നാച്യുറ ഫെര്‍ട്ടിലൈസേഴ്‌സ്; തികച്ചും നാച്യുറല്‍ വിജയം
കൃഷിക്കും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും ഒരേപോലെ അനുയോജ്യമായ ജൈവവളമായ ചിക്‌ഫെര്‍ വിപണിയിലെത്തിക്കുകയാണ് നാച്യുറ
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും പ്രകൃതിയോടിണങ്ങുന്ന കൃഷിരീതിയിലേക്ക് മലയാളികളെ ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സഹപാഠികളായ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ നാച്യുറ ഫെര്‍ട്ടിലൈസേഴ്‌സ് ചിക്‌ഫെര്‍ ജൈവവളം വിപണിയില്‍ അവതരിപ്പിച്ചു. കൃഷിക്കും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും ഒരേപോലെ അനുയോജ്യമായ ജൈവവളമാണ് ചിക്‌ഫെര്‍ എന്ന് കമ്പനി. നാച്യുറ ഫെര്‍ട്ടിലൈസേഴ്‌സിന്റെ തുടക്കത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും സാരഥികള്‍ പറയുന്നു;
ആശയം വന്ന വഴി
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പട്ടിണി രാജ്യമായിരുന്ന ഇന്ത്യയെ അതില്‍ നിന്ന് കരകയറ്റാനായി കെമിക്കല്‍ ഫാമിങ്ങും ജനിതകമാറ്റം വരുത്തിയ വിത്തുകളെ ആശ്രയിക്കുന്നതും പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഇതിന്റെ ഫലമായി 90കളായപ്പോഴേക്കും ഭക്ഷ്യോത്പ്പാദനത്തില്‍ സ്വയം പര്യാപ്തമാകാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ കെമിക്കല്‍ ഫാമിംഗിന്റെ അനന്തരഫലായി ഭക്ഷ്യവസ്തുക്കളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടു തുടങ്ങി. ഒരിക്കല്‍ സുഹൃദ് ചര്‍ച്ചകളില്‍ ഇക്കാര്യങ്ങള്‍ കടന്നു വന്നു. ഒരു പതിവ് ചര്‍ച്ച എന്നതിനപ്പുറം അതിന് ആരും പ്രാധാന്യം നല്‍കിയില്ല.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അവരില്‍ ചിലര്‍ക്കെങ്കിലും അന്ന് ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ നിന്ന് മുക്തിനേടാന്‍ കഴിഞ്ഞില്ല. അങ്ങനെ സമാനമനസ്‌കരായ ചിലര്‍ വീണ്ടും ഒത്തുകൂടി ഭക്ഷ്യമേഖലയിലെ പുതിയ പ്രവണതകളെയും കൃഷിരീതികളെയും കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. അങ്ങനെയായിരുന്നു നാച്യുറ ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കമ്പനിയുടെ തുടക്കം.
നൂറ് ശതമാനവും ഓര്‍ഗാനിക് ആയ, തികച്ചും പ്രകൃതിദത്തമായ വളം അവതരിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിട്ടത്. ഏറെ നാള്‍ കൃഷിമേഖലയില്‍ പഠനം നടത്തിയ ശേഷമാണ് ഇത്തരമൊരു പ്രകൃതിദത്തമായ വളം വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ജൈവ കൃഷി നടത്താന്‍ അനുയോജ്യമായ ജൈവ വളങ്ങളുടെ അഭാവമാണ് പലരെയും കെമിക്കല്‍ ഫാര്‍മിംഗിലേക്ക് നയിച്ചതെന്ന് പഠനങ്ങളിലൂടെ മനസിലാക്കി. ഇതേ തുടര്‍ന്ന് നൂറ് ശതമാനവും പ്രകൃതിദത്തമായ ഓര്‍ഗാനിക് വളത്തെ കുറിച്ചായി ചിന്ത. അങ്ങനെയാണ് ചിക്ഫറിലേക്ക് എത്തുന്നത്.
പണം കണ്ടെത്തിയത്
സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആവശ്യമായ പണം കണ്ടെത്തിയത്. സേലത്ത് തുടങ്ങിയ പ്ലാന്റിന് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍, എന്‍.ആര്‍.ഐ സുഹൃത്തുക്കള്‍ എന്നിവരാണ് പ്രധാന നിക്ഷേപകര്‍. ഒരു സ്വയം തൊഴില്‍ പദ്ധതി എന്ന രീതിയിലാണ് ഇത് തുടങ്ങിയിരിക്കുന്നത്.
എന്താണ് ഉല്‍പ്പന്നം?
കോഴി കാഷ്ടം, കരിമ്പിന്‍ ചണ്ടി, പഴങ്ങളുടെ വേസ്റ്റ്, നീം ഓയില്‍, സീ വീഡ് എക്‌സ്ട്രാക്റ്റസ്, തുടങ്ങിയ മൈക്രോ ന്യൂട്രിയന്റ്‌സ്, പേറ്റന്റ് ലഭിച്ചിട്ടുള്ള രണ്ട് മൈക്രോ ന്യുട്രിയന്റ്‌സ് എന്നിവ ചേര്‍ന്നതാണ് ചിക്‌ഫെര്‍. കോഴികാഷ്ടത്തില്‍ നിന്നുണ്ടാക്കുന്നതാണെന്ന് പ റയുമ്പോള്‍ തന്നെ ചിലരുടെ മുഖം ചുളിയും. ദുര്‍ഗന്ധം ഉണ്ടാകുമെന്നും ഇതുപയോഗിച്ചാല്‍ ചെടികള്‍ കരിഞ്ഞു പോകും എന്നൊക്കെയായിരുന്നു പലരുടെയും തെറ്റിദ്ധാരണകള്‍.
90 ദിവസത്തെ ട്രീറ്റ്‌മെന്റില്‍ ദുര്‍ഗന്ധം പൂര്‍ണമായും നീക്കുകയും നൈട്രജന്‍ കണ്ടന്റ് 8 ശതമാനത്തില്‍ നിന്ന് ഒന്നര ശതമാനത്തില്‍ താഴെയാക്കി മാറ്റുകയും ചെയ്യുന്നു. അതിനാല്‍ ഇന്‍ഡോര്‍ ചെടികള്‍ക്കും ഔട്ട്‌ഡോര്‍ ചെടികള്‍ക്കും ഇത് ഒരുപോലെ അനുയോജ്യമാണ്. ഒട്ടും ദുര്‍ഗന്ധവുമില്ല. ബോണ്‍സായ് ചെടികള്‍ക്കും ഇത് അനുയോജ്യമാണ്.
ടേണിംഗ് പോയ്ന്റ്
വിപണിയിലിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിക്‌ഫെര്‍ വിപണി കീഴടക്കി. ചെടികളെയും കൃഷിയെയും സ്‌നേഹിക്കുന്നവര്‍ ചിക്‌ഫെര്‍ തേടിയെത്താന്‍ തുടങ്ങി എന്ന് മാത്രമല്ല, പലരും സ്വന്തം നിലയില്‍ തന്നെ ഇതിന്റെ പ്രചാരകരുമായി. ഓര്‍ഗാനിക് രീതിയിലൂടെ ജീവിച്ച് നമ്മുടെ ഭാവിയെയും മണ്ണിനെയും സുരക്ഷിതമാക്കാം എന്നതാണ് നാച്യുറ ഫെര്‍ട്ടിലൈസേഴ്‌സ് നല്‍കുന്ന സന്ദേശം.
സ്ഥാപനത്തെ കുറിച്ച്
സേലത്താണ് ചിക്‌ഫെര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ തുടങ്ങാനായിരുന്നു ഉദ്ദേശ്യമെങ്കിലും വളം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഒരു പ്രധാന പ്രശ്‌നമായിരുന്നു. അങ്ങനെയാണ് പ്ലാന്റ് സേലത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഭാവി പദ്ധതികള്‍
ചിക്ഫര്‍ കേരളത്തിലുടനീളം സാന്നിധ്യമറിയിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. മൂന്ന് മാസത്തിനകം കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ചില്ലറ വില്പന ശാലകള്‍, വളക്കടകള്‍, നഴ്‌സറികള്‍ എന്നിവിടങ്ങളില്‍ ചിക്ഫര്‍ ലഭ്യമാകും. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ കമ്പനി. വൈകാതെ വിദേശ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ജൈവ ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയുടെ ഗവേഷണ വിഭാഗം.
സാരഥികള്‍
സഹപാഠികളും സുഹൃത്തുക്കളുമായ 4 പേരാണ് കമ്പനിയുടെ നെടുംതൂണ്‍. ഇവരുടെ സുഹൃത്തുക്കളും മാര്‍ക്കറ്റിങ്ങിലും മറ്റും സജീവമായി തന്നെ പങ്കാളികളാണ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ അശ്വതി, സെയില്‍സ് ഡയറക്ടര്‍ ബിനു ആന്റണി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ ഡയറക്ടര്‍ സനില്‍ ചാക്കോ ജോണ്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍ എന്നിവരാണ് കമ്പനിയുടെ അമരത്തുള്ളത്.