ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയായെന്ന് നാസ്‌കോം റിപ്പോര്‍ട്ട്
6.6 ലക്ഷം പേര്‍ക്ക് നേരിട്ടും 34.1 ലക്ഷം പേര്‍ക്ക് പരോക്ഷമായും സ്റ്റാര്‍ട്ടപ്പുകള്‍ തൊഴില്‍ നല്‍കി
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് 2021 ഏറെ നേട്ടങ്ങളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് ഗവേഷണ സ്ഥാപനമായ സിന്നോവുമായി ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ നാസ്‌കോം പറയുന്നു. ഏകദേശം 320-330 ശതകോടി ഡോളറാണ് നാസ്‌കോം കണക്കാക്കിയിരിക്കുന്ന മൂല്യം.
കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ 65000 സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്ന് 6.6 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. മാത്രമല്ല, 34.1 പേര്‍ക്ക് നേരിട്ടല്ലാതെയും ജോലി നല്‍കാന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎഫ്എസ്‌ഐ, എഡ്‌ടെക്, റീറ്റെയ്ല്‍, റീറ്റെയ്ല്‍ ടെക്, ഫുഡ്‌ടെക്, എസ് സി എം, ലോജിസ്റ്റിക്‌സ് മേഖലകളാണ് കൂടുതലായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്.
2021 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 24.1 ശതകോടി ഡോളറാണ് ഫണ്ട് നേടിയത്. കോവിഡിന് മുമ്പുണ്ടായ നിലയേക്കാള്‍ ഇരട്ടിയിലേറെ വര്‍ധന. ലോകമെമ്പാടു നിന്നും ഫണ്ട് ലഭിച്ചുവെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ യുഎസ് ആണ് മുന്നില്‍.
നിരവധി ബില്യണ്‍ ഡോളര്‍ കമ്പനികള്‍ ഉയര്‍ന്നു വന്ന വര്‍ഷം കൂടിയായിരുന്നു 2021. 18 മേഖലകളില്‍ നിന്നായി 42 യൂണികോണ്‍ ക്മ്പനികളാണ് പുതുതായി ഉണ്ടായത്. യൂണികോണുകളുടെ എണ്ണത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ.