ജോലി ഉപേക്ഷിച്ച് ന്യൂജെന്‍ കൂലിപ്പണിക്കിറങ്ങി, ഹിറ്റായ രോഹിത്തിന്റെ ജീവിതം

കൂലിപ്പണിക്ക് പോവാനാണോ ഇത്രയൊക്കെ പഠിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. ക്ലീനിംഗ് ജോലിയോട് താല്‍പ്പര്യമുള്ളവരുടെ ഒരു കമ്മ്യൂണിറ്റി വളര്‍ത്തിക്കൊണ്ട് വരുകയും ഇത്തരം ജോലികളോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരുകയാണ്‌ രോഹിത്തിന്റെ ലക്ഷ്യം

Update:2022-07-26 18:00 IST

"നാട്ടില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന ആളുകളെയും ഈയൊരു പ്രഫഷനെയും എങ്ങനെയാണ് ആളുകള്‍ കാണുന്നതെന്ന് നമുക്ക് അറിയാം. ഇവിടെ ജോലികളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തരംതിരിച്ചിരിക്കുന്നത്. മേലേക്കിടിയില്‍ ഒരു ജോലി താഴേക്കിടയില്‍ ഒരു ജോലി. ക്ലീനിംഗ് എന്നൊക്കെ പറഞ്ഞാല്‍ ഒരു ജോലി പോലുമല്ല. വെറും അടിമത്തം മാത്രമാണെന്നാണ് ആളുകളുടെ കണ്‍സപ്റ്റ്.

സത്യത്തില്‍ എന്റെ പാഷന്‍ ക്ലീനിംഗ് ആയതുകൊണ്ടാണ് ഞാന്‍ ഈയൊരു ഫീല്‍ഡ് തെരഞ്ഞെടുത്തത്. ഒരുപാട് നെഗറ്റീവ് എക്സ്പീരിയന്‍സ് ഉണ്ടാകാറുണ്ട്. പക്ഷെ എന്തൊക്കെ വന്നാലും തളര്‍ന്ന് കൊടുക്കാന്‍ ഞാന്‍ തയ്യാറാല്ല. ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് ഉണ്ടായത് തന്നെ ഒരുപാട് നെഗറ്റീവ് അനുഭവങ്ങളില്‍ നിന്നാണ്. അതുകൊണ്ടാണ് ഞാന്‍ വിശ്വസിക്കുന്നത് പവര്‍ഫുള്‍ പീപ്പിള്‍ കം ഫ്രം പവര്‍ഫുള്‍ എക്സ്പീരിയന്‍സസ്"- ഇന്‍സ്റ്റഗ്രാമിലില്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ എസ്. രോഹിത് പറയുന്ന ഡയലോഗ് ആണിത്. ചെന്നൈയിലെ ഒരു പ്രമുഖ ടയര്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ ജോലി ഉപേക്ഷിച്ചാണ് ഇരുപത്തി മൂന്നാമത്തെ വയസില്‍ രോഹിത് കൂലിപ്പണിക്ക് ഇറങ്ങിയത്.

ഗ്രീന്‍ഹൗസ് ക്ലീനിംഗ് സര്‍വീസസിന്റെ തുടക്കം

ആലപ്പുഴ ജില്ലയിലെ പറവൂരിലാണ് രോഹിത്തും അമ്മയും പെങ്ങളും അടങ്ങിയ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. അച്ഛന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായിരിക്കെ ആണ് രോഹിത് കൂലിപ്പണിക്ക് ഇറങ്ങിയത്. പെയിന്റിംഗ്, പറമ്പ് വൃത്തിയാക്കല്‍, ഫൂഡ് ഡെലിവറി, ബാറില്‍ സപ്ലെയര്‍ അങ്ങനെ പല പണിയും പഠനത്തിനിടയില്‍ ചെയ്തു. അമ്മയെ പണിക്ക് വിടരുത് എന്ന ആഗ്രഹമായിരുന്നു രോഹിത്തിന്റെ ഈ ശ്രമങ്ങളുടെ പിന്നില്‍. നാട്ടകം പോളിടെക്ക്‌നിക്കിലെ പഠന ശേഷം ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചെങ്കിലും അതില്‍ രോഹിത്തിന് തൃപ്തി കണ്ടെത്താനായില്ല.

വര്‍ക്ക് ലൈഫ് ബാലന്‍സും സ്വസ്ഥതയും ഇല്ലായിരുന്നു എന്നാണ് രോഹിത് പറയുന്നത്. അങ്ങനെയാണ് ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കേറിയത്. പഠനകാലത്ത് പണിചെയ്ത ഇടങ്ങളിലൊക്കെ ആണ് ആദ്യം വര്‍ക്ക് കിട്ടിയത്. പറമ്പ് വൃത്തിയാക്കലിന് മുന്‍പും ശേഷവുമുള്ള ഫോട്ടോകള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുമായിരുന്നു. പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം,യൂട്യൂബ് എന്നീ മാധ്യമങ്ങളില്‍ ഗ്രീന്‍ഹൗസ് ക്ലീനിംഗ് സര്‍വീസസ് എന്ന പേരില്‍ പേജുകള്‍ തുടങ്ങി. ഫോട്ടോസിന് പകരം റീലുകള്‍ ഇടാന്‍ ഉപദേശിച്ചത് ഒരു സുഹൃത്താണ്. അതോടെ ഇന്‍സ്റ്റ പേജ് ഹിറ്റായി.


അമ്മയ്ക്കും സഹോദരിക്കുമൊപ്പം രോഹിത്‌

ഇന്ന് ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ ഗ്രീന്‍ ഹൗസിന്റെ ഇന്‍ഡോര്‍ ക്ലീനിംഗ് സേവനം ലഭ്യമാണ്. പറമ്പ് വൃത്തിയാക്കല്‍ ആലപ്പുഴ ജില്ലയില്‍ മാത്രമേ ഉള്ളു. ശാരീരിക അധ്വാനം കൂടുതല്‍ വേണ്ട പണിയായത് കൊണ്ടാണ് പറമ്പ് വൃത്തിയാക്കല്‍ സ്വന്തം ജില്ലയില്‍ മാത്രമാക്കിയത്. ക്ലീന്‍ ചെയ്യേണ്ട സ്ഥലത്തിന്റെ ഫോട്ടോ കണ്ട ശേഷമാണ് രോഹിത് റേറ്റ് തീരുമാനിക്കുക. ക്ലീനിംഗിനോട് താല്‍പ്പര്യം തോന്നിയെത്തിയ സമപ്രായക്കാരായ 5 പേര്‍കൂടിയുണ്ട് ഇപ്പോള്‍ രോഹിത്തിനൊപ്പം. 

കെജിഎഫും രോഹിത്തിന്റെ വര്‍ത്തമാനവും

കെജിഎഫിലെ റോക്കി ഭായിയെയും ഇലോണ്‍ മസ്‌കിനെയും ആണ് രോഹിത്തിന് ഇഷ്ടം. കൂലിപ്പണിക്ക് പോവാനാണോ ഇത്രയൊക്കെ പഠിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. ഒരിക്കല്‍ ക്ലീനിംഗിന് ചെന്ന വീട്ടിലെ റിട്ടയേര്‍ഡ് അധ്യാപിക അണ്ടര്‍ എംപ്ലോയിമെന്റ് (യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാത്ത സാഹചര്യം) എന്താണെന്ന് വിശദീകരിച്ച നിമിഷം രോഹിത് ഓര്‍ത്തെടുത്തു.

പ്രതിസന്ധികള്‍ നിരവധിയാണ്. പണ്ട്  ജാതി പറഞ്ഞായിരുന്നു ആളുകളെ വേര്‍തിരിച്ചിരുന്നത്. ജാതിയുടെ അടിസ്ഥാനം തൊഴില്‍ ആയിരുന്നു. ഇന്ന് ജാതി പറയാന്‍ പേടി ആയതുകൊണ്ട് വേര്‍തിരിവ്  ജോലി പറഞ്ഞാണെന്നാണ്  ഈ ഇരുപത്തിനാലുകാരന്‍ പറയുന്നത്. ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി ആയതുകൊണ്ട് തടസങ്ങളൊന്നും രോഹിത്തിനെ ബാധിക്കാറില്ല.

മാസം പകുതി ദിവസം പണിയുണ്ടെങ്കില്‍ തന്നെ എല്ലാച്ചെലവും കഴിഞ്ഞ് 15000 രൂപയോളം മിച്ചം പിടിക്കാന്‍  സാധിക്കുന്നുണ്ട്. ക്ലീനിംഗ് ജോലിയോട് താല്‍പ്പര്യമുള്ളവരുടെ ഒരു കമ്മ്യൂണിറ്റി വളര്‍ത്തിക്കൊണ്ട് വരുകയും ഇത്തരം ജോലികളോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരുകയുമാണ് രോഹിത്തിന്റെ ലക്ഷ്യം. തനിക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രോഹിത് റീലുകള്‍ ചെയ്യുന്നത്. ഭാവിയില്‍ കുറെ അധികം ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്ന ഒരു ആപ്ലിക്കേഷനൊക്കെയായി ഗ്രീന്‍ഹൗസ് മാറുന്ന നിമിഷം രോഹിത്തിന്റെ മനസിലുണ്ട്.

Tags:    

Similar News