ഓണത്തിന് ഓണായി വസ്ത്ര വിപണി; വില്‍പ്പന കുത്തനെ ഉയര്‍ന്നു

ഇത്തവണ ഓണം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍

Update: 2022-09-02 06:23 GMT

Photo : Canva

കോവിഡിന് ശേഷമുള്ള ഓണാഘോഷത്തിന്റെ ആവേശത്തില്‍ സംസ്ഥാനത്തെ വസ്ത്ര വ്യാപാര വിപണി (). കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഓണം ആഘോഷിക്കാന്‍ കഴിയാത്ത മലയാളികള്‍ ഇത്തവണ കെങ്കേമമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഫലമായി വസ്ത്ര വിപണികളും സജീവമായി തുടങ്ങി. തിരുവോണത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ വസ്ത്ര വിപണിയില്‍ മികച്ച വില്‍പ്പനയാണുള്ളത്.

''കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് കാരണം ഓണം വിപണി സജീവമായിരുന്നില്ല. എന്നാല്‍ ഇത്തവണ നല്ല വില്‍പ്പനയാണുള്ളത്. ഏകദേശം 50-80 ശതമാനത്തിന്റെ വര്‍ധനവ് ഇതുവരെയുണ്ടായിട്ടുണ്ട്'' കോഴിക്കോട്ടെ വസ്ത്ര വ്യാപാര രംഗത്തെ മൊത്തക്കച്ചവടക്കാരനായ സമീര്‍ ധനത്തോട് പറഞ്ഞു.
മൊത്ത വില്‍പ്പന ഉയര്‍ന്നതിന്റെ ഫലമായി റീട്ടെയ്ല്‍ വിപണിയും ഉണര്‍വിലാണ്. കേരളീയ വസ്ത്രമായ മുണ്ട്, ഷര്‍ട്ട് എന്നിവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. കോളേജുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങള്‍ സജീവമായതോടെ ഡ്രസ് കോഡുകള്‍ക്കും മികച്ച വില്‍പ്പനയാണെന്ന് സമീര്‍ പറയുന്നു.
സമാനമായ അഭിപ്രായമാണ് പ്രിന്‍സ് പട്ടുപാവാടയുടെ ഉടമയായ നവാബും അഭിപ്രായപ്പെട്ടത്. ''ഓണത്തിന് ഇപ്രാവശ്യം നല്ല വില്‍പ്പനയും തിരക്കുമുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് ഇത്തവണയുണ്ട്'' നവാബ് ധനത്തോട് പറഞ്ഞു.
ഇതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നഗരങ്ങളിലൂം ഓണച്ചന്തകളും സജീവമായിട്ടുണ്ട്. ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആഘോഷിക്കാന്‍ കഴിയാതെ പോയ കേരളീയരുടെ ഉത്സവം എല്ലാ മേഖലകള്‍ക്കും പുത്തനുണര്‍വേകിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel






Tags:    

Similar News