സീസണിലും തിളക്കമില്ല, വസ്ത്ര വ്യാപാര വിപണിക്ക് തിരിച്ചടിയായതെന്ത്?

പെരുന്നാളില്‍ പ്രതീക്ഷയര്‍പ്പിച്ച മലബാറിലെ വസ്ത്ര വ്യാപാരികള്‍ക്കാണ് കനത്ത തിരിച്ചടി

Update:2022-06-29 14:31 IST

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറാനായെങ്കിലും ഏറെ പ്രതീക്ഷയര്‍പ്പിച്ച വലിയ പെരുന്നാള്‍ സീസണില്‍ കനത്ത തിരിച്ചടി നേരിട്ട് മലബാറിലെ വസ്ത്ര വ്യാപാര വിപണി. ഓണ്‍ലൈന്‍ വില്‍പ്പനകള്‍ സജീവമാണെങ്കിലും സ്‌കൂളുകള്‍ തുറന്നതും മാന്ദ്യം കാരണം ആളുകള്‍ പണം ചെലവഴിക്കാന്‍ മടിക്കുന്നതുമാണ് ഇതിന് പ്രധാന കാരണമായി വസ്ത്ര വ്യാപാര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

''കഴിഞ്ഞ സീസണിനേക്കാള്‍ ഏകദേശം 70 ശതമാനത്തോളം കുറവാണ് ഈ സീസണിലുണ്ടായിട്ടുള്ളത്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ, അതുകൊണ്ട് തന്നെ വലിയൊരു പ്രതീക്ഷയൊന്നും ഇല്ല'' വസ്ത്ര വ്യാപാര രംഗത്തെ നിലവിലെ പ്രതിസന്ധിയ കുറിച്ച് കോഴിക്കോട്ടെ മൊത്തക്കച്ചവടക്കാരായ ബോ സൈക്കിള്‍ ഉടമ സമീര്‍ പറയുന്നു.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിയ വസ്ത്ര വ്യാപാര വിപണി കഴിഞ്ഞവര്‍ഷത്തോടെയാണ് തിരിച്ചുകയറിയത്. കഴിഞ്ഞസീസണില്‍ വന്‍കുതിപ്പും ഈ രംഗത്തുണ്ടായി. ഏകദേശം 200 ശതമാനത്തോളം വര്‍ധന കഴിഞ്ഞസീസണില്‍ നേടാനായിട്ടുണ്ടെന്ന് സമീര്‍ പറഞ്ഞു.
തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാറിലെ വസ്ത്ര വ്യാപാര വിപണിയില്‍ ഉണര്‍വുണ്ടാകുന്ന കാലമാണ് പെരുന്നാള്‍ സീസണുകള്‍. പെരുന്നാളിന് മാസങ്ങള്‍ക്ക് മുമ്പേ വിപണികള്‍ സീജവമാകുമെങ്കിലും ഈ വര്‍ഷം ഇതുവരെയായി സ്ത്രീകളുടെ വിഭാഗത്തില്‍പോലും കാര്യമായ വില്‍പ്പന നടന്നിട്ടില്ല. ''സീസണിന്റെ തുടക്കത്തില്‍ സ്ത്രീകളുടെ വസ്ത്രങ്ങളുടെ വില്‍പ്പനയായിരിക്കും നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അതുപോലും നടക്കാത്ത സ്ഥിതിയാണ്. സ്‌കൂളുകള്‍ തുറന്നതും മാന്ദ്യം കാരണം പണം ചെലവഴിക്കാന്‍ മടിക്കുന്നതുമാണ് ഇതിന് പ്രധാനകാരണമായി കരുതുന്നത്. മൊത്ത വ്യാപാര വിപണി ഈ പ്രതിസന്ധി നേരിടുമ്പോള്‍ മലബാറിലെ റിട്ടെയ്ല്‍ രംഗത്ത് ഇതിലും ദയനീയമായ സ്ഥിതിയായിരിക്കും'' സമീര്‍ ധനത്തോട് പറഞ്ഞു. മലബാറില്‍ തന്നെ കണ്ണൂര്‍ ജില്ലയിലാണ് സീസണ്‍ വില്‍പ്പന മോശമെന്നും സമീര്‍ പറയുന്നു.
വസ്ത്ര വിപണി ആഴ്ചകള്‍ തോറും ഫാഷനനുസരിച്ച് മാറിമറിയുമെന്നതിനാല്‍ ഇപ്പോഴുള്ള സ്റ്റോക്ക് പൂര്‍ണമായും വിറ്റഴിഞ്ഞില്ലെങ്കില്‍ ഈ സീസണില്‍ പ്രതീക്ഷയര്‍പ്പിച്ച വസ്ത്ര വ്യാപാരികള്‍ക്ക് അത് തിരിച്ചടിയാകും. മോഡല്‍ മാറിക്കഴിഞ്ഞാല്‍ അത്രയും സ്റ്റോക്കിന്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടിവരും. രണ്ട് പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ സീസണുകളിലാണ് മലബാറിലെ വസ്ത്ര വിപണിയില്‍ 90 ശതമാനം കച്ചവടവും നടക്കുന്നത്.



Tags:    

Similar News