കോവിഡ് രണ്ടാം തരംഗം പ്രതീക്ഷകള്‍ തകര്‍ത്തു: വസ്ത്ര വിപണിക്ക് കനത്ത നഷ്ടം
വിഷു, ഓണം, പെരുന്നാള്‍ തുടങ്ങിയ സീസണ്‍ പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്ന മലബാറിലെ വസ്ത്ര വിപണന മേഖല കനത്ത നഷ്ടമാണ് നേരിടുന്നത്
'കോവിഡ് പ്രതിസന്ധിയകന്നുവെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബിസിനസില്‍ കൂടുതല്‍ നിക്ഷേപിക്കുകയും ചെയ്തു.. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കനത്ത നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്'... കോഴിക്കോട് സ്‌പെയ്‌സ് മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വിപണന രംഗത്തെ മൊത്തക്കച്ചവടക്കാരായ ബോ സൈക്കിള്‍ ഉടമ സമീറിന്റെ വാക്കുകളാണിത്. കോവിഡ് രണ്ടാം തംരംഗം എല്ലാ മേഖലയെയും തകര്‍ത്തെറിഞ്ഞത് പോലെ സംസ്ഥാനത്തെ വസ്ത്ര വിപണിയും കനത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കൂടുതലായും സീസണല്‍ വ്യാപാരം നടക്കുന്ന വസ്ത്ര വിപണിക്ക് വേനലവധി പുതിയ സീസണിന്റെ തുടക്കകാലമാണ്. പെരുന്നാളില്‍ നല്ല വരുമാനം പ്രതീക്ഷിച്ചിരുന്ന മലബാറിലെ വസ്ത്ര വിപണിക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് സമീര്‍ പറയുന്നു.
'വേനലവധിയുടെ തുടക്കത്തില്‍ നല്ല കച്ചവടം നടന്നിട്ടുണ്ട്. കല്ല്യാണങ്ങളും മറ്റ് ചടങ്ങുകളും കൂടുതലായി നടന്നതിനാല്‍ നല്ല വില്‍പ്പന മൊത്തവിതരണത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ മാസത്തിന്റെ തുടക്കത്തോടെ സ്ഥിതിഗതികള്‍ മാറി. സാധാരണഗതിയില്‍ പ്രതിമാസം 50-60 ലക്ഷത്തിന്റെ വില്‍പ്പനയാണ് വസ്ത്ര രംഗത്തെ ചെറുകിട മൊത്തവിതരണക്കാര്‍ക്കുണ്ടാകാറുള്ളത്. ഇപ്പോള്‍ 10-20 ലക്ഷം വരെയായി കുറഞ്ഞ സ്ഥിതിയാണ്. 30-40 ലക്ഷത്തിന്റെ നഷ്ടമാണ് ചെറുകിട വസ്ത്ര വിതരണക്കാര്‍ക്കുണ്ടായിട്ടുള്ളത്്' സമീര്‍ വസ്ത്ര വിപണിയിലെ നഷ്ടം ചൂണ്ടിക്കാട്ടുന്നു.
വസ്ത്ര വിപണി ആഴ്ചകള്‍ തോറും ഫാഷനനുസരിച്ച് മാറിമറിയുമെന്നതിനാല്‍ ഇപ്പോഴുള്ള സ്‌റ്റോക്ക് പൂര്‍ണമായും വിറ്റഴിക്കാനാവില്ല. മോഡല്‍ മാറിക്കഴിഞ്ഞാല്‍ അത്രയും സ്‌റ്റോക്കിന്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടിവരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളമായി വസ്ത്ര വിപണി മോശം സ്ഥിതിയിലൂടെയാണ് നീങ്ങുന്നത്. പെരുന്നാള്‍ വിപണിയിലൂടെ ഇതിനൊരു മാറ്റം വരുമെന്നായിരുന്നു കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ വസ്ത്ര വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ സീസണുകളിലാണ് മലബാറിലെ വസ്ത്ര വിപണിയില്‍ 90 ശതമാനം കച്ചവടവും നടക്കുന്നത്. ഇപ്രാവശ്യം വിഷുവിനും ചെറിയ പെരുന്നാളിലും വിപണിയില്ലാത്തതിനാല്‍ വാര്‍ഷിക വരുമാനം പോലും തീരെയില്ലാത്ത സ്ഥിതിയാണെന്ന് സമീര്‍ പറഞ്ഞു.
ഇളവുകള്‍ നല്‍കിയാലും ലാഭമില്ല
നിലവിലെ സാഹചര്യത്തില്‍ വസ്ത്ര വിപണിക്ക് ഇളവുകള്‍ നല്‍കിയാലും നഷ്ടം നികത്താനാവില്ലെന്നാണ് വസ്ത്ര വ്യാപാരികള്‍ പറയുന്നത്. ഒന്നോ രണ്ടോ ഉപഭോക്താക്കളെ മാത്രം കേന്ദ്രീകരിച്ച് ഒരു വസ്ത്ര വിപണനശാലക്ക് പ്രവര്‍ത്തിക്കാനാവില്ല. എങ്കില്‍പോലും നിയന്ത്രണങ്ങളിലും പിടിച്ചുനില്‍ക്കാന്‍ കടയുടമകള്‍ നിര്‍ബന്ധിതരാവുകയാണ്.
മറ്റ് മേഖലയിലില്ലാത്ത നിയന്ത്രണങ്ങളാണ് വസ്ത്ര വിപണി നേരിടുന്നത്. അതിനാല്‍ തന്നെ 90 ശതമാനം വസ്ത്ര വിപണനശാലകളും നിലനില്‍പ്പ് പോലും സാധ്യമല്ലാത്ത രീതിയിലാണ് മുന്നോട്ടുപോകുന്നത്.
വാടകയും കനത്ത ബാധ്യത
വസ്ത്ര വിപണനശാലകള്‍ക്ക് കനത്ത വാടകയും ചെലവുകളും വരുമെന്നിതാല്‍ തന്നെ ലോക്ക്ഡൗണും കനത്ത ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് ഒരു മാസത്തെ വാടകയിനത്തില്‍ ഉടമ ഇളവ് നല്‍കിയതായി സമീര്‍ പറയുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു ഇളവ് ലഭിച്ചിട്ടില്ല. നിലവില്‍ വാടക വെട്ടിക്കുറയ്ക്കാന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല സമീപനമല്ല ലഭിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളിലുള്ളതിന്റെ നാലിലൊന്ന് കച്ചവടം മാത്രമാണ് പ്രതിസന്ധികാലത്ത് നടക്കുന്നത്. അതിനാല്‍ ലാഭം നോക്കാതെ നിലനില്‍പ്പിനായാണ് വസ്ത്ര വ്യാപാരികള്‍ ശ്രമിക്കുന്നത്.