ഐകിയ ഫര്‍ണിച്ചര്‍ ശൃംഖല കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക്
അടുത്ത വര്‍ഷത്തോടെ ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്തും
ചെലവ് കുറഞ്ഞ ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്ന ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ നിർമാതാക്കളായ ഐകിയ(IKEA) പ്രശസ്തമാണ്. പരന്ന, കനം കുറഞ്ഞ പായ്ക്കുകളിലാണ് ഐകിയ ഫര്‍ണിച്ചറുകളെത്തുന്നത്. ഇതിനാല്‍ തന്നെ ഇവയ്ക്ക് ചരക്കു കൂലിയും കുറവാണ്. ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ എത്തുന്നത് എന്നതിനാല്‍ കൊണ്ടു നടക്കാനും ഫിറ്റ് ചെയ്യാനും എളുപ്പവുമാണ്. ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി പ്രവർത്തിക്കുന്ന കമ്പനി അടുത്ത ഒരു വര്‍ഷത്തോടെ ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്.
വിപുലീകരണത്തിന്റെ ഭാഗമായി ഡല്‍ഹിയിൽ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന പ്രാദേശിക ഡെലിവറി ചാനൽ വിപുലീകരണത്തിനായി ശ്രമിക്കുന്നതായും ഐകിയ-ഇന്ത്യ സി.ഇ.ഒ സൂസന്‍ പള്‍വറര്‍ പറഞ്ഞു.
വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനി നില്‍ക്കുന്നതെന്നും അതിന്റെ ഭാഗമായി കമ്പനി പൂനെ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറന്ന് ഫര്‍ണിച്ചര്‍ നെറ്റ്‌വര്‍ക്ക് വിപുലമാക്കുമെന്നും അവര്‍ വ്യക്തമാക്കി. കൂടുതൽ പ്രദേശങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.
2018 ഓഗസ്റ്റ് 9ന് ഹൈദരാബാദില്‍ ആദ്യത്തെ സ്റ്റോര്‍ തുറന്ന് അഞ്ച് വര്‍ഷത്തെ റീറ്റെയ്ൽ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഐകിയയ്ക്ക് ഹൈദരാബാദ്, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സ്റ്റോറുകളുണ്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, പൂനെ എന്നിവിടങ്ങളില്‍ നിലവില്‍ ഓണ്‍ലൈന്‍ സാന്നിധ്യമുണ്ട്.
ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നതായും സി.ഇ.ഒ സൂസന്‍ പള്‍വറര്‍ പറഞ്ഞു. വരാൻ പോകുന്ന അഞ്ച് സ്റ്റോറുകള്‍ സജ്ജമാക്കുന്നതിനായി 10,500 കോടി രൂപ ചെലവഴിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും അവര്‍ വിശദമാക്കി.
നിക്ഷേപം 10,500 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും പള്‍വറര്‍ സൂചന നല്‍കി. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഐകിയ ഇന്ത്യയുടെ വില്‍പ്പന വരുമാനം 77.07 ശതമാനം ഉയര്‍ന്ന് 1,076.1 കോടി രൂപയായി.
ഐകിയയ്ക്ക് നേരിട്ടുള്ള ഡെലിവറി ഇല്ലെങ്കിലും പല 'ഐകിയ' ഉല്‍പ്പന്നങ്ങളും ആമസോണ്‍ വഴി കേരളത്തിലും ലഭ്യമാണ്.