ഫ്രഷ് ടു ഹോം; കേരളത്തില്‍ നിന്ന് വീണ്ടുമൊരു യുണീകോണ്‍ ?

പൂര്‍ണമായും കേരളത്തില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങിയ ആദ്യ യുണീകോണായി ഫ്രഷ് ടു ഹോം മാറുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്

Update:2022-06-17 16:40 IST

ഓണ്‍ലൈനിലൂടെ ഇറച്ചിയും മീനും ഉള്‍പ്പടെയുള്ളവ വില്‍ക്കുന്ന ഫ്രഷ് ടു ഹോം (Fresh to Home) യൂണികോണ്‍ (Unicorn Startup) ആയേക്കും. ഇപ്പോള്‍ നടക്കുന്ന സീരീസ് ഡി ഫണ്ടിംഗ് പൂര്‍ത്തിയാവുന്നതോടെ കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടക്കും എന്നാണ് വിലയിരുത്തല്‍. ദുബായി, ബഹ്‌റിന്‍, സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഫ്രഷ് ടു ഹോമില്‍ നിക്ഷേപം എത്തും. പൂര്‍ണമായും കേരളത്തില്‍ നിന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ ആദ്യ യുണീകോണ്‍ സ്റ്റാര്‍ട്ടപ്പായി ഫ്രഷ് ടു ഹോം മാറുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങല്‍ ധനംഓണ്‍ലൈനോട് പറഞ്ഞത്.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടായേക്കും. 2020ല്‍ നടന്ന സീരീസ് ഡി ഫണ്ടിംഗില്‍ ഫ്രഷ് ടു ഹോം 121 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. അന്ന് 5,5000 കോടി രൂപയോളം ആയിരുന്നു കമ്പനിയുടെ മൂല്യം. ഇത്തവണ അതിലും ഉയര്‍ന്ന തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. സീരീസ് ഡി ഫണ്ടിംഗില്‍ 150 മില്യണ്‍ ഡോളറോളം സമാഹരിക്കാനായേക്കും എന്നാണ് സൂചന. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഫണ്ടിംഗിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഫാക്ടറി സംവിധാനങ്ങളും വിപുലപ്പെടുത്താനും ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാനുമാണ് ഫ്രഷ് ടു ഹോം ലക്ഷ്യമിടുന്നത്. കൂടാതെ നിലവില്‍ ഫ്രഷ് ടു ഹോമിന് കീഴില്‍ ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളില്‍ മാത്രമുള്ള എഫ്ടിഎച്ച് ഡെയ്‌ലി എന്ന പാല്‍-പച്ചക്കറി വിതരണ പ്ലാറ്റ്‌ഫോം കേരളത്തിലും അവതരിപ്പിച്ചേക്കും.

സീ ടു ഹോം (Sea to Home)  എന്ന പേരില്‍ 2012ല്‍ ആലപ്പുഴ ജില്ലയിലെ അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയാണ് പിന്നീട് ഫ്രഷ് ടു ഹോം എന്ന പേരില്‍ വളര്‍ന്നത്. 2021-22 സാമ്പത്തിക വര്‍ഷം 1100 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. സീ ടു ഹോമിന്റെ ഫൗണ്ടറുമായ മാത്യു ജോസഫിനോടൊപ്പം ഐറ്റി വിദഗ്ധനുമാ അമേരിക്കന്‍ ബിസിനസ് മേഖലയില്‍ പരിചയ സമ്പന്നനുമായ ഷാന്‍ കടവിലും മറ്റ് 5 പേരും ചേര്‍ന്ന് 2015 ലാണ് ഫ്രഷ് ടു ഹോമിന് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ഫാക്ടറി സ്ഥാപിച്ച്, സംസ്ഥാനത്തിനകത്ത് നിന്ന് തന്നെ വളര്‍ന്ന കമ്പനി എന്ന നിലയില്‍ കേരളത്തിലെ ആദ്യ യൂണികോണ്‍ ഫ്രഷ് ടു ഹോം ആണെന്നാണ് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരാള്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ മാസം ഒരു ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തിയ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് ആണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക യുണീകോണ്‍.

Tags:    

Similar News