ഡോളറില്‍ തട്ടി സ്വര്‍ണത്തിന് ചാഞ്ചാട്ടം; കീഴ്‌മേല്‍ മറിഞ്ഞ് വില, നികുതിയടക്കം ഇന്ന് വില ഇങ്ങനെ

വെള്ളിവിലയില്‍ മാറ്റമില്ല

Update:2024-05-17 10:02 IST

Image : created with Microsoft Copilot

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,760 രൂപയായി. 200 രൂപ താഴ്ന്ന് 54,080 രൂപയാണ് പവന്‍വില. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു.
ഇന്ന് വില അല്പം കുറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രില്‍ 19ന് കുറിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയായ ഗ്രാമിന് 6,815 രൂപയില്‍ നിന്നും പവന് 54,520 രൂപയില്‍ നിന്നും ചെറിയ വ്യത്യാസം മാത്രമേ ഇപ്പോഴത്തെ വിലയ്ക്കുമുള്ളൂ.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,630 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 92 രൂപ.
ഡോളറിന്റെ കുതിപ്പും ലാഭമെടുപ്പും
രാജ്യാന്തര സ്വര്‍ണവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ വര്‍ധന മുതലെടുത്ത് നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയതും ഡോളറിന്റെ തിരിച്ചുകയറ്റവും ഇന്ന് വില കുറയാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇന്നലെ ഔണ്‍സിന് 2,400 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില ഇന്ന് 2,377 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.15 ശതമാനം ഉയര്‍ന്ന് 104.62ല്‍ എത്തിയത് സ്വര്‍ണവിലയെ സ്വാധീനിച്ചു. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള ചെലവ് കൂടും. ഇത് ഡിമാന്‍ഡിനെ ബാധിക്കും; വിലയും താഴും.
ഇന്നൊരു പവന്റെ വില ഇങ്ങനെ
നികുതിയും ഹോള്‍മാര്‍ക്ക് ചാര്‍ജും പണിക്കൂലിയുമടക്കം ഇന്നലെ ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ വില 58,760 രൂപയായിരുന്നു.
മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കൊടുക്കേണ്ട മിനിമം വില 58,545 രൂപയാണ്.
Tags:    

Similar News