സൗദി റീട്ടെയില്‍ രംഗത്ത് ലുലു ഗ്രൂപ്പ് മുന്നോട്ട്; റിയാദില്‍ എക്‌സ്പ്രസ് സ്റ്റോറിന് തുടക്കം; 250-ാമത് സൂപ്പര്‍മാര്‍ക്കറ്റ് മക്കയില്‍

ലക്ഷ്യം സൗദിയില്‍ 100 സൂപ്പര്‍ മാര്‍ക്കറ്റുകള്‍

Update:2024-12-27 21:10 IST

Image Courtesy: www.luluretail.com

പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി സൗദി റീട്ടെയില്‍ മേഖലയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മുന്നേറ്റം. റിയാദില്‍ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോറിന് തുടക്കമായി. മക്കയിലെ ലുലു റീട്ടെയില്‍ സ്‌റ്റോര്‍ ശനിയാഴ്ച തുറക്കും. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലുലുവിന് 250 സൂപ്പര്‍ മാര്‍ക്കറ്റുകളാകും. സൗദിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന ലക്ഷ്യവുമായാണ് ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. നിലവില്‍ 58 സ്‌റ്റോറുകളാണുള്ളത്. മദീനയില്‍ അടുത്തു തന്നെ സാന്നിധ്യമറിയിക്കും.

25,000 ചതുരശ്ര അടിയില്‍ റിയാദ് എക്‌സ്പ്രസ് സ്റ്റോര്‍

റിയാദിലെ സഹാറ മാളില്‍ ആരംഭിച്ച ലുലു എക്‌സ്പ്രസ് സ്റ്റോര്‍ 25,000 ചതുരശ്ര അടിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 സെക്ഷനുകളിലായി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, മീറ്റ് ആന്റ് ഫിഷ്, ബേക്കറി, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, മൊബൈല്‍ ആക്‌സസറീസ് തുടങ്ങിയ വിവിധ വിഭാഗങ്ങളാണുള്ളത്. ഉപഭോക്താക്കള്‍ക്ക് സ്വയം പേയ്‌മെന്റ് നടത്താവുന്ന സെല്‍ഫ് ചെക്കൗട്ട് കൗണ്ടര്‍ ഉള്‍പ്പടെ നാല് കൗണ്ടറുകളുണ്ട്. 500 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, ഉപഭോക്താക്കളുടെ സൗകര്യം, ഉല്‍പ്പന്നങ്ങളുടെ മൂല്യം എന്നിവക്കാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

250-മത് സൂപ്പര്‍ മാര്‍ക്കറ്റ് മക്കയില്‍

വിവിധ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെത്തുന്ന മക്കയില്‍ ലുലുവിന്റെ പുതിയ സ്റ്റോര്‍ നാളെ ഉദ്ഘാടനം ചെയ്യും. ആഗോള തലത്തില്‍ ഗ്രൂപ്പിന്റെ 250-മത് സൂപ്പര്‍മാര്‍ക്കറ്റാണിത്. മക്കയിലെ ഗ്രാന്റ് മോസ്‌കിനടുത്ത് ഇബ്രാഹിം അല്‍ ഖലീല്‍ സ്ട്രീറ്റിലാണ് പുതിയ സ്റ്റോര്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പടെ മക്കയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News