സേവന കയറ്റുമതിയില്‍ കൊച്ചി സെസിന്റെ തേരോട്ടം; വരുമാനം ഒന്നരലക്ഷം കോടി കടന്നു

മദ്രാസിനെ പിന്തള്ളി വിശാഖപട്ടണം; ചരക്ക് കയറ്റുമതിയിലും കൊച്ചിക്ക് മികച്ച വളര്‍ച്ച

Update: 2024-04-15 06:23 GMT

Image : Canva

രാജ്യത്തെ 7 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കിടയില്‍ (Special Economic Zones/SEZ) സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതിയില്‍ കൊച്ചി സെസിന്റെ അപ്രമാദിത്തം തുടരുന്നു. മറ്റ് സെസുകളെ ബഹുദൂരം പിന്നിലാക്കിയുള്ള നേട്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ 9 മാസക്കാലയളവിലും (ഏപ്രില്‍-ഡിസംബര്‍) കൊച്ചി സെസ് ആവര്‍ത്തിച്ചെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇ.ഒ.യു ആന്‍ഡ് സെസ് (EPCEZ/ഇ.പി.സി.ഇ.എസ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ കൊച്ചി സെസില്‍ നിന്നുള്ള കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 4 ശതമാനം താഴ്ന്നിട്ടുണ്ട്. എങ്കിലും, 28 ശതമാനം കയറ്റുമതിവിഹിതവുമായി എതിരാളികളേക്കാള്‍ ഏറെദൂരം മുന്നിലെത്താന്‍ കൊച്ചിക്ക് കഴിഞ്ഞു. 1,940.71 കോടി ഡോളറിന്റെ സേവന കയറ്റുമതിയാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ കൊച്ചി സെസ് നടത്തിയത്; അതായത് 1.61 ലക്ഷം കോടി രൂപ.
പ്രത്യേക നികുതിവ്യവസ്ഥകളോടെയും ഇളവുകളോടയും രാജ്യത്തിനകത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഉത്പന്ന/സേവന കയറ്റുമതി/ഇറക്കുമതി മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ അഥവാ സെസ്. കൊച്ചി സെസിന് കീഴില്‍ എറണാകുളം കാക്കനാടും കര്‍ണാടകയിലും യൂണിറ്റുകളുണ്ട്. കേരളം, കര്‍ണാടക എന്നിവയ്ക്ക് പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എക്സ്പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകളുടെ (EOU) ലൈസന്‍സിംഗ് അതോറിറ്റിയും കൊച്ചി സെസ് ആണ്.
മദ്രാസിനെ കടത്തിവെട്ടി വിശാഖപട്ടണം
സേവന കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്ത് 19 ശതമാനം വിഹിതവുമായി മുംബൈയിലെ സാന്റാക്രൂസ് ഇലക്ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണാണ് (SEEPZ). 1,291.24 കോടി ഡോളറാണ് (1.07 ലക്ഷം കോടി രൂപ) മുംബൈയുടെ വരുമാനം.
നേരത്തെ മൂന്നാംസ്ഥാനം കൈയാളിയിരുന്ന മദ്രാസ് സെസിനെ (MEPZ SEZ) വിശാഖപട്ടണം സെസ് പിന്തള്ളിയെന്ന പ്രത്യേകതയുമുണ്ട്. 1,272.29 കോടി ഡോളറാണ് (1.06 ലക്ഷം കോടി രൂപ) വിശാഖപട്ടണം സെസിന്റെ കയറ്റുമതി. വിഹിതം 19 ശതമാനവും. 18 ശതമാനമാണ് മദ്രാസ് സെസിന്റെ കയറ്റുമതിവിഹിതം. വരുമാനം 1,250.42 കോടി ഡോളര്‍ (1.04 ലക്ഷം കോടി രൂപ).

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

11 ശതമാനം വിഹിതമുള്ള നോയിഡ സെസാണ് അഞ്ചാമത്. ബംഗാളിലെ ഫാള്‍ട്ട സെസ് ആറാമതും (വിഹിതം 5 ശതമാനം), ഗുജറാത്തിലെ കണ്ട്ല സെസ് ഏഴാമതുമാണ് (വിഹിതം ഒരു ശതമാനം). കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ ആകെ 6,855.72 കോടി ഡോളറിന്റെ (5.71 ലക്ഷം കോടി രൂപ) സേവന കയറ്റുമതി വരുമാനമാണ് 7 സെസുകളും ചേര്‍ന്ന് നേടിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 6,981.52 കോടി ഡോളറിനേക്കാള്‍ (5.82 ലക്ഷം കോടി രൂപ) രണ്ടു ശതമാനം കുറഞ്ഞു.
ചരക്ക് കയറ്റുമതിയിലും നേട്ടം
ചരക്ക് കയറ്റുമതിയില്‍ രാജ്യത്തെ സെസുകള്‍ക്കിടയില്‍ ഏറ്റവും പിന്നിലാണ് കൊച്ചി സെസ്. 7 സെസുകളില്‍ ഏഴാംസ്ഥാനം. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ ചരക്ക് കയറ്റുമതിയിലും തിളങ്ങാന്‍ കൊച്ചിക്ക് കഴിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2022-23 ഏപ്രില്‍-ഡിസംബറില്‍ 138.02 കോടി ഡോളറായിരുന്നു (11,510 കോടി രൂപ) കൊച്ചി സെസിന്റെ ചരക്ക് കയറ്റുമതി വരുമാനമെങ്കില്‍ ഇക്കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ അത് 12 ശതമാനം ഉയര്‍ന്ന് 154.14 കോടി ഡോളറായി (12,855 കോടി രൂപ).
സേവന കയറ്റുമതിയില്‍ ഏറ്റവും പിന്നിലുള്ള കണ്ട്ല സെസാണ് ചരക്ക് കയറ്റുമതിയില്‍ ഏറ്റവും മുന്നിലുള്ളത്. കണ്ട്ലയുടെ വിഹിതമാകട്ടെ 57 ശതമാനവുമാണ്.
വിശാഖപട്ടണം സെസാണ് 12 ശതമാനം വിഹിതവുമായി രണ്ടാമത്. മുംബയ് (11 ശതമാനം), ഫാള്‍ട്ട (6 ശതമാനം), നോയിഡ (6 ശതമാനം), മദ്രാസ് (5 ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ ഏഴ് സെസുകളിലും കൂടി നടത്തിയ 4,503.78 കോടി ഡോളറിന്റെ (3.75 ലക്ഷം കോടി രൂപ) ചരക്കുകയറ്റുമതിയില്‍ 2,542.42 കോടി ഡോളറും (2.12 ലക്ഷം കോടി രൂപ) കണ്ട്ല സെസിന്റെ വകയാണ്.
Tags:    

Similar News