120 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് നേടി ഉഡാന്‍
സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടു കണ്ടെത്താന്‍ ആഗോളതലത്തില്‍ തന്നെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഈ നേട്ടം
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെ 120 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി ബിടുബി ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് ഉഡാന്‍. ഇതോടെ കഴിഞ്ഞ നാലു പാദത്തിനിടെ ഉഡാന്‍ നേടുന്ന ആകെ ഫണ്ടിംഗ് 350 ദശലക്ഷം ഡോളര്‍ കടന്നു. ചെറുകിട ഉല്‍പ്പാദകരെയും കര്‍ഷകരെയും ചെറുകിട ബ്രാന്‍ഡുകളെയും ബന്ധിപ്പിച്ച് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഉഡാന്‍. 100 ശതമാനം പേമെന്റ് സെക്യൂരിറ്റിയും സുതാര്യതയുമാണ് ഉഡാന്റെ വിജയരഹസ്യം.
അടുത്തിടെ പിഡബ്ല്യുസി പുറത്തു വിട്ട കണക്കുപ്രകാരം സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ രണ്ടുവര്‍ഷത്തെ കുറഞ്ഞ തുകയായ 2.7 ശതകോടി ഡോളര്‍ എന്ന നിലയില്‍ എത്തിയിരുന്നു. 205 ഇടപാടുകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടന്നത്.
മാത്രമല്ല, ഇക്കാലയളവില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് യൂണികോണ്‍ കമ്പനിയായത്. ആഗോള തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്.
അതേസമയം അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഉഡാന്‍. നിലവില്‍ നഷ്ടമുണ്ടാക്കുന്ന യൂണികോണ്‍ കമ്പനികളില്‍ മുമ്പിലാണ് ഈ സ്റ്റാര്‍ട്ടപ്പ്.