ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സ്വന്തം വീട് പണയംവച്ച് ബൈജു
ചില ബന്ധുക്കളുടെ വീടുകളും ഈടുവച്ചാണ് വായ്പ നേടിയത്
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താനായി പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സംരംഭമായ (EdTech) ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ സ്വന്തം വീട് പണയപ്പെടുത്തി. ഇത് കൂടാതെ കുടുംബാംഗങ്ങളുടെ പേരിലുള്ള വീടുകളും കൂടി പണയം വച്ചാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടി കടന്നു പോകുന്ന ബൈജു രവീന്ദ്രന്‍ വായ്പ നേടിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരുവില്‍ ബൈജൂസിന്റെ കുടുംബത്തിനുള്ള രണ്ട് വീടുകള്‍ കൂടാതെ നിര്‍മാണത്തിലുള്ള പ്രീമിയം വില്ലയും ഈട് നല്‍കി 1.2 കോടി ഡോളറാണ് (ഏകദേശം 100 കോടി രൂപ) വായ്പയെടുത്തിരിക്കുന്നത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനു കീഴിലുള്ള 15,000ത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് വായ്പ തുക ചെലവഴിക്കുക.
പ്രതിസന്ധി മറികടക്കാന്‍
ഒരിക്കല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്ന ബൈജൂസ് പ്രതാപകാലത്ത് ഏറ്റടുത്ത കമ്പനികളെ വിറ്റഴിച്ചും നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ചും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനും കമ്പനിയെ മുന്നോട്ടുകൊണ്ടുപോകാനും സാധ്യമായ മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചു വരികയാണ്.
Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here
500 കോടി ഡോളറിന്റെ (40,000 കോടിയ്ക്ക് മുകളില്‍) വ്യക്തിഗത ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന്‍ കമ്പനിയിലുള്ള തന്റെ ഓഹരികള്‍ പണയപ്പെടുത്തി 40 കോടിഡോളര്‍ വായ്പ എടുത്തിരുന്നു. ഇതു കൂടാതെ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ തന്റെ ഓഹരി വിറ്റ് 80 കോടി ഡോളര്‍ കമ്പനിയിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബൈജൂസിന് സാധിച്ചിട്ടില്ല.
ബൈജൂസിനു കീഴില്‍ യു.എസില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌സ് ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക്കിന്റെ വില്‍പ്പനയിലൂടെ 40 കോടി ഡോളര്‍ (ഏകദേശം 3,300 കോടി രൂപ) ഉടന്‍ സമാഹരിച്ചേക്കും.
കൂടിക്കാഴ്ച ഉടന്‍
കമ്പനിയുടെ സാമ്പത്തിക അവസ്ഥ ചര്‍ച്ചചെയ്യാന്‍ സീനിയര്‍ മാനേജുമെന്റുമായി കൂടിക്കാഴ്ച നടത്താന്‍ ബൈജു രവീന്ദ്രന്‍ തീരുമാനിച്ചിട്ടുണ്ട്. വരും
ദിവസങ്ങളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ ലിക്വിഡിറ്റിയെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചേക്കും.
ജീവനക്കാര്‍, വൈണ്ടര്‍മാര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ബി.സി.സി.ഐ എന്നിവര്‍ക്കുള്ള കുടിശിക തീര്‍ക്കാന്‍ 500-600 കോടി രൂപ മാര്‍ച്ചിനകം കണ്ടെത്തേണ്ടതുണ്ട്. ആസ്തികള്‍ വിറ്റഴിച്ചോ ബൈജൂസിനു കീഴിലുള്ള ആകാശിലോ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിലോ ഉള്ള ഓഹരികള്‍
വിറ്റഴിച്ചോ പണം കണ്ടെത്താമെന്ന വിശ്വാസത്തിലാണ് ബൈജു രവീന്ദ്രന്‍.
വിറ്റഴിച്ചോ പണം കണ്ടെത്താമെന്ന വിശ്വാസത്തിലാണ് ബൈജു രവീന്ദ്രന്‍.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഹൃത്തുക്കളില്‍ നിന്നും മറ്റ് സംരംഭകരില്‍ നിന്നും കടം വാങ്ങിയുമാണ് ജീവനക്കാരുടേതടക്കമുള്ള കുടിശിക നല്‍കി വരുന്നത്.
ഇതു കൂടാതെ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പയുടെ പലിശ തിരിച്ചടവും ബൈജൂസിനെ കുഴയ്ക്കുന്നുണ്ട്.