ബൈജൂസിന് ഇരട്ട പ്രഹരം: കോടതി കയറ്റാൻ ബി.സി.സി.ഐ, മൂല്യം വെട്ടിക്കുറച്ച് പ്രോസസ്
കുടിശിക തീര്‍ക്കാമെന്നറിയിച്ച് ബൈജൂസ് ബി.സി.സി.ഐയെ സമീപിച്ചിട്ടുമുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT)പരാതി നല്‍കി ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐ. സെപ്റ്റംബര്‍ എട്ടിനാണ് കേസ് ഫയല്‍ ചെയ്തതെങ്കിലും നവംബര്‍ 15നാണ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.സി.സി.ഐയും ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണുമായുള്ള കേസില്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കും.
എന്നാല്‍ കുടിശിക തീര്‍ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബൈജൂസിന്റെ ഉടമസ്ഥര്‍ ബി.സി.സി.ഐയെ സമീപിച്ചിട്ടുമുണ്ട്. ഏകദേശം 160 കോടി രൂപയാണ് ബൈജൂസ് ബി.സി.സി.ഐക്ക് നല്‍കാനുള്ളത്. മോണിംഗ് കോണ്‍ടെക്സ്റ്റ് എന്ന വെബ്‌സൈറ്റാണ് ഇതേ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ചെലവുചുരുക്കലിന്റെ ഭാഗമായി ബ്രാന്‍ഡിംഗ് പങ്കാളിത്തം പുതുക്കുന്നില്ലെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ബി.സി.സി.ഐയോട് ബൈജൂസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ തുടരണമെന്നായിരുന്നു ബി.സി.സി.ഐയുടെ ആവശ്യം. 2023 അവസാനം വരെയായിരുന്നു കരാര്‍. 2022 സെപ്റ്റംബര്‍ വരെയുള്ള പണവും ബി.സി.സി.ഐക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ., ഐ.സി.സി., ഫിഫ എന്നീ മൂന്ന് അസോസിയേഷനകളുമായും ബൈജൂസിന് ബ്രാന്‍ഡിംഗ് കരാര്‍ ഉണ്ടായിരുന്നു.
തിരിച്ചടിയായി മൂല്യം കുറയ്ക്കല്‍
തുടര്‍ച്ചയായ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ബൈജൂസിന്റെ വാല്വേഷന്‍ വീണ്ടും കുറച്ച് പ്രമുഖ നിക്ഷേപക സ്ഥാപനമായ പ്രോസസും (Prosus) രഗത്തെത്തിയിട്ടു. 2,200 കോടി ഡോളറില്‍ നിന്ന് 300 കോടി ഡോളറായാണ് മൂല്യം കുറച്ചിരിക്കുന്നത്. 83 ശതമാനത്തോളം കുറവ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രോസസ് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ മൂല്യം 510 കോടി ഡോളറായി കുറച്ചിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്. ണ്ട്
ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനും സ്ഥാപകന്‍ ബൈജു രവീന്ദ്രനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്ന സമയത്താണ് മൂല്യം കുറയ്ക്കലുമായി പ്രോസസുമെത്തിയിരിക്കുന്നത്.