വരവ് ഉഷാറാക്കി കേരളത്തിന്റെ ബാല്‍കോ, 12% പ്രീമിയത്തില്‍ ലിസ്റ്റിംഗ്, പിന്നെ അപ്പര്‍ സര്‍ക്യൂട്ടില്‍
ഐ.പി.ഒ വിലയേക്കാള്‍ 18% ഉയരത്തില്‍ ഓഹരി
കൊല്ലം പുനലൂര്‍ ആസ്ഥാനമായ ബാല്‍കോ എന്നറിയപ്പെടുന്ന സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ് ലിമിറ്റഡ് (Solve Plastic Products) ഇന്ന് എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തു. പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) വിലയായ 91 രൂപയില്‍ നിന്ന് 12.09 ശതമാനം ഉയര്‍ന്ന് 102 രൂപയിലായിരുന്നു ഓഹരിയുടെ ലിസ്റ്റിംഗ്. തുടര്‍ന്ന് ഓഹരി അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച് വില 107.10 രൂപയിലെത്തി. ഇതോടെ ഐ.പി.ഒ വിലയേക്കാള്‍ 17.69 ശതമാനം ഉയരത്തിലായി ഓഹരി വില.
ഇന്ന് 4.31 ലക്ഷം ഓഹരികളാണ് കൈമാറ്റം നടത്തിയത്. അതായത് 4.52 കോടി രൂപയുടെ ഓഹരി വിൽപ്പന. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 46.78 കോടി രൂപയായി. നിലവില്‍ 5.19 ലക്ഷം ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടെങ്കിലും വില്‍ക്കാനാളില്ല.
ഓഗസ്റ്റ് 13 മുതല്‍ 16 വരെയായിരുന്നു കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പന. മൊത്തം 32.27 മടങ്ങ് അപേക്ഷകളാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. 13.02 ലക്ഷം പുതു ഓഹരികൾ ഐ.പി.ഒ വഴി കമ്പനി പുറത്തിറക്കി. പ്രമോട്ടര്‍മാരുടെ 90.22 ശതമാനം ഓഹരികളില്‍ 63.33 ശതമാനം ഓഹരികള്‍ ഐ.പി.ഒയ്ക്ക് മുന്നോടിയായി വില്‍പ്പന നടത്തിയിരുന്നു. മെഷിനറികള്‍ വാങ്ങാനും കമ്പനിയുടെ മറ്റ് മൂലധനചെലവുകള്‍ക്കുമായാണ് ഐ.പി.ഒ വഴി സമാഹരിച്ച പണം വിനിയോഗിക്കുക.
ബാല്‍കോ ബ്രാൻഡ്
ബാല്‍കോ എന്ന ബ്രാന്‍ഡില്‍ ഇലക്ട്രിക്കല്‍ വയറിംഗ് പൈപ്പുകള്‍, പ്ലംബിംഗ് പൈപ്പുകള്‍, പി.വി.സി ഫിറ്റിംഗുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്ന കമ്പനിയാണ് സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ്. സുധീര്‍ കുമാര്‍, സുശീല്‍ ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. 1994ല്‍ ആരംഭിച്ച കമ്പനിക്ക് കേരളത്തില്‍ മൂന്ന് നിര്‍മാണ യൂണിറ്റുകളുണ്ട്. തമിഴ്‌നാട്ടില്‍ ഒരെണ്ണവും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 47.15 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ലാഭം 1.42 കോടി രൂപയും.