ബെജൂസിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ച; പക്ഷേ, വാഗ്ദാനം ഇപ്പോഴും വെറും 'പൊള്ള'
2022 മുതല്‍ ഇതിനകം ബൈജൂസ് പിരിച്ചുവിട്ടത് 6,000ഓളം ജീവനക്കാരെ
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 6,500 കോടി രൂപ കടന്നു. ബൈജൂസിന്റെ മാനേജ്‌മെന്റുമായി അടുപ്പമുള്ള ചിലരെ ആധാരമാക്കി ഇന്‍ക്42.കോം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ബൈജൂസ് ഔദ്യോഗികമായി 2022-23ലെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചിട്ടില്ല. 2021-22ലെ പ്രവര്‍ത്തനഫലം തന്നെ ബൈജൂസ് പ്രസിദ്ധീകരിച്ചത് 22 മാസം വൈകി കഴിഞ്ഞമാസമാണ്.
വരുമാന വാഗ്ദാനം പൊള്ള!
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ ഔദ്യോഗികമായി പുറത്തുവിട്ട 2021-22ലെ കണക്കുപ്രകാരം ആ വര്‍ഷത്തെ സംയോജിത വരുമാനം 5,298 കോടി രൂപയായിരുന്നു. വരുമാനം 10,000 കോടി രൂപ കടക്കുമെന്ന ബൈജൂസിന്റെ വാഗ്ദാനം അതോടെ വെറും പൊള്ളയായി മാറി. 2022-23ലും ഈ വരുമാനലക്ഷ്യം കാണാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, 2021-22ലെ 5,298 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം അധികമാണ് 2022-23ലെ വരുമാനം.
നഷ്ടക്കണക്കിലേക്ക് ഉറ്റുനോട്ടം
2021-22ല്‍ ബൈജൂസിന്റെ നഷ്ടം തൊട്ടുമുന്‍വര്‍ഷത്തെ 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചിരുന്നു. 2022-23ലെ പ്രവര്‍ത്തനഫലം എന്ന് പുറത്തുവിടുമെന്ന് ബൈജൂസ് വ്യക്തമാക്കിയിട്ടില്ല. പുതിയ റിപ്പോര്‍ട്ട് വരുമ്പോള്‍ നഷ്ടം ഏത് ദിശയിലേക്ക് നീങ്ങുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജീവനക്കാരെ വെട്ടിക്കുറച്ചും ചെലവ് ചുരുക്കിയും മറ്റും നഷ്ടം കുറയ്ക്കാന്‍ ബൈജൂസ് ശ്രമിക്കുന്നുണ്ട്. 2022 മുതല്‍ ഇതിനകം ബൈജൂസ് പിരിച്ചുവിട്ടത് 6,000ഓളം ജീവനക്കാരെയാണ്.