ഡീല്‍ഷെയര്‍; ഇ- കൊമേഴ്‌സ് മേഖലയില്‍ നിന്ന് ഒരു യുണീകോണ്‍ കൂടി
കേരളത്തിലുള്‍പ്പടെ പത്തോളം സംസ്ഥാനങ്ങളില്‍ ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്
ഈ വര്‍ഷം യൂണീകോണ്‍ പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പ് ആയി ഇ- കൊമേഴ്‌സ് കമ്പനി ഡീല്‍ഷെയര്‍. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 165 മില്യണ്‍ ഡോളര്‍ (1239 കോടി) രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1.6 ബില്യണ്‍ ഡോളറിലെത്തി. ടയര്‍ I, ടയര്‍ II നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ എത്തിക്കുന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആണ് ഡീല്‍ ഷെയറിന്റേത്.
2018ല്‍ ജയ്പൂര്‍ ആസ്ഥാനമായി തുടങ്ങിയ ഡീല്‍ഷെയര്‍ ഇപ്പോള്‍ ബെംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിനീത് റാവു, സൗര്‍ജേന്ദു മെദ്ദ, ശങ്കര്‍ ബോറ, രജത് ശിഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡീല്‍ഷെയര്‍ തുടങ്ങിയത്. ഇന്ന് ഇവര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങളിലായി നൂറോളം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഗ്രോസറി,സ്‌നാക്‌സ്, പേഴ്‌സണല്‍ കെയര്‍, ഹോം&കിച്ചണ്‍ തുടങ്ങിയ വിഭാങ്ങളിലെ ഉല്‍പ്പന്നങ്ങാണ് ഡീല്‍ഷെയര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ഡീല്‍ഷെയറെന്ന് സഹസ്ഥാപകനും സിഇഒയുമായ വിനീത് റാവു പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 13 ഇരിട്ടി വളര്‍ച്ചയാണ് കമ്പനി നേടിയത്. 10 മില്യണിലധികം ഉപഭോക്താക്കള്‍ ഡീല്‍ഷെയറിനുണ്ട്. അടുത്ത ഒരു വര്‍ഷം കൊണ്ട് 50 മില്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ടെക്‌നോളജി, ഡാറ്റാ സയന്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുത്താനാണ് ഫണ്ടിംഗിലൂടെ ലഭിച്ച തുക വിനിയോഗിക്കുക. കൂടാകെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുടങ്ങാനും ഡീല്‍ഷെയറിന് പദ്ധതിയുണ്ട്.