കമ്മീഷന്‍ ഇല്ലെങ്കിലും മീഷോയുടെ ബിസിനസ് പൊടിപൊടിക്കുന്നു; വിജയ രഹസ്യമെന്ത്
910 ദശലക്ഷം ഓര്‍ഡറുകള്‍ 2022 ല്‍ ലഭിച്ചു, 135% വാര്‍ഷിക വളര്‍ച്ച, 95% ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍
ഇകൊമേഴ്‌സ് പോര്‍ട്ടലായ മീഷോയ്ക്ക് (www.meesho.com) 2022 ല്‍ ലഭിച്ച ഓര്‍ഡറുകള്‍ 910 ദശലക്ഷമായി, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 135% വര്‍ധനവ്. ഉപഭോക്താക്കളുടെ എണ്ണം 140 ദശലക്ഷമായി ഉയര്‍ന്നു. ഒരു ഉപഭോക്താവില്‍ നിന്ന് ലഭിച്ച ഏറ്റവും അധികം ഓര്‍ഡര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നായിരുന്നു. അരുണാചല്‍ പ്രദേശ്, മിസോറാം, ആസാം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഓര്‍ഡറുകള്‍ മീഷോ പോര്‍ട്ടലിന് ലഭിച്ചത്.
70% ബിസിനസ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ബി ടു സി വിഭാഗത്തിലാണ്, ബാക്കി റീസെല്ലര്‍മാര്‍ക്ക് വില്‍ക്കുന്ന ബിസിനസില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടിന് ഒരു ഓര്‍ഡറില്‍ ശരാശരി മൂല്യം 3000 രൂപ ഉള്ളപ്പോള്‍, മീഷോയില്‍ 400 രൂപയാണ് ശരാശരി ഇടപാട് മൂല്യം. മൊത്തം വ്യാപാര മൂല്യം 5 ശതകോടി ഡോളര്‍.
ഫ്‌ളിപ്പ്ക്കാര്‍ട്ടിന് 23 ശതകോടി ഡോളറും, ആമസോണിന് 20 ശതകോടി ഡോളറും. വില്‍പ്പനക്കാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാത്ത ബിസിനസ് മോഡല്‍ പിന്തുടരുന്നതിനാല്‍ രണ്ടും, മൂന്നും നിര നഗരങ്ങളില്‍ കൂടുതല്‍ ബിസിനസ് നേടാന്‍ സാധിക്കുന്നുണ്ട്. കമ്മീഷന്‍ നല്‍കേണ്ടാത്തതുകൊണ്ട് വില്‍പ്പനക്കാര്‍ ലാഭിച്ചത് 3700 കോടി രൂപയാണ്. പരസ്യങ്ങളും, പ്രൊമോഷന്‍സില്‍ നിന്നുമാണ് മീഷോ വരുമാനം നേടുന്നത്.
സ്മാര്‍ട്ട് വാച്ചുകള്‍, പുരുഷന്മാരുടെ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, ജിം ഉല്‍പ്പന്നങ്ങള്‍, സ്ത്രീകള്‍ക്കുള്ള ശുചിത്വ പരിപാലന ഉല്‍പ്പന്നങ്ങള്‍ തേടിയാണ് ഉപഭോക്താക്കള്‍ കൂടുതല്‍ പോര്‍ട്ടലില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് സാരികള്‍, ടി ഷര്‍ട്ട്, ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍, ലിപ്സ്റ്റിക് എന്നിവയാണ്. ഒരു മിനിറ്റില്‍ 148 സാരികളും, 93000 ടി ഷര്‍ട്ടുകളും 51725 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് 21662 ലിപ്സ്റ്റിക്കും വില്‍പ്പന നടക്കുന്നു.
മീഷോയില്‍ വില്‍ക്കുന്ന 95% ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡഡ് അല്ലാത്തതാണ് അതിനാല്‍ കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഈ വര്‍ഷം 5 ലക്ഷം വ്യാപാരികളെ ചേര്‍ത്തു, മൊത്തം വ്യാപാരികള്‍ 8,30,000. അതില്‍ 61% ആദ്യമായി ഇ കൊമേഴ്സ് ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍. ആമസോണ്‍, ഫ്‌ളിപ്പ്ക്കാര്‍ട്ട് എന്നിവര്‍ക്ക് 1. 1 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത് വ്യാപാരികള്‍ ഉണ്ട്.