സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു, പണിക്കൂലിയും നികുതിയുമടക്കം ഇന്നത്തെ വില ഇങ്ങനെ

അക്ഷയ തൃതീയ നാളെ, വെള്ളിവിലയില്‍ മാറ്റമില്ല

Update: 2024-05-09 05:00 GMT

Image : Canva

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. അക്ഷയ തൃതീയയ്ക്ക് (May 10) മുന്നോടിയായി തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞുവെന്നത് ആഭരണപ്രേമികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസമാണ്.
ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,615 രൂപയായി. 80 രൂപ താഴ്ന്ന് 52,920 രൂപയാണ് പവന്‍ വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,510 രൂപയിലെത്തി. വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു.
അക്ഷയ തൃതീയ നാളെ
ഇക്കുറി അക്ഷയ തൃതീയ നാളെയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണവില കുത്തനെ കൂടി നില്‍ക്കുന്നുവെന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങളായി വില നേരിയ തോതിലെങ്കിലും താഴ്ന്നുവെന്നതും അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളും ആനുകൂല്യങ്ങളും സമ്മാനപദ്ധതികളുമെല്ലാം ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇന്നലെയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
വിലക്കുറവിന് പിന്നില്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ചലനങ്ങളും മദ്ധ്യേഷ്യയില്‍ സംഘര്‍ഷഭീതിക്ക് അയവുവന്നതുമാണ് നിലവില്‍ സ്വര്‍ണവിലയെ താഴേക്ക് നയിക്കുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാവില്ലെന്ന് വിലയിരുത്തലുകളുണ്ട്.
ഇതോടെ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) കൂടുന്നത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് വില കുറയാന്‍ കാരണം.
ഇന്നലെ ഔണ്‍സിന് 2,314 ഡോളറായിരുന്ന രാജ്യാന്തരവില പിന്നീട് ഒരുവേള 2,310 ഡോളറിന് താഴെയെത്തിയതും ഇന്ത്യയിലെ ആഭ്യന്തരവില കുറയാന്‍ സഹായിച്ചു. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ രാജ്യാന്തരവിപണിയില്‍ നിന്ന് സ്വര്‍ണം വാങ്ങാനുള്ള ചെലവും കൂടും. ഡോളറിലാണ് വ്യാപാരമെന്നതാണ് കാരണം. ഇതും ഡിമാന്‍ഡിനെ ബാധിക്കുകയും വില കുറയാന്‍ വഴിയൊരുക്കുകയും ചെയ്തു.
ഇന്നൊരു പവന് നല്‍കേണ്ട വില
ഇന്ന് പവന്‍വില 52,920 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID Charge), പണിക്കൂലി എന്നിവ ചേരുമ്പോഴേ ഒരു പവന്‍ ആഭരണത്തിന്റെ വിലയാകൂ. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യസ്തമാണ്.
മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍, നികുതികളുമടക്കം ഇന്ന് ഏറ്റവും കുറഞ്ഞത് 57,290 രൂപ കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.
Tags:    

Similar News