375 കോടി രൂപയ്ക്ക് കാർകിനോസ് ഹെൽത്ത്‌കെയറിനെ ഏറ്റെടുത്ത് റിലയൻസ്, ആരോഗ്യ സേവന ബിസിനസ് വിപുലീകരണം ലക്ഷ്യം
ക്യാൻസർ രോഗനിർണയത്തിന് സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 375 കോടി രൂപയ്ക്ക് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ കാർകിനോസിനെ ഏറ്റെടുത്തു. ക്യാൻസർ നേരത്തേ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്. 2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 22 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്.
കാർകിനോസിൻ്റെ 10 രൂപയുടെ 1 കോടി ഓഹരികള്‍ 10 കോടി രൂപയ്ക്കും 10 രൂപയുടെ 36.5 കോടി പൂർണ്ണമായി പരിവർത്തനം ചെയ്യാവുന്ന കടപ്പത്രങ്ങൾ 365 കോടി രൂപയ്ക്കും ഡിസംബർ 27 ന് സമാഹരിച്ചതായി റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ് ഓഹരി വിപണിയെ അറിയിച്ചു.
പഴയ ഓഹരി ഉടമകളുടെ കൈവശമുള്ള 30,075 ഓഹരികൾ കാർകിനോസ് റദ്ദാക്കിയിട്ടുണ്ട്. എവാർട്ട് ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡ് (ടാറ്റ സൺസിൻ്റെ ഉപകമ്പനി), റിലയൻസ് ഡിജിറ്റൽ ഹെൽത്ത് ലിമിറ്റഡ് (റിലയൻസ് ഇൻഡസ്ട്രീസിൻ്റെ അനുബന്ധ സ്ഥാപനം), മയോ ക്ലിനിക്ക് (യുഎസ്), സുന്ദർ രാമൻ (റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സിൻ്റെ ഡയറക്ടർ, ഇന്ത്യൻ പ്രീമിയർ ലീഗ് മുന്‍ സിഒഒ), രവികാന്ത് (ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻ എംഡി) എന്നിവരായിരുന്നു കമ്പനിയുടെ പ്രമുഖ നിക്ഷേപകര്‍.
ഏകദേശം 60 ആശുപത്രികളുമായി കാർകിനോസ് 2023 ഡിസംബർ വരെ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ 150 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ക്യാൻസർ ഹോസ്പിറ്റൽ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.
ആരോഗ്യ സേവന ബിസിനസ് പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ കർക്കിനോസിൻ്റെ ഏറ്റെടുക്കൽ സഹായിക്കുമെന്ന് റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.