അക്ഷയതൃതീയ: 3,000 കോടി വില്‍പന പ്രതീക്ഷിച്ച് സ്വര്‍ണവിപണി
വിറ്റുവരവ് കഴിഞ്ഞവര്‍ഷത്തെ മറികടക്കുമെന്ന് പ്രതീക്ഷ; വെല്ലുവിളിയായി സ്വര്‍ണത്തിന്റെ റെക്കോഡ് വില
ഇക്കുറി അക്ഷയതൃതീയ ദിനമായ ഏപ്രില്‍ 22ന് സംസ്ഥാനത്തെ സ്വര്‍ണവിപണി പ്രതീക്ഷിക്കുന്നത് 2022നേക്കാള്‍ മികച്ച വില്‍പന നേട്ടം. ഉയര്‍ന്ന വിലയും ഹോള്‍മാര്‍ക്ക് (എച്ച്.യു.ഐ.ഡി) സംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിലവിലുണ്ടെങ്കിലും വില്‍പന കഴിഞ്ഞവര്‍ഷത്തെ അക്ഷയതൃതീയയെ മറികടക്കുമെന്നാണ് കച്ചവടക്കാർ കരുതുന്നത്.
2022ലെ അക്ഷയതൃതീയയ്ക്ക് കേരളത്തില്‍ വിറ്റഴിഞ്ഞത് ഏകദേശം 2,250 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അക്ഷയതൃതീയയാണെന്നത് കഴിഞ്ഞവര്‍ഷം നേട്ടമായി. കടകള്‍ സജീവമാകുകയും ഓഫറുകള്‍ നിറയുകയും ചെയ്തതും വില്‍പന കൂടാന്‍ സഹായിച്ചു.
ഇക്കുറി പ്രതീക്ഷ 3,000 കോടി
വില റെക്കോഡ് ഉയരത്തിലായത് വിപണിയെ ബാധിച്ചിട്ടുണ്ട്. എങ്കിലും, വിറ്റഴിയുന്ന സ്വര്‍ണാഭരണങ്ങളുടെ അളവ് കുറയാമെങ്കിലും മൂല്യം (മൊത്തം വിറ്റുവരവ്) ഇത്തവണ അക്ഷയതൃതീയ നാളില്‍ 3,000 കോടി രൂപ മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഏകദേശം 12,000ലധികം സ്വര്‍ണക്കടകളുണ്ട്. ഏപ്രില്‍ 22 'സ്വര്‍ണോത്സവം' ആയി ആഘോഷിക്കാനാണ് തീരുമാനം. എല്ലാ സ്വര്‍ണാഭരണശാലകളിലും കച്ചവടം ഉറപ്പാക്കുകയാണ് ലക്ഷ്യം. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെ അന്നേദിവസം കടകളില്‍ എത്തിക്കാനാണ് ശ്രമമെന്നും ഇത് വിപണിക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
മായുന്ന പ്രതിസന്ധി
2019ലെ അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്ത് 650 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന നടന്നിരുന്നു. 2020ല്‍ വിറ്റുവരവ് ആയിരം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് കൊവിഡ് ആഞ്ഞടിച്ചത്. തുടര്‍ന്ന്, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും വിപണി നിര്‍ജീവമാകുകയും ചെയ്തതോടെ ആ വര്‍ഷത്തെ അക്ഷയതൃതീയ പൊലിഞ്ഞു. 2021ലും കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധി തുടര്‍ന്നെങ്കിലും ഓണ്‍ലൈനിലൂടെ 100 കോടിയോളം രൂപയുടെ അക്ഷയതൃതീയ വില്‍പന നടന്നു.
വിലക്കയറ്റവും ഹോള്‍മാര്‍ക്കും
ഇത്തവണ കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികളില്ല. എന്നാല്‍, കനത്ത വെല്ലുവിളിയുയര്‍ത്തി സ്വര്‍ണത്തിന്റെ റെക്കോഡ് വിലയും എച്ച്.യു.ഐ.ഡി സംബന്ധിച്ച ആശയക്കുഴപ്പവുമുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു പവന് വില 37,920 രൂപയായിരുന്നു. ഇപ്പോള്‍ വില 44,640 രൂപ. ഗ്രാം വില 4,740 രൂപയില്‍ നിന്ന് 5,580 രൂപയിലുമെത്തി. അതായത് പവന് 6,720 രൂപയും ഗ്രാമിന് 840 രൂപയും ഒരുവര്‍ഷത്തിനിടെ കൂടി.
മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി, 45 രൂപ ഹോള്‍മാര്‍ക്ക് കൂലി, ഹോള്‍മാര്‍ക്കിന്റെ 18 ശതമാനം ജി.എസ്.ടി എന്നിവ ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 48,500 രൂപയോളം നല്‍കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഉയര്‍ന്ന വില വിപണിയില്‍ നിന്ന് ഉപയോക്താക്കളെ അകറ്റുന്നുണ്ട്. ഇതാണ് ഇക്കുറി അക്ഷയതൃതീയയ്ക്ക് വിറ്റഴിയുന്ന ആഭരണങ്ങളുടെ അളവില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്ക് കാരണം.
അതേസമയം മൂക്കുത്തി, കമ്മല്‍, മോതിരം, സ്വര്‍ണനാണയം തുടങ്ങിയ ഇനങ്ങളുടെ കച്ചവടം ഇക്കുറി കൂടുമെന്നാണ് കരുതുന്നതെന്നും ഇത് വിറ്റുവരവ് കൂടാന്‍ സഹായിക്കുമെന്നും വിതരണക്കാര്‍ വിലയിരുത്തുന്നു.