യുദ്ധത്തില്‍ 'തീപിടിച്ച്' സ്വര്‍ണവില; കേരളത്തില്‍ പവന്‍ റെക്കോഡ് ഉയരത്തില്‍, നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല, സ്വര്‍ണത്തിന്റെ വാങ്ങല്‍വില പുത്തന്‍ നാഴികക്കല്ലില്‍
അമേരിക്കയും ബ്രിട്ടനും വിലക്കിയിട്ടും ഇറാനെതിരെ ഇസ്രായേല്‍ തിരിച്ചടി തുടങ്ങിയതോടെ രാജ്യാന്തര സ്വര്‍ണവില ഇന്ന് കുതിച്ചുയര്‍ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വില പുതിയ റെക്കോഡിലേക്ക് കത്തിക്കയറി. രാജ്യാന്തരവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതും ഓഹരി വിപണികളുടെ വീഴ്ചയുമാണ് സ്വര്‍ണവിലക്കുതിപ്പിന് വളമായത്. ഡോളറിന് വില കൂടുമ്പോള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ പണം മടക്കണം. ഇത്, ആഭ്യന്തരവില കൂടാനിടയാക്കും.
കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് ഇന്ന് 50 രൂപ വര്‍ധിച്ച് 6,815 രൂപയായി. ചരിത്രത്തിലാദ്യമായാണ് ഗ്രാം വില 6,800 രൂപ ഭേദിക്കുന്നത്. പവന്‍വില 400 രൂപ കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡായ 54,520 രൂപയിലുമെത്തി.
ഈ മാസം 16ന് (April 16) കുറിച്ച ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയും ഇന്ന് പഴങ്കഥയായി. ഈ മാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 3,840 രൂപയാണ്. ഗ്രാമിന് 480 രൂപയും ഉയര്‍ന്നു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് പുതിയ ഉയരമായ 5,710 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളിവിലയില്‍ മാറ്റമില്ല. ഇന്നും ഗ്രാമിന് 90 രൂപയിലാണ് വ്യാപാരം.
കേരളത്തില്‍ വെള്ളിയാഭരണങ്ങള്‍ക്ക് പൊതുവേ ഡിമാന്‍ഡ് കൂടിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, താരതമ്യേന കുറഞ്ഞവിലയുള്ള 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ക്കുന്ന ആഭരണങ്ങള്‍ക്ക് മെല്ലെ ഡിമാന്‍ഡ് കൂടുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്ത് നല്‍കണം?
ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഓഹരി, കടപ്പത്ര വിപണികള്‍ നഷ്ടത്തിലേക്ക് വീഴാറുണ്ട്. ഈ സാഹചര്യത്തില്‍ നിക്ഷേപങ്ങളുടെ 'സുരക്ഷിത താവളം' ആയി മാറുന്നത് സ്വര്‍ണമാണ്. പിന്നീട്, പ്രതിസന്ധി അകലുമ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം തിരിച്ചെടുത്ത് തിരികെ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും മാറ്റും.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
നിലവില്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് പ്രിയമേറുന്നതാണ് വിലയെയും മേലോട്ട് നയിക്കുന്നത്. കേരളത്തില്‍ പവന്‍വില ഇന്ന് 54,520 രൂപയായി. ഈ തുകയുമായി ജുവലറിയില്‍ പോയാല്‍ ഒരു പവന്റെ സ്വര്‍ണാഭരണം കിട്ടില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 53.1 രൂപ എച്ച്.യു.ഐ.ഡി ഫീസും (45 രൂപയും 18 ശതമാനം ജി.എസ്.ടിയും) നല്‍കണം.
ഇതിന് പുറമേ പണിക്കൂലിയും. ഓരോ സ്വര്‍ണക്കടയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയും വ്യത്യസ്തമായിരിക്കും. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഇന്ന് മിനിമം 59,000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.