എസ്.എം.ഇ ഐ.പി.ഒ: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും മൂലധനം നേടാം

ഇന്‍വെസ്റ്റര്‍മാരെ സംബന്ധിച്ച് എസ്.എം.ഇ ഐ.പി.ഒകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ പലതാണ്

Update: 2024-05-05 07:55 GMT

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനേഴാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എസ്.എം.ഇ ഐ.പി.ഒ അഥവാ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് ഒരു സാധാരണ ഐ.പി.ഒയ്ക്ക് സമാനമാണ്. ഇവിടെ ചെറുകിട, ഇടത്തരം കമ്പനികളാണ് ജനങ്ങള്‍ക്ക് ഓഹരികള്‍ വിറ്റ് മൂലധനം സമാഹരിക്കുന്നതെന്ന് മാത്രം.

പ്രൈവറ്റ് ഫിനാന്‍സിംഗിലൂടെ മാത്രം തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരുമ്പോഴാണ് സാധാരണയായി സ്വകാര്യ നിക്ഷേപകരില്‍ നിന്ന് ഫണ്ടുകള്‍ സ്വീകരിക്കുന്ന എസ്.എം.ഇകള്‍ ഐ.പി.ഒ ഇറക്കുന്നത്.
ഐ.പി.ഒ അവസാനിക്കുമ്പോള്‍ എസ്.എം.ഇ സ്റ്റോക്കുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ ട്രേഡ് ചെയ്യും. ഈ ഓഹരികള്‍ വാങ്ങി പൊതു നിക്ഷേപകര്‍ക്ക് ചെറുകിട, ഇടത്തരം കമ്പനികളിലെ ഓഹരിയുടമകളാകാം.
ലളിതമായ നിബന്ധനകള്‍
ഐ.പി.ഒ ഇറക്കണമെങ്കില്‍ എല്ലാ ചെറുകിട, ഇടത്തരം കമ്പനികളും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അതായത് കമ്പനീസ് ആക്ടിന്റെ കീഴില്‍ വരണം, 25 കോടി രൂപയെങ്കിലും മുഖവില വേണം, ആവശ്യമായ അറ്റ ആസ്തി (നെറ്റ് ടാഞ്ചിബിള്‍ അസറ്റ്) ഉണ്ടായിരിക്കണം എന്നിങ്ങനെ.
എസ്.എം.ഇകളുടെ ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയതിനാല്‍ എസ്.എം.ഇ ഐ.പി.ഒകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സാധാരണ ഐ.പി.ഒയേക്കാള്‍ ലളിതമാണ്. അതുകൊണ്ട് ചെറുകിട സംരംഭങ്ങള്‍ക്കും സ്റ്റോക്ക് മാര്‍ക്കറ്റ് വഴി പൊതുജനങ്ങളില്‍ നിന്ന് മൂലധനം സ്വരൂപിക്കാന്‍ കഴിയും.
വളര്‍ച്ചാസാധ്യതയുള്ള കമ്പനികള്‍ക്ക് നിക്ഷേപം നേടാനുള്ള അവസരമാണ് എസ്.എം.ഇ ഐ.പി.ഒ ഒരുക്കുന്നത്. അതോടൊപ്പം സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് അവരുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്.
ഇന്‍വെസ്റ്റര്‍മാരെ സംബന്ധിച്ച് എസ്.എം.ഇ ഐ.പി.ഒകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ പലതാണ്.
1. മികച്ച സാധ്യതകള്‍ മുന്നിലുള്ള കമ്പനികളില്‍, അവയുടെ വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിലൂടെ ഉയര്‍ന്ന റിട്ടേണുകള്‍ നേടാന്‍ കഴിയും.
2. എസ്.എം.ഇ ഐ.പി.ഒകള്‍ നല്‍കുന്ന ലിക്വിഡിറ്റി. പ്രൊമോട്ടര്‍മാരും ആദ്യഘട്ടത്തിലെ നിക്ഷേപകരും ഉള്‍പ്പെടെയുള്ള ഓഹരിയുടമകള്‍ക്ക് ഒരു 'എക്‌സിറ്റ് സ്ടാറ്റജി' ഈ ഐ.പി.ഒകളിലൂടെ ലഭിക്കും. അവരുടെ നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാം, പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലമാക്കാം.
3. കമ്പനിയുടെ വിശ്വാസ്യതയും ദൃശ്യതയും (വിസിബിലിറ്റി) വര്‍ധിപ്പിക്കാന്‍ ഐ.പി.ഒ സഹായിക്കും. ഇതിലൂടെ പുതിയ ഉപഭോക്താക്കളെയും വിതരണക്കാരെയും ബിസിനസ് പങ്കാളികളെയും ആകര്‍ഷിക്കാന്‍ കഴിയും.
4. ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് വളരാനുള്ള അവസരങ്ങളാണ് ഐ.പി.ഒ നല്‍കുന്നത്. സെക്കന്ററി ഓഫറിംഗ് വഴി കമ്പനി കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും. ഇതില്‍ പ്രൈവറ്റ് പ്ലേസ്‌മെന്റുകള്‍, ഏറ്റെടുക്കലുകള്‍, ലയനങ്ങള്‍, പുതിയ സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടുന്നു.
5. ചെറുകിട, ഇടത്തരം കമ്പനികളുടെ ഐ.പി.ഒകളില്‍ നിക്ഷേപിക്കുന്നതിലൂടെ ബിസിനസ്, തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തെ സഹായിക്കാന്‍ കഴിയും.
Tags:    

Similar News