശീയര്‍ തന്നെയാണ് കൂടുതലായും പുതിയ ഫ്ളാറ്റുകളും വില്ലകളും വാങ്ങുന്നത്.
കേരളത്തിലെ യുവ സമൂഹം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ സംസ്ഥാനത്തെ ഉള്‍ഗ്രാമങ്ങളില്‍ പോലും അവര്‍ പണിത വീടുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. കുടുംബ വീടുകള്‍ വിറ്റൊഴിയാനാണ് ഇവര്‍ ശ്രമിക്കുന്നതും. ഇത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
ഐ.ടിയും അപ്പാര്‍ട്ട്‌മെന്റ് ഡിമാന്‍ഡും
കൂടുതലും ഐ.ടി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിലനില്‍പ്പ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇതാണ് സ്ഥിതി. ഐ.ടി രംഗത്ത് കൂടുതല്‍ കമ്പനികളും ജീവനക്കാരും വരുന്നത് നേട്ടമാകുന്നു. എന്നാല്‍, ഈ ട്രെന്‍ഡ് നിര്‍ജീവമായാല്‍ വിപണിയും കിതയ്ക്കും. കേരളത്തില്‍ പരമ്പരാഗതമായി 2ബി.എച്ച്.കെ., 3ബി.എച്ച്.
കെ അപ്പാര്‍ട്ട്മെന്റ് പദ്ധതികള്‍ക്കാണ് ആവശ്യക്കാരേറെ. ഇപ്പോള്‍, ഇവയ്ക്ക് പുറമേ 1 ബി.എച്ച്.കെ പദ്ധതിക്കും വലിയ ഡിമാന്‍ഡുണ്ടെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ എം.എ. മെഹബൂബ് പറഞ്ഞു. ഐ.ടി കമ്പനികളിലെയും മറ്റും യുവതലമുറയ്ക്കിടയില്‍ ഹോസ്റ്റലുകളോട് പ്രിയം കുറയുകയാണ്. സ്വന്തം അല്ലെങ്കില്‍ വാടക ഫ്ളാറ്റിനോടാണ് പലര്‍ക്കും താല്‍പ്പര്യം. ഇതാണ് 1 ബി.എച്ച്.കെയ്ക്ക് പ്രിയം കൂടാന്‍ കാരണം.
സ്ഥലവിലയില്‍ മുരടിപ്പ്, കിട്ടുന്ന വിലയ്ക്ക് കച്ചവടം
സാമ്പത്തിക ഞെരുക്കം നിലനില്‍ക്കേയാണ് വിവിധ ഫീസിനത്തിലും നികുതിയായും മറ്റും ഭൂമിവാങ്ങല്‍/വീട് വയ്ക്കല്‍ ചെലവും ഏറിയത്. ഇതോടെ, പുതുതായി ഭൂമി വാങ്ങുന്നതില്‍ നിന്നും പലരും വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല കിട്ടുന്ന വിലയ്ക്ക് ഭൂമി വിറ്റൊഴിയാന്‍ പലരും തയ്യാറാകുന്നുണ്ട്. ഉദാഹരണത്തിന്, കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മാസങ്ങള്‍ക്ക് മുമ്പുവരെ സെന്റിന് 3-3.5 ലക്ഷം രൂപയുണ്ടായിരുന്നു സെന്റിന്. ഇപ്പോള്‍ വില്‍പന സെന്റിന് ഒരുലക്ഷം മുതല്‍ 1.5 ലക്ഷം രൂപയ്ക്ക് വരെയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും ഇതാണ് സ്ഥിതി. ഉള്‍പ്രദേശങ്ങളിലാണ് പ്രതിസന്ധി കൂടുതല്‍.
പലവിധ വിലക്കയറ്റം മൂലം ഉപഭോക്താക്കള്‍ പുത്തന്‍ ഭവനപദ്ധതികള്‍ വാങ്ങുന്ന തീരുമാനം നീട്ടിവയ്ക്കുകയോ ചെലവ് കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ഭൂവില്‍പ്പനയിലും വലിയ മാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് കേരള റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) അംഗീകൃത ഏജന്റ് പി. അബ്ദുല്‍ മജീദ് ചൂണ്ടിക്കാട്ടുന്നു. വലിയ ഭൂമികള്‍ ചെറിയ പ്ലോട്ടുകളായി വിറ്റഴിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഉദാഹരണത്തിന് 10-20 സെന്റ് ഭൂമി 3-4 സെന്റുകളായി തരംതിരിച്ച് വില്‍ക്കുന്നു. 50 കോടി, 100 കോടി, 150 കോടി രൂപ നിരക്കിലെ കച്ചവടങ്ങള്‍ സംസ്ഥാനത്ത് നാമമാത്രമാണ്. ഒരുകോടി, രണ്ട് കോടി രൂപ നിലവാരത്തിലുള്ള വാണിജ്യ സമുച്ചയങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യമെന്നാണ് ഏജന്റുമാര്‍ പറയുന്നത്.



ഫ്ളാറ്റ് വാങ്ങാന്‍ ചെലവേറെ
സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിളിക്കാം റിയല്‍ എസ്റ്റേറ്റ് മേഖലയെ. ലക്ഷക്കണക്കിനാളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന മേഖല. കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഈ മേഖല കരകയറി വരുന്നതിന്റെ സൂചനകള്‍ പ്രകടമായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് ആവശ്യക്കാര്‍ വന്നതോടെ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ ( കെ-റെറ) രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ഭവന പദ്ധതികളുടെ എണ്ണം കുത്തനെ കൂടിയിരുന്നു. കെ- റെറയുടെ 2022ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 159 പുതിയ പദ്ധതികളാണ് രജിസ്റ്റര്‍ ചെയ്തത്. അപ്പാര്‍ട്ട്‌മെന്റിന് ഡിമാന്‍ഡ് വന്നു തുടങ്ങിയപ്പോള്‍ തന്നെയാണ് വിലക്കയറ്റവും നികുതി വര്‍ധനയും ഇരുട്ടടിയായിരിക്കുന്നത്.
ഏതാനും വര്‍ഷം മുമ്പുവരെ തിരുവനന്തപുരം ആക്കുളത്തത് ചതുരശ്ര അടിക്ക് വില 4,000-4,500 രൂപയായിരുന്നത് ഇപ്പോള്‍ ശരാശരി 5,500-7,000 രൂപയാണ്. ലുലുമാളിന്റെ ഉള്‍പ്പെടെയുള്ള സാന്നിദ്ധ്യവും നഗരത്തിന്റെ വികസനവും വിലയെ സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധനയും വിലയില്‍ പ്രതിഫലിക്കുന്നു.
ലുലുമാളിനോട് ചേര്‍ന്നുള്ള പുത്തന്‍ പാര്‍പ്പിട പദ്ധതികള്‍ക്ക് ചെലവ് ചതുരശ്ര അടിക്ക് 7,000 രൂപയ്ക്ക് മേലാണ്. വെള്ളയമ്പലം ഭാഗത്ത് 5,000-6,000 രൂപയായിരുന്നത് 8,000 രൂപയ്ക്ക് മേലെയെത്തി. വഴുതയ്ക്കാട് വില 10,000-13,000 രൂപ നിരക്കിലാണ്. നേരത്തെ 8,000 രൂപ നിരക്കിലായിരുന്നു. കൊച്ചിയില്‍ ഓവര്‍ സപ്ലെ (ഡിമാന്‍ഡിലും കവിഞ്ഞ സ്റ്റോക്ക്) ഉണ്ടായിരുന്നതിനാല്‍ വില വന്‍തോതില്‍ കൂടിയിട്ടില്ല. മരട് ഫ്ളാറ്റ് പ്രതിസന്ധി മുതല്‍ ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നം വരെ കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിട്ടുണ്ട്. ദേശീയതലത്തിലെ വന്‍കിട ബ്രാന്‍ഡുകള്‍ കേരളത്തില്‍ ശ്രദ്ധയൂന്നിയത് കൊച്ചിയിലായിരുന്നു. ഉദാഹരണത്തിന് ടാറ്റ, പുറവങ്കര, ഡി.എല്‍.എഫ്, പ്രസ്റ്റീജ് തുടങ്ങിവ. ഇവ വലിയതോതില്‍ പ്രോജക്ടുകളൊരുക്കി. ഇത് മൂലം കൊച്ചി നഗരത്തില്‍ ആവശ്യത്തിലേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു.
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റില്‍ മറ്റൊരു ശ്രദ്ധാകേന്ദ്രം കോഴിക്കോടാണ്. ഇവിടെ നേരത്തേ ചതുരശ്രയടിക്ക് 3,000-5,000 രൂപയുണ്ടായിരുന്ന ഫ്‌ളാറ്റുകള്‍ക്ക് ഇപ്പോള്‍ വില 7,000-10,000 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 



 


സ്ഥലം ഇടപാടുകളില്‍ കുറവ്, വിലയില്‍ സ്തംഭനാവസ്ഥ
കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിന്റെ സ്ഥലവിലയില്‍ കാര്യമായ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നില്ല. വലിയ തോതില്‍ ഭൂമി കച്ചവടം നടക്കുന്നില്ല എന്നിരിക്കേ തന്നെ വീടുകള്‍ക്കും കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കുമുള്ള ഭൂമിയുടെ വില്‍പ്പന എല്ലായിടത്തും സജീവവുമാണ്.
കോഴിക്കോട്ട് മാവൂര്‍ റോഡ് ഹോട്ട്‌സ്‌പോട്ടായി തുടരുന്നു. എന്നാല്‍ ബൈപ്പാസിലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മാവൂര്‍ റോഡില്‍ 80 ലക്ഷം രൂപ വരെയാണ് സെന്റിന് വില. എന്നാല്‍ ലഭ്യതക്കുറവ് മൂലം ഇടപാടുകള്‍ കുറവാണ്. വികസന പ്രവര്‍ത്തനം നടക്കുന്ന പൊറ്റമ്മല്‍ പോലുള്ള നഗരത്തില്‍ നിന്നും അകലെയുള്ള സ്ഥലങ്ങളില്‍ പോലും 28 ലക്ഷം രൂപ വരെ വില ചോദിക്കുന്നുണ്ട്. കക്കോടി, വേങ്ങേരി, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍ 7-8 ലക്ഷം രൂപ വരെയാണ് സെന്റിന്. തൊണ്ടയാട് ബൈപ്പാസില്‍ 45-50 ലക്ഷം രൂപയുമുണ്ട്.
കാസര്‍കോട്ട് നഗര പരിധിയില്‍ 25 ലക്ഷം രൂപ വരെ വിലയുണ്ട്. ടൗണിനടുത്തുള്ള ജനസാന്ദ്രതയുള്ള ഗ്രാമങ്ങളില്‍ 5-8 ലക്ഷം രൂപ വരെ ചോദിക്കുന്നു. കൃഷിതോട്ടങ്ങള്‍ 10000 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്.
കാഞ്ഞങ്ങാട് നഗരത്തില്‍ 35-40 ലക്ഷം രൂപ വരെ നടപ്പുണ്ട്. പലയിടങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയേക്കാള്‍ കുറവാണ് വിപണി വില. അതുകൊണ്ടു തന്നെ വാങ്ങിയതിനേക്കാള്‍ കൂടിയ തുകയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റും നല്‍കേണ്ടി വരുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കണ്ണൂരില്‍ മേലേ ചൊവ്വയില്‍ 25 ലക്ഷം രൂപ വരെയുണ്ട്. താണയില്‍ 40 ലക്ഷം രൂപയും മേലെ ചൊവ്വ മുതല്‍ വിമാനത്താവളം നില്‍ക്കുന്ന മട്ടന്നൂര്‍ വരെ റോഡരികില്‍ മൂന്നു ലക്ഷം രൂപ വരെയും വിലയുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ 45 ലക്ഷം രൂപയാണ് നിരക്ക്.
റബര്‍ അടക്കമുള്ള കാര്‍ഷിക വിളതോട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. 25,000 രൂപയ്ക്ക് ഇവിടങ്ങളില്‍ സ്ഥലം കിട്ടും. വയനാട്ടില്‍ സുത്താന്‍ ബത്തേരി ടൗണില്‍ 20-35 ലക്ഷം രൂപ വരെ വില നടപ്പുണ്ട്. കാപ്പി, തേയില തോട്ടങ്ങളുടെ വില 10,000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ ബൈപ്പാസില്‍ ഒരാഴ്ച മുമ്പ് 12 സെന്റ് സ്ഥലം വിറ്റത് 35 ലക്ഷം രൂപ നിരക്കിലാണ്. കോഴിക്കോട് റോഡില്‍ 35-40 ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ വില. ഉള്‍പ്രദേശങ്ങളില്‍ 1.75 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ. മഞ്ചേരി നഗരത്തില്‍ 40-50 ലക്ഷം രൂപ വരെ വില ചോദിക്കുന്നുണ്ട്. നഗരത്തിനു പുറത്ത് 5-7 ലക്ഷം രൂപ വരെ സെന്റിന് വിലയുണ്ട്.
പാലക്കാട്ട് കോഴിക്കോട്-കോയമ്പത്തൂര്‍ ബൈപ്പാസില്‍ 10 ലക്ഷം രൂപയാണ് സെന്റിന് ഉള്ളത്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് 20-25 ലക്ഷം രൂപ. ഒലവക്കോട്ട് 10 ലക്ഷം രൂപയാണ് സെന്റിന് വില. ഉള്‍പ്രദേശങ്ങളില്‍ പുരയിടങ്ങള്‍ക്ക് 3.50 ലക്ഷം രൂപ വരെ വിലയുണ്ട്.
കൊച്ചിയില്‍ ബൈപ്പാസ്, എം.ജി റോഡ് മേഖലകളാണ് ഹോട്ട് സ്‌പോട്ടുകള്‍. ബൈപ്പാസില്‍ 50 ലക്ഷത്തോളം രൂപയാണ് ഒരു സെന്റ് ഭൂമിക്ക്. എം.ജി റോഡിലാവട്ടെ 70 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയുണ്ട്. മലയോരങ്ങളില്‍ കൃഷി ഭൂമി വില്‍ക്കാനാകാത്തതിനാല്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. വന്യമൃഗങ്ങളുടെ സൈ്വരവിഹാരം നടക്കുന്ന ഇവിടങ്ങളില്‍ കൃഷി നടത്താനാവാത്ത സ്ഥിതിയുമാണ്.
പുതിയ തലമുറ ജോലി തേടി വിദേശങ്ങളില്‍ പോകുകയും അവിടെ സ്ഥിര താമസം തുടങ്ങുകയും ചെയ്തതോടെ നാട്ടിലെ ഭൂമി ആര്‍ക്കും വേണ്ടാതായി. യൂറോപ്പിലേക്കും അമേരിക്കയിലേക്കും വന്‍തോതില്‍ കുടിയേറ്റം നടന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെല്ലാം ഇതു തന്നെ സ്ഥിതി.

റിയല്‍ എസ്റ്റേറ്റ് മേഖല എങ്ങോട്ട്?

പ്രതിവര്‍ഷം ശരാശരി 10,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം (ഫ്ളാറ്റ്/വില്ല തുടങ്ങിയവ) നടക്കുന്ന സംസ്ഥാനമാണ് കേരളം. 2,000-2,500 കോടി രൂപയുടെ പ്രതിവര്‍ഷ വില്‍പ്പനയുമായി കൊച്ചിയാണ് മുന്നില്‍. തിരുവനന്തപുരത്ത് 1,000 കോടി രൂപയുടെ കച്ചവടം ശരാശരി നടക്കുന്നു. തിരുവനന്തപുരത്ത് നിലവില്‍ 5,000 കോടി രൂപയുടെ പദ്ധതികള്‍ സ്റ്റോക്കുണ്ട്. തൃശൂര്‍ 500 കോടി, കോഴിക്കോട് 750-800 കോടി, പാലക്കാട് 250-300 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന ലൊക്കേഷനുകളുടെ വിപണിമൂല്യം.

വലിയ വെല്ലുവിളിയാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കാത്തിരിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പഴയ തലമുറക്കാര്‍ കേരളത്തില്‍ ഈ രംഗത്ത് നിക്ഷേപം നടത്തിക്കഴിഞ്ഞു. പുതുതലമുറയുടെ പരിഗണന കൂടുതലും മറ്റ് സംസ്ഥാനങ്ങളിലോ വിദേശത്തോ ആണ്.

നേരത്തേ, കേരള വിപണിയുടെ അത്താണി പ്രവാസി മലയാളികളായിരുന്നു. ഇപ്പോള്‍ ഗള്‍ഫിലും മറ്റും ഭൂമി വാങ്ങാമെന്നതായതോടെ അവരുടെ ഊന്നല്‍ അവിടങ്ങളിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അപ്പാര്‍ട്ട്‌മെന്റും വില്ലകളും സ്ഥലങ്ങളും വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരെ പിന്നോട്ട് വലിക്കുന്ന വിധമുള്ള നികുതി, ഫീസ് നിരക്ക് വര്‍ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഈ രംഗത്തുള്ളവര്‍ മുന്നോട്ട്‌വെയ്ക്കുന്നത്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വമ്പന്മാരുടെ ഓഹരി വിലകള്‍ സമീപകാലത്ത് വളരെ നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ശോഭ ഡെവലപ്പേഴ്‌സ്, ഗോദ്റെജ് തുടങ്ങിയവയെല്ലാം മികച്ച നേട്ടം കുറിക്കുന്നു. ബംഗളൂരു, ചെന്നൈ, മുംബയ്, പൂനെ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം റിയല്‍ എസ്റ്റേറ്റ് രംഗം മികച്ച വളര്‍ച്ചയിലാണുള്ളത്. ഇതാണ് കമ്പനികള്‍ക്ക് നേട്ടമാകുന്നതും. എന്നാല്‍, ഇതേ നേട്ടം ആവര്‍ത്തിക്കാന്‍ കേരളത്തിലെ കമ്പനികള്‍ക്ക് സാധിക്കുന്നില്ല.

കാരണം ലളിതം, മേല്‍പ്പറഞ്ഞവ പോലെ വമ്പന്‍ വിപണിയല്ല കേരളം. മൂന്നരക്കോടി ജനങ്ങളില്‍ ഏതാനും ശതമാനം പേര്‍ മാത്രമാണ് റിയല്‍ എസ്റ്റേറ്റില്‍ പണമെറിയുന്നത്. നിലവിലെ പലവിധ പ്രതിസന്ധികള്‍ മൂലം അവരില്‍ പലരും പിന്നാക്കം പോയിരിക്കുന്നു.


(This article was originally published on Dhanam Business Magazine May 15th Issue )

Similar News