വീണ്ടും കത്തിക്കയറി സ്വര്‍ണം പുത്തന്‍ റെക്കോഡില്‍; ഇന്നെത്ര രൂപ കൊടുത്താല്‍ പവന്‍ കൂടെപ്പോരും?

കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോഡ് ഉയരത്തില്‍; അനങ്ങാതെ വെള്ളിവില

Update:2024-03-19 11:06 IST

Image : Canva

ആഭരണ പ്രിയരെയും വിവാഹം ഉള്‍പ്പെടെ ആഘോഷ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയാണ് ഗ്രാം വില. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640 രൂപയിലുമെത്തി.
കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്.
കുതിപ്പിന്റെ ഒരുമാസം
കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന പവന് 3,120 രൂപയാണ്. ഗ്രാമിന് 390 രൂപയും ഉയര്‍ന്നു. അനുദിനം റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ മാസത്തിന്റെ തുടക്കംമുതലും കണ്ടത്. ഫെബ്രുവരി 15ന് 45,520 രൂപ മാത്രമായിരുന്നു പവന്‍വില. ഗ്രാം വില അന്ന് 5,830 രൂപയുമായിരുന്നു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,050 രൂപയായി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 80 രൂപ.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്ത് നല്‍കണം?
പവന് ഇന്നത്തെ വില 48,640 രൂപയാണെങ്കിലും ആ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാവില്ല. ചില ജുവലറികള്‍ പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 48,640 രൂപ മതിയാവില്ല ഒരു പവന്‍ ആഭരണം വാങ്ങാന്‍.
ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് (HUID) ഫീസും കൊടുക്കണം. ഒട്ടുമിക്ക ജുവലറികളും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ഈടാക്കാറുണ്ട്. അങ്ങനെയെങ്കില്‍, ഇന്ന് ഏറ്റവും കുറഞ്ഞത് 52,600 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത്, ഏതാണ്ട് 4,000 രൂപയെങ്കിലും അധികം കൈയില്‍ കരുതണം.
ചില ജുവലറികള്‍ ആഭരണത്തിന്റെ രൂപകല്‍പനയ്ക്ക് ആനുപാതികമായി 20 ശതമാനത്തിന് മുകളിലും പണിക്കൂലി വാങ്ങാറുണ്ട്. അത്തരം ആഭരണങ്ങള്‍ക്ക് വില ഏറെ കൂടുതലുമായിരിക്കും.
എന്തുകൊണ്ട് വീണ്ടും സ്വര്‍ണവില കുതിക്കുന്നു?
ലോകത്തെ ഒന്നാംനമ്പര്‍ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക പണനയ നിര്‍ണയയോഗം ഉടന്‍ നടക്കാനിരിക്കുകയാണ്. അടിസ്ഥാന പലിശനിരക്കുകള്‍ ഉടന്‍ കുറയ്ക്കാന്‍ സാദ്ധ്യതയില്ലെങ്കിലും എപ്പോള്‍ മുതല്‍ കുറച്ചുതുടങ്ങുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് നല്‍കിയേക്കും.
അടിസ്ഥാന പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം, സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായനിരക്ക് (Bond Yield) എന്നിവയെ താഴേക്ക് വീഴ്ത്തും. ഈ ഭീതിമൂലം സുരക്ഷിത നിക്ഷേപമെന്നോണം, നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ്, സ്വര്‍ണവില കൂടാനിടയാക്കുന്നത്. ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിലയിരുത്തലുകള്‍.
രാജ്യാന്തര വിലയുടെ ചാഞ്ചാട്ടം
ഇന്നലെ ഔണ്‍സിന് 2,136 ഡോളര്‍വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് ഒരുവേള 2,160 ഡോളര്‍ ഭേദിച്ചത് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചു. ഇപ്പോള്‍ വില 2,159 ഡോളറാണ്. അമേരിക്ക പലിശനിരക്ക് താഴ്ത്താന്‍ നടപടിയെടുത്താല്‍ ഈ വര്‍ഷാന്ത്യത്തോടെ വില 2,300 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷക പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 50,000 രൂപ ഭേദിച്ച് കുതിക്കും.
Tags:    

Similar News