ഉപഭോക്താക്കള്‍ക്ക് നിക്ഷേപാവസരം നല്‍കി സ്റ്റാർട്ടപ്പ്; വന്‍ പ്രതികരണം
ഫിന്‍ടെക് പ്ലാറ്റ്‌ഫോമിലൂടെ ചുരുങ്ങിയത് 5000 രൂപ നല്‍കി സ്‌നാക് ഉല്‍പ്പാദക കമ്പനിയില്‍ നിക്ഷേപം നടത്താം
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കി സ്റ്റാർട്ടപ്പ്. ഉടമകളെ പോലും ഞെട്ടിച്ച് രണ്ടു ദിവസം കൊണ്ട് 156 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍!
ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാക്ക് ഉല്‍പ്പാദന കമ്പനിയായ ടാഗ്‌സ് ഫുഡ്‌സ് (TagZ Foods) ആണ് കമ്മ്യൂണിറ്റി സ്റ്റോക് ഓപ്ഷന്‍ പ്ലാനി(സിഎസ്ഒപി)ലൂടെ ഉപഭോക്താക്കള്‍ക്ക് ഓഹരി വാഗ്ദാനം ചെയ്തത്.
ആയിരത്തോളം ഉപഭോക്താക്കളാണ് കമ്പനിയില്‍ നിക്ഷേപിക്കാന്‍ തയാറായി വന്നത്. ടൈക് (Tyke) എന്ന ഫിന്‍ടെക് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സിഎസ്ഒപി അവതരിപ്പിച്ചത്. എളുപ്പത്തിലും വേഗത്തിലും ഇടപാടുകള്‍ നടത്താന്‍ അത് സഹായിച്ചു.
ഇപ്പോഴും ടൈകിലൂടെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. 5000 രൂപ മുതല്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടാഗ്‌സ് അഞ്ചു ലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേടിയിരുന്നു. ഡെക്സ്റ്റര്‍ ഏയ്ഞ്ചല്‍സ്, എജിലിറ്റി വെഞ്ചേഴ്‌സ്, വെഞ്ച്വര്‍ കാറ്റലിസ്റ്റ്‌സ്, ധരംവീര്‍ ചൗഹാന്‍ (Zostel സഹ സ്ഥാപകന്‍), ധ്രുവ് (ദി പാന്റ് പ്രോജക്റ്റ് സഹ സ്ഥാപകന്‍), അരുണ്‍ വൈദ്യ (ഡോ വൈദ്യാസ് സഹ സ്ഥാപകന്‍) തുടങ്ങിയവരാണ് ടാഗ്‌സില്‍ നിക്ഷേപം നടത്തിയിരുന്നത്.
2019 ലാണ് അനീഷ് ബസു റോയ്, സാഗര്‍ ഭലോട്ടിയ എന്നിവര്‍ ചേര്‍ന്ന് ടാഗ്‌സിന് തുടക്കമിട്ടത്. പൊട്ടറ്റോ ചിപ്‌സ് അടക്കമുള്ളവ സ്‌നാക്ക്‌സ് ആണ് കമ്പനി ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ചത്. 30 ഓണ്‍ലൈന്‍ പാര്‍ട്ണര്‍മാരിലൂടെയും 2000ത്തിലേറെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയുമാണ് വിതരണം. ഇതുവരെ 40 ലക്ഷം യൂണിറ്റ് വിറ്റഴിച്ചതായി കമ്പനി പറയുന്നു.