ഒരു ജില്ല, ഒരു ഉത്പന്ന പദ്ധതിയില്‍ 14 ബ്രാന്‍ഡുകള്‍; കേരളത്തില്‍ നിന്ന് ഒന്നുമില്ല

കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലേറെ ബ്രാന്‍ഡുകള്‍

Update:2023-12-20 14:37 IST

Image : Canva

ഇന്ത്യയുടെ തനത് പ്രദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വിശാലവിപണി കണ്ടെത്താനും കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും മികച്ച വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഒരു ജില്ല, ഒരു ഉത്പന്നം' (ODOP) കാമ്പയിന്റെ ഭാഗമായി ഇതുവരെ അവതരിപ്പിച്ചത് 14 പുത്തന്‍ ബ്രാന്‍ഡുകള്‍. ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നീ കാമ്പയിനുകളുടെ ഭാഗവുമായി കൂടിയാണ് ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതിക്ക് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം തുടക്കമിട്ടത്.

പദ്ധതിക്ക് കീഴില്‍ വരുന്ന ചെറുകിട ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് (micro food processing enterprises) സാമ്പത്തിക, സാങ്കേതിക, വിപണിവിപുലീകരണ പിന്തുണ നല്‍കാനായി പി.എം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (PMFME) സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. 2020-21 മുതല്‍ 2024-25 വരെ വര്‍ഷങ്ങളിലായി 10,000 കോടി രൂപയുടെ സഹായമാണ് സ്‌കീം പ്രകാരം കേന്ദ്രം നല്‍കുക. ഇതിനകം രാജ്യത്ത് 12,024 സംരംഭങ്ങള്‍ക്ക് സ്‌കീം പ്രകാരം സഹായം ലഭ്യമാക്കിയിട്ടുണ്ട്.
14 ബ്രാന്‍ഡുകള്‍, കേരളമില്ല
2023 നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 14 ബ്രാന്‍ഡുകളാണ് ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി പ്രകാരം അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇല്ല.
ബിഹാറില്‍ നിന്നുള്ള മഖാന, മഖാന കിംഗ് എന്ന ബ്രാന്‍ഡിലും ഡല്‍ഹിയില്‍ നിന്നുള്ള ബേക്കറി ഉത്പന്നങ്ങള്‍ ദില്ലി ബേക്‌സ് എന്ന ബ്രാന്‍ഡിലുമാണ് വിപണിയില്‍ അവതരിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള തേന്‍ മധു മന്ത്ര ബ്രാന്‍ഡിലും മധുമിത ബ്രാന്‍ഡിലും വിപണിയിലെത്തി. രാജസ്ഥാനിലെ മല്ലിപ്പൊടി കോറി ഗോള്‍ഡ്, കശ്മീരിലെ മുളകുപൊടി കശ്മീരി മന്ത്ര, ഹരിയാനയിലെ നെല്ലിക്ക ജ്യൂസ് അമൃത്ഫല്‍, മഹാരാഷ്ട്രയിലെ റാഗിപ്പൊടി സൊംദാന എന്നീ ബ്രാന്‍ഡുകളിലും അവതരിപ്പിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ള തക്കാളി, റാഗി, സോര്‍ഗും എന്നിവ ഭീംത്താടി ബ്രാന്‍ഡിലും വിപണിയിലെത്തി.
പഞ്ചാബിന്റെ മാങ്ങാ അച്ചാര്‍, കര്‍ണാടയകയുടെ മില്ലെറ്റ്
പഞ്ചാബിലെ മാങ്ങാ അച്ചാര്‍, മിക്‌സഡ് അച്ചാര്‍ എന്നിവ പിന്ദ് സെ ബ്രാന്‍ഡിലും മേഘാലയയിലെ സ്‌പൈസി ഡ്രൈഡ് പൈനാപ്പിള്‍ അനാറസ് ബ്രാന്‍ഡിലുമാണ് പദ്ധതി പ്രകാരം വിപണിയില്‍ അവതരിപ്പിച്ചത്.
പഞ്ചാബില്‍ നിന്നുള്ള ശര്‍ക്കര, അച്ചാര്‍ എന്നിവ ആസ്‌ന ബ്രാന്‍ഡിലും അവതരിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ദേവനഗരെയില്‍ നിന്നുള്ള മില്ലെറ്റ് (ചെറുധാന്യങ്ങള്‍) ഉത്പന്നങ്ങള്‍ സീമി ബ്രാന്‍ഡിലും കാലബുറഗിയിലെ തുവരപരിപ്പ് (Red Gram) ഭീമ ബ്രാന്‍ഡിലും വിപണിയില്‍ അവതരിപ്പിച്ചു.
കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങള്‍
ഒരു ജില്ല, ഒരു ഉത്പന്ന (ODOP) പദ്ധതിയില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഓരോ ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ നവംബര്‍ വരെയുള്ള ദേശീയതല ബ്രാന്‍ഡിംഗില്‍ ഇടംപിടിച്ചിട്ടില്ലെങ്കിലും വൈകാതെ ബ്രാന്‍ഡ് പട്ടം കിട്ടുമെന്നാണ് കേരളത്തില്‍ നിന്നുള്ള സംരംഭങ്ങളുടെയും പ്രതീക്ഷ.
ആലപ്പുഴയില്‍ നിന്ന് അരി ഉത്പന്നങ്ങള്‍, എറണാകുളത്തിന്റെ പൈനാപ്പിള്‍, ഇടുക്കിയുടെ സുഗന്ധവ്യഞ്ജനങ്ങള്‍, കണ്ണൂരില്‍ നിന്ന് തേങ്ങാ അധിഷ്ഠിത ഉത്പന്നങ്ങള്‍ എന്നിവയാണ് ഒ.ഡി.ഒ.പി പദ്ധതിയിലുള്ളത്.
ചക്കയാണ് കാസര്‍ഗോഡ് നിന്ന് ഇടംപിടിച്ചത്. കൊല്ലത്തുനിന്ന് കപ്പയും കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് തേങ്ങാ ഉത്പന്നങ്ങളുമാണുള്ളത്. വാഴപ്പഴമാണ് പാലക്കാടിന്റെ സംഭാവന.
പത്തനംതിട്ടയില്‍ നിന്ന് ചക്ക, തിരുവനന്തപുരത്ത് നിന്ന് കപ്പ, തൃശൂരില്‍ നിന്ന് അരി ഉത്പന്നങ്ങള്‍ എന്നിവയും ഇടം നേടി. പാലുത്പന്നങ്ങളാണ് വയനാട് നിന്നുള്ളത്. അങ്ങനെ ആകെ കേരളത്തില്‍ നിന്ന് 14 ഉത്പന്നങ്ങങ്ങള്‍.
Tags:    

Similar News