സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ ഇടിവ്; വെള്ളിക്കും വിലക്കുറവ്, നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
രാജ്യാന്തര സ്വര്‍ണവില 2,300 ഡോളറിന് താഴെയായി
ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വലിയ ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 6,555 രൂപയായി. പവന് 800 രൂപ താഴ്ന്ന് വില 52,440 രൂപ.
ഏപ്രില്‍ 19ന് കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം കുറിച്ചശേഷം പിന്നീട് കുറയുന്ന കാഴ്ചയാണ് കണ്ടത്. അന്ന് വില ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 2,080 രൂപ; ഗ്രാമിന് 260 രൂപയും കുറഞ്ഞു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,465 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 86 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വെള്ളി പാത്രങ്ങള്‍, വിഗ്രഹങ്ങള്‍, പാദസരങ്ങള്‍, അരഞ്ഞാണം, ചെയിന്‍ തുടങ്ങിയവ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഇന്നത്തെ ഈ വിലയിടിവ് ആശ്വാസമാണ്.
എന്തുകൊണ്ട് ഇന്ന് വിലയിടിഞ്ഞു?
രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായകമായത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,389 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,282 ഡോളറിൽ. ഒരുവേള വില 2,274 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് ധനനയം പ്രഖ്യാപിക്കുന്നുണ്ട്. അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറയ്ക്കില്ലെന്ന സൂചനകള്‍ ശക്തമാണ്. ഇതോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്രങ്ങളുടെ ആദായനിരക്ക്) ലോകത്തെ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സും ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്ന് പണംപിന്‍വലിച്ച് കടപ്പത്രങ്ങളിലേക്ക് മാറ്റുകയാണ്. ഡോളര്‍ ഇന്‍ഡെക്‌സ് നിലവില്‍ 0.20 ശതമാനം നേട്ടവുമായി 106.43 എന്ന ശക്തമായ നിലയിലും 10-വര്‍ഷ ബോണ്ട് യീല്‍ഡ് 4.667 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലുമാണുള്ളത്.
സ്വര്‍ണവില ഇനി എങ്ങോട്ട്?
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ രാജ്യാന്തരവില ഔണ്‍സിന് 2,260 ഡോളര്‍ എന്ന പ്രതിരോധ നിരക്കുവരെ താഴുമെന്നാണ് നിരീക്ഷകരുടെ വാദം. അങ്ങനെയെങ്കിലും കേരളത്തിലും വരുംദിവസങ്ങളില്‍ ഇടിവ് തുടരും.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം പോലെയുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞതും സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തുന്നുണ്ട്. മറ്റ് അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടായില്ലെങ്കില്‍ വില താഴേക്ക് നീങ്ങാന്‍ തന്നെയാണ് സാധ്യതയെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു.
ഒരു പവന്‍ ആഭരണത്തിന് ഇന്നെന്ത് നല്‍കണം?
സ്വര്‍ണവില കേരളത്തില്‍ സര്‍വകാല ഉയരത്തിലായിരുന്ന ഏപ്രില്‍ 19ന് മിനിമം 59,000 രൂപ കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകുമായിരുന്നുള്ളൂ. നികുതികളും പണിക്കൂലിയും ചേരുന്ന തുകയാണിത്.
മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി.എസ്.ടി. പുറമേ 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസുമുണ്ട് (HUID Charge). ജുവലറികള്‍ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ഈടാക്കും. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി വ്യത്യസ്തമാണ്. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് ഇത് 20-30 ശതമാനമൊക്കെയുണ്ടാകും. നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ ഇന്ന് ഏറ്റവും കുറഞ്ഞത് 56,770 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കൂടെപ്പോരൂ.
ബുക്ക് ചെയ്യാം, നേട്ടം കൊയ്യാം
സ്വര്‍ണാഭരണം മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ മിക്ക ജുവലറികളും നിലവില്‍ അവസരം നല്‍കുന്നുണ്ട്. ഒരു മാസം മുതല്‍ ആറുമാസം വരെയുമൊക്കെ കാലയളവില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാകും. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ നിശ്ചിതതുക മുന്‍കൂര്‍ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്.
വിവാഹ പാര്‍ട്ടികള്‍, അക്ഷയ തൃതീയയ്ക്ക് സ്വര്‍ണാഭരണം വാങ്ങാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് സുവര്‍ണാവസരമാണ് മുന്‍കൂര്‍ ബുക്കിംഗ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, സ്വര്‍ണാഭരണം സ്വന്തമാക്കുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ ഏറ്റവും കുറഞ്ഞവില, ആ വിലയ്ക്ക് ആഭരങ്ങള്‍ നേടാമെന്നതാണ് ബുക്കിംഗ് കൊണ്ടുള്ള നേട്ടം. അതായത്, കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണം കൈയിലെത്തും.