അമേരിക്കൻ ബോണ്ടിൽ തെന്നി സ്വര്‍ണവില താഴേക്ക്; നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
രാജ്യാന്തരവിലയില്‍ കനത്ത ഇടിവ്, വെള്ളിവിലയും കുറഞ്ഞു
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമംകുറിച്ച് സ്വര്‍ണവില ഇന്ന് മികച്ചതോതില്‍ കുറഞ്ഞു. കേരളത്തില്‍ ഗ്രാം വില 40 രൂപ കുറഞ്ഞ് 6,670 രൂപയായി. 320 രൂപ താഴ്ന്ന് 53,360 രൂപയാണ് പവന്‍വില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയശേഷമാണ് ഇന്ന് വില താഴേക്കിറങ്ങിയത്. ഈമാസം 20ന് കുറിച്ച പവന് 6,890 രൂപയും ഗ്രാമിന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയും കുറവാണ്.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞ (ലൈറ്റ്‌വെയ്റ്റ്) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 30 രൂപ താഴ്ന്ന് 5,540 രൂപയിലെത്തി.
'സെഞ്ച്വറിയും' കടന്ന് കഴിഞ്ഞദിവസം ഉയര്‍ന്ന വെള്ളിവില ഗ്രാമിന് ഇന്ന് ഒരു രൂപ കുറഞ്ഞ് 100 രൂപയായി.
എന്തുകൊണ്ട് വില താഴ്ന്നു?
അമേരിക്കയുടെ മാര്‍ച്ചുപാദ ജി.ഡി.പി വളര്‍ച്ചയുടെ പരിഷ്‌കരിച്ച കണക്ക് ഇന്ന് ഇന്ത്യന്‍ സമയം രാത്രിവൈകി പുറത്തുവരും. രാജ്യത്തെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് നാളെയും അറിയാം.
രണ്ടും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തെ സ്വാധീനിക്കുന്ന കണക്കുകളാണ്. പണപ്പെരുപ്പം കൂടിയേക്കാമെന്ന പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കില്‍ കേന്ദ്രബാങ്ക് പലിശഭാരം കുറയ്ക്കാന്‍ വൈകും.
ജൂണ്‍ മുതല്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നായിരുന്നു ആദ്യ പ്രതീക്ഷകള്‍. പണപ്പെരുപ്പം കൂടിയതോടെ ഇനി സെപ്തംബറോടെയോ അതിനുശേഷമോ മാത്രമേ പലിശ കുറയ്ക്കുന്നതിനെപ്പറ്റി അമേരിക്ക ചിന്തിക്കൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍.
പലിശനിരക്ക് ഉയര്‍ന്നതലത്തില്‍ തുടരുന്നത് സ്വര്‍ണത്തിന് ക്ഷീണമാണ്. കാരണം, ഡോളറിന്റെ മൂല്യം കൂടും. അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) ഉയരത്തില്‍ തുടരും.
നിലവില്‍ ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.49 ശതമാനം കുതിച്ച് 105.13ല്‍ എത്തിയിട്ടുണ്ട്. 10-വര്‍ഷ ട്രഷറി യീല്‍ഡാകട്ടെ 4.619 ശതമാനമെന്ന ശക്തമായ നിലയിലുമാണ്.
അതായത്, ബോണ്ടില്‍ നിന്ന് മികച്ച നേട്ടം (റിട്ടേണ്‍) കിട്ടുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ബോണ്ടുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും ഡോളറിന്റെ മൂല്യവര്‍ധനയും സ്വര്‍ണവില താഴേക്കിറങ്ങാന്‍ കളമൊരുക്കുകയായിരുന്നു.
രാജ്യാന്തരവിലയില്‍ ഇടിവ്
ഇന്നലെ ഒരുവേള ഔണ്‍സിന് 2,360 ഡോളറിലേക്ക് ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോഴുള്ളത് 2,335 ഡോളറിലാണ്. ഇന്ത്യയിലും വില താഴാന്‍ ഇത് വഴിയൊരുക്കി.
ഒരു പവന് ഇന്നെന്ത് നല്‍കണം?
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ ഇന്നലെ നല്‍കേണ്ടിയിരുന്നത് ഒരു പവന്‍ ആഭരണത്തിന് 58,110 രൂപയായിരുന്നു.
ഇന്ന് വില കുറഞ്ഞതോടെ 57,800 രൂപ കൊടുത്താല്‍ ഒരു പവന്‍ ആഭരണം കിട്ടും. അതായത്, ഇന്നലത്തെ അപേക്ഷിച്ച് 310 രൂപയുടെ കുറവ്. 5 പവന്‍ ആഭരണം വാങ്ങുന്നയാള്‍ക്ക് 1,500 രൂപയുടെയെങ്കിലും ലാഭം ഇന്നലത്തെ വിലയേക്കാള്‍ ഇന്ന് ലഭിക്കും.
അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.