സ്വര്‍ണത്തിന് വീണ്ടും ചാഞ്ചാട്ടം, ഇന്ന് വില കുറഞ്ഞു, അനങ്ങാതെ വെള്ളി
ഡോളറിന്റെ മുന്നേറ്റത്തില്‍ തട്ടി രാജ്യാന്തര സ്വര്‍ണവില താഴേക്ക്
ആഭരണപ്രിയര്‍ക്കും കച്ചവടക്കാര്‍ക്കും നേരിയ ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് അല്‍പം താഴേക്കിറങ്ങി. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,625 രൂപയായി. 80 രൂപ താഴ്ന്ന് 53,000 രൂപയാണ് പവന്‍വില.
കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി വില വര്‍ധിച്ചശേഷമാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ താഴ്ന്ന് 5,515 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു.
വിലക്കുറവ് നേട്ടമാക്കാം
വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യതകള്‍ക്കോ അക്ഷയ തൃതീയയ്‌ക്കോ സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. മുന്‍കൂര്‍ ബുക്കിംഗ് ആണ് ഗുണം ചെയ്യുക.
സ്വര്‍ണവില ഏതാനും നാളുകളായി കനത്ത ചാഞ്ചാട്ടത്തിലായതിനാല്‍ മുന്‍കൂര്‍ ബുക്കിംഗ് പ്രയോജനപ്പെടുത്തി കുറഞ്ഞവിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം. അതായത്, ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ ഏറ്റവും കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം.
ഡോളറില്‍ തട്ടി താഴേക്ക്
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ഡോളര്‍ മുന്നേറുന്നതാണ് സ്വര്‍ണത്തിന് ക്ഷീണമാകുന്നത്.
രാജ്യാന്തരവില ഔണ്‍സിന് 2,329 ഡോളര്‍ വരെ ഉയര്‍ന്നശേഷം 2,314 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലെ വില കുറയാനും സഹായിച്ചു. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.13 ശതമാനം ഉയര്‍ന്ന് 105.55ല്‍ എത്തിയത് സ്വര്‍ണവിലയെ താഴേക്ക് നയിച്ചു.
പലിശനിരക്കിന്റെ ദിശ എന്താകുമെന്നത് സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് അംഗങ്ങള്‍ സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. കഴിഞ്ഞദിവസം സംസാരിച്ച ഒരംഗമായ നീല്‍ കാഷ്‌കാരി പറഞ്ഞത് പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയാണെന്നും പലിശനയം കൂടുതല്‍ കഠിനമാക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നുമാണ്. ഇതോടെ, ഡോളര്‍ ഉയരുകയായിരുന്നു.