250 വര്‍ഷങ്ങളിലായി നിലനില്‍ക്കുന്ന ആശയം, ഇത് ഇന്നും ബിസിനസിനെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്തുന്നത് എങ്ങനെ?

ബിസിനസ് തുടങ്ങിയ ശേഷം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട തത്വങ്ങള്‍

Update:2024-09-15 12:45 IST

Image Courtesy: Canva

ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ഉണ്ടായ ആദ്യത്തെ ബിസിനസ് തത്വം തൊഴില്‍ വിഭജനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആഡം സ്മിത്ത് 1776ല്‍ പ്രസിദ്ധീകരിച്ച 'An Inquiry into the Nature and Causes of the Wealth of Nations' എന്ന ഗ്രന്ഥത്തില്‍ പിന്നുകള്‍ നിര്‍മിക്കുന്ന ജോലിയില്‍ തൊഴില്‍ വിഭജനം വഴി ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടായ അത്ഭുതകരമായ വര്‍ധനയെ കുറിച്ച് വിവരിക്കുന്നു.
ഒരാള്‍ തന്റെ വൈദഗ്ധ്യമുപയോഗിച്ച് മുഴുവന്‍ പിന്നും സ്വന്തമായി നിര്‍മിക്കുകയാണെങ്കില്‍ ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ പ്രതിദിനം 20 പിന്‍ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ചിത്രം 1

 

എന്നാല്‍ ഒരാള്‍ പിന്‍ നിര്‍മാണത്തിനാവശ്യമായ വയര്‍ എടുക്കുകയും മറ്റൊരാള്‍ അത് നിവര്‍ത്തുകയും മൂന്നാമത്തെയാള്‍ വയര്‍ മുറിക്കുകയും നാലാമന്‍ മുന കൂര്‍പ്പിക്കുകയും ചെയ്യുന്ന തരത്തില്‍ പല തൊഴിലാളികള്‍ക്കായി തൊഴില്‍ വിഭജിച്ചു നല്‍കുകയാണെങ്കില്‍, 10 തൊഴിലാളികളെ കൊണ്ട് പ്രതിദിനം 48,000 പിന്നുകള്‍ നിര്‍മിക്കാന്‍ കഴിയും. അതായത് ഒരു തൊഴിലാളി പ്രതിദിനം 4,800 പിന്‍ നിര്‍മിക്കുന്നതിന് തുല്യം.

1800 കളിലെ ഫാക്ടറി

 

ഇവിടെ, പിന്‍ നിര്‍മാണത്തിന്റെ കാര്യമെടുത്താല്‍ തൊഴില്‍ വിഭജനം നടത്തിയപ്പോള്‍ ഓരോ തൊഴിലാളിയുടെയും ഉല്‍പ്പാദനക്ഷമത 20 പിന്നുകള്‍ എന്നതില്‍ നിന്ന് പ്രതിദിനം 4,800 എന്നായി ഉയര്‍ന്നു. അതായത്, ഉല്‍പ്പാദനക്ഷമതയില്‍ 240 മടങ്ങ് എന്ന അതിശയിപ്പിക്കുന്ന വര്‍ധന.
കഴിഞ്ഞ 250 വര്‍ഷങ്ങളിലായി ഉണ്ടായ സാമ്പത്തിക അഭിവൃദ്ധിക്ക് ചാലകമായി പ്രവര്‍ത്തിച്ചത് തൊഴില്‍ വിഭജനം എന്ന ആശയമാണ്. മിക്ക ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദന ചെലവ് ഇതുവഴി ഗണ്യമായി കുറഞ്ഞു. മാത്രമല്ല സെമി സ്‌കില്‍ഡ് ആയ വലിയൊരു വിഭാഗത്തിന് മികച്ച വേതനം ലഭിക്കുന്ന തൊഴില്‍ ലഭ്യമാകാനും ഇടയാക്കി.
ബിസിനസിലെ ആദ്യ തത്വത്തിന് അടിസ്ഥാനം തൊഴില്‍ വിഭജനം എന്ന ആശയമാണ്. അത് സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഒരു ബിസിനസ് വളരുന്നതിനനുസരിച്ച് മാനേജ്‌മെന്റ് എളുപ്പത്തിലാക്കാനും മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയ്ക്കും വേണ്ടി വിവിധ ചെറു ഭാഗങ്ങളായി തിരിക്കുകയും ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ക്രമീകരിക്കുകയും ചെയ്യുന്നു.
ആധുനിക യുഗത്തില്‍ ബിസിനസിലുളള വ്യത്യസ്ത വിഭാഗങ്ങള്‍

 

ചില മാനേജ്‌മെന്റ് വിദഗ്ധര്‍ സ്ഥാപന ഘടനയെ ലാഭകേന്ദ്രം (Profit Centres), എസ്.ബി.യുകള്‍ (സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ്) എന്നിങ്ങനെ പുനഃക്രമീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ടുവെങ്കിലും മിനിമം വലുപ്പത്തില്‍ കൂടുതലുള്ള ഏതൊരു ബിസിനസിന്റെയും അടിസ്ഥാന ഘടന ഇപ്പോഴും തൊഴില്‍ വിഭജനം അല്ലെങ്കില്‍ സ്‌പെഷ്യലൈസേഷന്‍ എന്ന പ്രവര്‍ത്തന ഘടന അടിസ്ഥാനമാക്കി തന്നെയാണ്.
Tags:    

Similar News