ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല തിരിച്ചു വരവിലെന്ന് സര്‍വേ റിപ്പോര്‍ട്ട്

തിരിച്ചു വരവിന് സ്വീകരിക്കേണ്ട വഴികളും റീറ്റെയ്‌ലേഴ്‌സ് ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്നു

Update:2021-03-17 10:21 IST

കടുപ്പമേറിയ ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല തിരിച്ചു വരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കോവിഡിന് മുമ്പുണ്ടായിരുന്നതിന്റെ 93 ശതമാനം വില്‍പ്പന നേടാന്‍ മേഖലയ്ക്ക് കഴിയുന്നുണ്ടെന്ന് റീറ്റെയ്‌ലേഴ്‌സ് ഓഫ് ഇന്ത്യ (RAI)യുടെ 13മത് റീറ്റെയ്ല്‍ ബിസിനസ് സര്‍വേ വ്യക്തമാക്കുന്നു. വിവിധ റീറ്റെയ്ല്‍ വിഭാഗങ്ങള്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം നടത്തുന്നുണ്ടെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് വ്യക്തമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2021 ലെ ആദ്യ ആറു മാസത്തിനുള്ളില്‍ വില്‍പ്പന കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് പൂര്‍ണമായും എത്തുമെന്നും സര്‍വേ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ വര്‍ഷത്തെ അതേകാലയളവിനേക്കാള്‍ ഏഴു ശതമാനം വിലയിടിവ് നേരിട്ടതായും 2021 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 18 ശതമാനം ഇടിവ് നേരിട്ടതായും സര്‍വേ കണക്കാക്കുന്നു. അതേസമയം കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് 15 ശതമാനവും ക്വിക്ക് സര്‍വീസ് റസറ്ററൊന്റുകള്‍ 18 ശതമാനവും വളര്‍ച്ച ഫെബ്രുവരിയില്‍ നേടിയതായും സര്‍വേ വ്യക്തമാക്കുന്നു. ഫൂട്ട്‌വെയര്‍, ബ്യൂട്ടി, വെല്‍നെസ്, പേഴ്‌സണല്‍ കെയര്‍, സ്‌പോര്‍ട്‌സ് ഗൂഡ്‌സ്, ഫുഡ്, ഗ്രോസറി തുടങ്ങി എല്ലാ മേഖലകളും തിരിച്ചു വരവിന്റെ പാതയിലാണ്. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ 2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ദക്ഷിണേന്ത്യയില്‍ -6 ശതമാനവും ഉത്തരേന്ത്യയില്‍ -9 ശതമാനവുമായിരുന്നു വളര്‍ച്ച. പശ്ചിമേന്ത്യയില്‍ വളര്‍ച്ച -16 ശതമാനവുമായിരുന്നു.
അതിനു ശേഷം വളര്‍ച്ച പ്രകടമാണെങ്കിലും സര്‍ക്കാരിന്റെ പിന്തുണയുണ്ടാവുകയും പാരമ്പര്യേതര മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായ തിരിച്ചു വരവ് ഉണ്ടാകൂ എന്നാണ് സംഘടന അഭിപ്രായം.


Tags:    

Similar News