സെക്വേയ ക്യാപിറ്റല്‍ ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന പീക്ക് എക്സ്.വി കഴിഞ്ഞയാഴ്ച ലിമിറ്റഡ് പാര്‍ട്ണര്‍മാര്‍ക്ക് (ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്‌പോണ്‍സര്‍മാര്‍) അയച്ച റിപ്പോര്‍ട്ടിലാണ് കൈവശമുള്ള ഓഹരികളുടെ മൂല്യം കുറയ്ക്കുന്നതായി സൂചിപ്പിച്ചത്.
പ്രവര്‍ത്തനഫലങ്ങള്‍ വെകുന്നു
ബൈജൂസിന്റെ ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭ്യമാക്കാനാകാത്തതും കമ്പനിയുടെ ധാനകാര്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാനാകാത്തതുമാണ് ഇതിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര ശതമാനം കുറയ്ക്കുമെന്നത് വ്യക്തമാക്കിയിട്ടില്ല.
ബൈജൂസിന്റെ പ്രതിസന്ധികളെകുറിച്ച് പീക് എക്‌സ്.വി ആദ്യമായാണ് പൊതു പ്രതികരണം നടത്തുന്നത്. കമ്പനിയുടെ നടത്തിപ്പിലെ പോരായ്മകള്‍ കാരണമാണ് ബോര്‍ഡ് അംഗം രാജിവച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു നിക്ഷേപകരായ പ്രോസസ് 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ അവരുടെ കൈവശമുള്ള 10 ശതമാനം ബൈജൂസിന്റെ ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറാക്കി കുറച്ചിരുന്നു. നേരത്തെ ഇത് 57.8 കോടി ഡോളറായിരുന്നു. ഇതുപ്രകാരം ബൈജൂസിന്റെ മൊത്തെ മൂല്യം 2200 കോടി ഡോളറില്‍ നിന്ന് 510 കോടി ഡോളറായി താഴ്ന്നു.
പീക്ക് എക്സ് വി പാർട്ണേഴ്സ് എം.ഡി ജി.വി രവിശങ്കര്‍, പ്രോസസിന്റെ പ്രതിനിധി റസല്‍ സെന്‍സ്റ്റോക്, ചാന്‍സക്കര്‍ബര്‍ഗില്‍ നിന്നുള്ള വിവിയന്‍ വു എന്നിവര്‍ കഴിഞ്ഞ മാസം ആദ്യമാണ് ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചത്.
ജീവനക്കാരെ കുറച്ചു, ഓഫീസുകള്‍ പൂട്ടി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ചെലവുകുറയ്ക്കല്‍ നടപടികളുടെ ഭാഗമായി ബൈജൂസ് ബാംഗളൂരിലെയും ഡല്‍ഹിയിലെയും ഓഫീസുകള്‍ അടച്ചു പൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട് . പല ഘട്ടങ്ങളിലായി നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് ഓഫീസുകള്‍ ഒഴിഞ്ഞിരിക്കുന്നത്. ശേഷിച്ച ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റുകയോ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്.
കമ്പനിയുടെ നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ മുതല്‍ പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുന്നതിലെ കാലതാമസവും പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാത്തതും വായ്പാ കുടിശികയും ബോര്‍ഡംഗങ്ങളുടെ രാജിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ബൈജൂസിന് അഭിമുഖീകരിക്കേണ്ടി വന്നത്.