അഗ്നികുല്‍ കോസ്‌മോസ്; ബഹിരാകാശം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്
ലോകത്തിന്റെ ഏത് കോളില്‍ നിന്നും ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുകയാണ് അഗ്നികുല്ലിന്റെ ലക്ഷ്യം
ഭാവി ബഹിരാകാശ യാത്രകളുടേത് കൂടിയാണ്. സ്‌പേസ് എക്‌സും വിര്‍ജിന്‍ ഗ്യാലക്ടിക്കും ബ്ലൂ ഒര്‍ജിനുമെല്ലാം അതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ബഹിരാകാശത്തെ സാധ്യതകളിലേക്ക് എത്തി നോക്കുന്ന ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആണ് അഗ്നികുല്‍ കോസ്‌മോസ്. ശ്രീനാഥ് രവിചന്ദ്രന്‍, മോയിന്‍ എസ്പിഎം എന്നിവര്‍ ചേര്‍ന്ന് 2017ല്‍ മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിലാണ് അഗ്നികുല്‍ സ്ഥാപിച്ചത്. കുഞ്ഞന്‍ ഉപഗ്രങ്ങളെ ലക്ഷ്യത്തിലെത്തിക്കുക, എവിടെ നിന്നും വിക്ഷേപണം സാധ്യമാക്കുക, ബഹിരാകാശ യാത്ര ചെലവു കുറഞ്ഞതാക്കുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷ്യം.
2015ല്‍ ശ്രീനാഥ് രവിചന്ദ്രന്റെ മനസില്‍ ഉദിച്ച ആശയമാണ് അഗ്നികുല്ലിന് പിന്നില്‍. ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ലോസ് ഏഞ്ചല്‍സില്‍ ആയിരക്കെ ആണ് ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ശ്രീനാഥ് തിരിച്ചറിയുന്നത്. നിരവധി യൂണിവേഴ്‌സിറ്റികളും കമ്പനികളും തങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി ഊഴം കാത്തിരിക്കുകയാണെന്ന് മനസിലാക്കിയ ശ്രീനാഥ് സുഹൃത്തായ മോയിനുമായി ചേര്‍ന്ന് ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു.
എവിടെ നിന്നും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന quick cab service എന്ന ഇവരുടെ ആശയത്തെ ആദ്യം ഉള്‍ക്കൊണ്ടത് മദ്രാസ് ഐഐടിയില്‍ അധ്യാപകനായ പ്രൊഫ.സത്യ ചക്രവര്‍ത്തിയാണ്. അങ്ങനെയാണ് അഗ്നികുല്‍ രൂപംകൊള്ളുന്നത്. 100കി.ഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപതത്തില്‍ എത്തിക്കാനായി അഗ്നിബാണ്‍ എന്ന റോക്കറ്റ് വികസിപ്പിക്കുകയാണ് ഇവര്‍. 2022ല്‍ അഗ്നിബാണിന്റെ ആദ്യ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഐസ്ആര്‍ഒയുടെ സാങ്കേതിക വൈദഗ്ദ്യവും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അനുമതി അഗ്നികുല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ യുഎസ് ആസ്ഥാനമായ അലാസ്‌ക ഏയ്‌റോസ്‌പേസ് കോര്‍പറേഷനുമായും അഗ്നികുല്‍ സഹകരിക്കുന്നുണ്ട്.