ശോഭ റിയല്‍റ്റി ദുബൈയില്‍ കൂടുതല്‍ ആഡംബര വീടുകള്‍ നിര്‍മിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു

ഇസ്ലാമിക് ബോണ്ടുകള്‍ പുറത്തിറക്കി 2,460 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം

Update:2023-07-11 16:51 IST

Image: sobha realty/fb/canva

പ്രമുഖ മലയാളി വ്യവസായി പി.എന്‍.സി മേനോന്‍ സ്ഥാപിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ റിയല്‍റ്റി ദുബൈയില്‍ കൂടുതല്‍ ആഡംബര വീടുകള്‍, സമുച്ചയങ്ങള്‍ എന്നിവ നിര്‍മിക്കാനായി 2,460 കോടി രൂപ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്നു. 8.75% ലാഭത്തിലാണ് ഇസ്ലാമിക് ബോണ്ടുകള്‍ ഇതിനായി പുറത്തിറക്കുന്നത്.

ഈ പദ്ധതിയില്‍ നിക്ഷേപിക്കാനായി മൊത്തം 4,305 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പണം മടക്കി നല്‍കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെ നാലു പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് ബോണ്ട് ഇഷ്യു കൈകാര്യം ചെയ്തത്.ശോഭ റിയല്‍ട്ടിക്ക് ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ 8 ശതമാനം വിഹിതം ഉണ്ട്.

പുതിയ പദ്ധതികള്‍

അവധി കാല താമസത്തിന് വേണ്ടി സ്റ്റേ ബൈ ലാറ്റിനം, 33 അപ്പാര്‍ട്ടുമെന്റ്റുകള്‍ ഉള്ള ശോഭ സീ ഹേവന്‍ പദ്ധതിയിലെ സ്‌കൈ എഡിഷന്‍, ജുമൈറന്‍ ലേക്ക് ടവേഴ്സില്‍ വെര്‍ദെ തുടങ്ങിയവയാണ് 2023 ല്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍. സ്റ്റേ ബൈ ലാറ്റിനത്തില്‍ വീട്ടില്‍ താമസിക്കുന്നത് തുല്യമായ സുഖപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താപനില നിയന്ത്രിക്കാവുന്ന നീന്തല്‍ കുളം, പൂന്തോട്ട പാതകള്‍, അത്യാധുനിക ജിം തുടങ്ങിയ ആഡംബര സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്.

പി.എന്‍.സി മേനോന്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം ഒമാനില്‍ 1976 ല്‍ സ്ഥാപിച്ചുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. 2003 ലാണ് ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്. 1995 ല്‍ ശോഭ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം ബാംഗ്ലൂരില്‍ ആരംഭിച്ചു. പിന്നീട് അത് ശോഭ ലിമിറ്റഡ് എന്ന ലിസ്റ്റഡ് കമ്പനിയായി. ശോഭ ലിമിറ്റഡ് 3400 കോടി രൂപ നേടികൊണ്ട് 2022-23ല്‍ വരുമാനത്തില്‍ 28.6% വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News