Ask Why, Think Why Not! ഇത് J K സ്‌റ്റൈല്‍

Update:2020-01-18 09:25 IST

സാര്‍, യഥാര്‍ത്ഥ വിജയം എന്താണ്? ഒരിക്കല്‍ ഹാവെല്‍സ് ഓപ്പറേഷന്‍സ് ഹെഡ് ജ്യോതിഷ് കുമാറിനോട് ഒരു കമ്പനി എക്‌സിക്യൂട്ടിവിന്റെ ചോദ്യം ഇതായിരുന്നു.

''നാം മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈവരിക്കുന്ന നേട്ടങ്ങളല്ല, മറിച്ച് നമ്മള്‍ ആരാകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരുന്നതാണ് യഥാര്‍ത്ഥ വിജയം'' ജ്യോതിഷ് കുമാറിന്റെ ഈ മറുപടിയുടെ അര്‍ത്ഥം പിന്നീട് സ്വന്തം പ്രവൃത്തിയിലൂടെയും ഇദ്ദേഹം വെളിവാക്കികൊടുത്തു.

ഹാവെല്‍സ് എന്ന കമ്പനിയെ മിന്നുന്ന വിജയങ്ങളിലേക്ക് നയിച്ച ജ്യോതിഷ് കുമാര്‍ കരിയറില്‍ തിളങ്ങി നില്‍ക്കെ എല്ലാം വിട്ടെറിഞ്ഞ് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടു.

ലൂക്കര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജെ കെ ആയിട്ടാണ് പിന്നീട് അദ്ദേഹത്തെ എല്ലാവരും കണ്ടത്. അതും ഇന്ത്യയിലെ തന്നെ ഇലക്ട്രോണിക്സ് രംഗത്ത് ഏറ്റവും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയെന്ന നേട്ടത്തോടെ.

'ആസ്‌ക് വൈ, തിങ്ക് വൈ നോട്ട്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ തന്റെ ജീവിത വഴിയിലെ കണ്ടെത്തലുകള്‍ അദ്ദേഹം വളരെ വ്യക്തമായി കോറിയിട്ടിരിക്കുന്നു. പുസ്തകത്തിന്റെ തലക്കെട്ടിന് സമാനമാണ് ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫിലോസഫിയും. ഹാവെല്‍സില്‍ നിന്നിറങ്ങിയപ്പോള്‍ Why എന്നു ചോദിച്ചവരോട് ജെകെ ഒരു ചെറു പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു, Why not? ഈ വിധമുള്ള ചോദ്യമാണ് ജെ കെയെ ലൂക്കര്‍ എന്ന യുഎസ് കമ്പനിയിലേക്കെത്തിച്ചത്.

മെക്കാനിക്കല്‍ എന്‍ജിനീയറായ ജെ കെ എംഡിഎസ് സ്വിച്ച് ഗിയര്‍, ഫിനോലെക്സ്, ഹാവെല്‍സ് തുടങ്ങിയ ഇലക്ട്രിക് മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്താണ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് രംഗത്ത് തന്റേതായ പ്രതിച്ഛായ സൃഷ്ടിച്ചത്. 2001 ലാണ് ജെ കെ ഹാവെല്‍സില്‍ ചേരുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മാര്‍ക്കറ്റിംഗ് ടീമിനെ പ്രചോദിപ്പിച്ചുകൊണ്ട് ഹാവെല്‍സിന്റെ കേരളത്തിലെ വിറ്റുവരവ് പലമടങ്ങ് ഉയര്‍ത്താന്‍ ജെകെയുടെ നേതൃത്വത്തിന് സാധിച്ചു. 10 വര്‍ഷത്തിനുള്ളില്‍ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലും വിജയകരമായ മുന്നേറ്റമാണ് ലൂക്കറിലൂടെ ജെ കെ നടത്തിയത്. ഹാവെല്‍സിന്റെ രാജ്യത്തെ വിറ്റുവരവ് 6000 കോടിയിലെത്തിക്കാന്‍ കഴിഞ്ഞ ജ്യോതിഷ് കുമാര്‍ പിന്നീട് ശ്രദ്ധ പതിപ്പിച്ചത് രാജ്യാന്തര വിപണിയിലായിരുന്നു. ദക്ഷിണേന്ത്യയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റിലേക്കും ഫാര്‍ ഈസ്റ്റിലേക്കും ഹാവെല്‍സ് കടന്നു ചെന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഹാവെല്‍സ് സില്‍വാനിയ യൂറോപ്പ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു പിന്നീടുള്ള ചുമതല. 35 രാജ്യങ്ങളിലെ അഞ്ച് ഉല്‍പ്പാദന യൂണിറ്റിലായി 1700 ജീവനക്കാരുടെ നിയന്ത്രണം ജ്യോതിഷ്‌കുമാന്റെ ചുമതലയായി.

ലക്ഷ്യമിട്ടത് വ്യത്യസ്ത സംരംഭം ചെന്നെത്തിയത് ലൂക്കറില്‍

ബിസിനസ് ലോകം ജെ കെ എന്ന 'സ്പാര്‍ക്ക് പ്ലഗി'ന്റെ അടുത്ത മാര്‍ക്കറ്റിംഗ് നീക്കത്തിന് കാതോര്‍ത്തിരിക്കുമ്പോഴാണ് ഹാവെല്‍സില്‍ നിന്നിറങ്ങാനുള്ള തീരുമാനം.''ഹാവെല്‍സിന്റെ മാതൃകയിലുള്ള ഒരു ചെറിയ സംരംഭം ആയിരുന്നു ആദ്യം മനസില്‍. സംരംഭത്തിന് ഒരു പ്രത്യേകതയും വ്യത്യസ്തതയും കൊണ്ടുവരണമെന്നും അത് ഇവിടുത്തെ ടോപ് ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന ഒന്നായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അമേരിക്കന്‍ ലൈറ്റിംഗ് വമ്പന്മാരായ ലൂക്കറിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഇവിടെ ഉദയം കൊള്ളുന്നത്'' ജ്യോതിഷ് പറയുന്നു.

2013 ല്‍ ലൂക്കര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഈ സെക്ടറില്‍ 870 ബ്രാന്‍ഡുകളുണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് 50 ഓളം ബ്രാന്‍ഡുകള്‍ മാത്രം!. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ മാത്രം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായത് 15 ഓളം കമ്പനികളാണ്.

ജെ കെ എങ്ങനെയാണ് ഹാവെല്‍സിനെ ഉയരങ്ങളിലേക്ക് എത്തിച്ച മാര്‍ക്കറ്റിംഗ് മാന്ത്രികനായത്? എങ്ങനെയാണ് ലൂക്കര്‍ ഇന്ത്യയെ പ്രതിസന്ധികളില്‍ ഉലയാതെ മുന്നോട്ട് നയിക്കുന്നത്? ഇതിനെല്ലാമുള്ള ജെ കെയുടെ ഉത്തരങ്ങള്‍ ബ്രാന്‍ഡ് ബില്‍ഡിംഗിന്റെ, സംരംഭത്തെ അടുത്തതലത്തിലേയ്ക്ക് വളര്‍ത്തുന്നതിന്റെ ഫോര്‍മുലകള്‍ കൂടിയാണ്.

ബ്രാന്‍ഡ് ബില്‍ഡിംഗിലെ രസക്കൂട്ട്!

ഒരു ബിരിയാണി ബിസിനസിന്റെ സിംപിള്‍ വിജയ രഹസ്യം മാത്രമേ ഏതൊരു ബ്രാന്‍ഡ് ബില്‍ഡിംഗിന്റെയും ചേരുവയിലുമുള്ളു എന്നാണ് ജെ കെ പറയുന്നത്. 'എന്തെങ്കിലും ഒരു കട്ടിംഗ് എഡ്ജ്, സ്പെഷലൈസേഷന്‍ ഉള്ള മേഖലയിലേ സംരംഭകത്വവുമായി ഇറങ്ങിത്തിരിക്കാവൂ. ബിരിയാണി ഇഷ്ടപ്പെടുന്ന ഒരാള്‍ തലശ്ശേരി ബിരിയാണി എന്നു കേട്ടാല്‍ അവിടേക്ക് തിരിയുന്നത് കണ്ടിട്ടില്ലേ.

ബിരിയാണി ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ ബിരിയാണി വയ്ക്കാന്‍ അറിവുണ്ടോ എന്നു സ്വയം ചോദിക്കലാണ് ആദ്യപടി. ഒരു എക്സ്പേര്‍ട്ടിനെ വെച്ചു ചെയ്യിക്കാമെങ്കിലും ബിരിയാണിയെക്കുറിച്ച് അറിവുണ്ടായിരിക്കുക പ്രധാനം. ഇനി അടിസ്ഥാന സൗകര്യങ്ങള്‍, മുടക്കുമുതല്‍ എന്നിവ അറിയണം. നിര്‍ത്തിയിട്ട കാറില്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വരെ ബിരിയാണി വില്‍ക്കാം. നിങ്ങളുടെ ബ്രാന്‍ഡിനെ എവിടെ പ്ലേസ് ചെയ്യണം എന്നാദ്യം തീരുമാനിക്കുക.

ഇതു മാത്രം പോര. എത്ര രൂപ, ഒരു ദിവസം എത്ര എണ്ണം അത്തരം കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. നിങ്ങള്‍ 200 രൂപ വിലയുള്ള 500 ബിരിയാണി ഒരു ദിവസം വില്‍ക്കാന്‍ തീരുമാനിക്കുന്നു. ലക്ഷ്വറി സെഗ്മെന്റ് ആണ് നോക്കുന്നതെങ്കില്‍ 500 രൂപ വരെയാകാമത്. ഇനിയാണ് സെയ്ല്‍സ്. റെസ്റ്റൊറന്റ് വഴിയോ ഹോം ഡെലിവറി ആയോ ടേക്ക് എവേ ആയോ മൊബൈല്‍ ആപ്പ് വഴിയോ എങ്ങനെ വേണമെങ്കിലും ബിരിയാണി വില്‍ക്കാം. എല്ലാത്തരം ബിരിയാണിയും ലഭ്യമാക്കാമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചുറപ്പിക്കരുത്, കാരണം നിങ്ങളുടെ കൈവശമുള്ളത് ചുരുങ്ങിയ വിഭവശേഷിയാണ്. അപ്പോള്‍ ചിക്കനോ ബീഫോ മാത്രം തുടങ്ങാം. സെയ്ല്‍സ് നേടാന്‍ ഏറ്റവും മികച്ച മാര്‍ഗം ഹോട്ടലുകളും റെസ്റ്റൊറന്റുകളുമായും ടൈഅപ് ആകുക എന്നതാണ്. ഈ ബിസിനസ് മോഡല്‍ വര്‍ക്കൗട്ട് ആയാല്‍ ബിസിനസ് അടുത്ത തലത്തിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങാം.

ഇത്തരത്തില്‍ തന്നെയായിരുന്നു ലൂക്കറിന്റെ വിജയവും. സ്വന്തം സംരംഭം എന്ന ആശയം വന്നപ്പോള്‍ പരിചിതമായ മേഖലയ്ക്കു തന്നെയാണ് ആദ്യം പ്രാധാന്യം നല്‍കിയത്. എല്‍ഇഡി സെഗ്മെന്റിലേക്ക് ചുവടുവയ്ക്കാനുദ്ദേശിച്ചപ്പോള്‍ ആ രംഗത്തെ സാങ്കേതിക മികവുള്ള ബ്രാന്‍ഡിനൊപ്പം തന്നെയാകണമെന്നും ഉറപ്പിച്ചു. അങ്ങനെയാണ് ലുക്കറിലേക്കെത്തിയത്. പ്രീമിയം ബ്രാന്‍ഡുകള്‍ക്കിടയിലാണ് ലൂക്കറിനെ പൊസിഷന്‍ ചെയ്തത്. അത്തരം പൊസിഷനിംഗ് അര്‍ഹിക്കുന്ന ബ്രാന്‍ഡ് തന്നെയാണ് ലൂക്കര്‍ എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

ബള്‍ബുകള്‍, ട്യൂബ്സ് എന്നീ സെഗ്‌മെന്റിലാണ്. ലൂക്കര്‍ ആദ്യം കൈവെച്ചത്. വിപണിയുടെ പള്‍സ് അറിഞ്ഞായിരുന്നു പിന്നീടുള്ള വിപുലീകരണം. ലൂക്കറിന്റെ സെയ്ല്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി നേരിട്ടല്ല ഡീലര്‍മാരുമായിട്ടായിരുന്നു ഇടപാടുകള്‍. എനിക്കൊരു ആമുഖത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതും ബ്രാന്‍ഡ് ക്വാളിറ്റിയും അവിടെ സഹായകമായി.

സംരംഭകരോട് പറയാനുള്ളത്

'നിങ്ങള്‍ക്ക് മുകളിലെ മേല്‍ക്കൂരയില്‍ തൊടാന്‍ ചാടിയാല്‍ മതി. പക്ഷെ പത്താം നിലയിലേക്കെത്താന്‍ ലിഫ്റ്റോ ബദല്‍മാര്‍ഗങ്ങളോ തേടിയേ മതിയാകൂ. സംരംഭകര്‍ക്ക് പലപ്പോഴും തെറ്റു പറ്റുന്നതവിടെയാണ്. അവര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യത്തെക്കാളേറെ ശ്രദ്ധ നല്‍കിക്കൊണ്ടേ ഇരിക്കും. എന്നാല്‍ 20 ശതമാനം മാത്രം അവയില്‍ ശ്രദ്ധ പതിപ്പിക്കുകയും 80 ശതമാനം അടുത്ത തലത്തിലേക്ക് ചിന്തിക്കാനും ശ്രദ്ധയൂന്നുക. നിങ്ങള്‍ ഉയരത്തിലായിരിക്കുമ്പോള്‍ നിങ്ങളെ താഴെയിറക്കാന്‍ പലരും പല ശ്രമങ്ങളും നടത്തും. എന്നാല്‍ നിങ്ങള്‍ തീരുമാനിക്കുന്നത് വരെ നിങ്ങളെ ആര്‍ക്കും താഴെയിറക്കാനാകില്ല.'' ജെ കെ പറഞ്ഞു നിര്‍ത്തുന്നു.

വിജയം കയ്യെത്തിപ്പിടിച്ച വഴികള്‍

  • ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വ്യത്യസ്തതയുടെ ഒരു സ്പാര്‍ക്ക് ഉണ്ടായിരിക്കാന്‍ ശ്രമിച്ചു.
  • കരിയറിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം അപ്ഗ്രേഡ് ചെയ്തുകൊണ്ടിരുന്നു.
  • സ്വന്തം കഴിവും നൈപുണ്യവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പണവും സമയവും വിനിയോഗിച്ചതിലൂടെ എപ്പോഴും മുന്നില്‍ തന്നെ സ്ഥാനമുറപ്പിച്ചു.
  • പ്രൊഫഷണല്‍ ജീവിതത്തില്‍ ഉടനീളം ഇന്നവേറ്റീവ് ആകാന്‍ ശ്രമിച്ചു.
  • മികച്ച കമ്മ്യൂണിക്കേഷന്‍, ടൈം മാനേജ്മെന്റ് സ്‌കില്‍ എന്നിവ സ്വായത്തമാക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.
  • എന്താണ് വില്‍ക്കേണ്ടത്, എങ്ങനെ വില്‍ക്കണം എന്നിവയെക്കുറിച്ച് വ്യക്തമായ ഫോക്കസ് ഉണ്ടായിരുന്നു.
  • പറയുന്നതിനോടും പവര്‍ത്തിക്കുന്നതിനോടും നീതി പുലര്‍ത്തുക എന്ന നയം ശീലമാക്കി.
  • ഓരോ ജീവനക്കാരന്റെയും കഴിവുകളെ പരമാവധി സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കാന്‍ അവരെ പ്രചോദിപ്പിച്ചു.
  • സ്വന്തം മേഖലയെക്കുറിച്ചു മാത്രമല്ല ചുറ്റുമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അപ്ഡേറ്റഡ് ആയിക്കൊണ്ടിരുന്നു.
  • തന്ത്രപരമായ നീക്കങ്ങള്‍ക്കുള്ള സാധ്യതകള്‍ എപ്പോഴും പരിഗണിച്ചു കൊണ്ടിരുന്നു.

ലീഡര്‍ഷിപ്പിലെ മൂന്ന് C കള്‍

ക്രിയേറ്റിവിറ്റി, കമ്യൂണിക്കേഷന്‍, കമ്മിറ്റ്മെന്റ്. ഈ മൂന്നു 'ഇ' കള്‍ നിങ്ങള്‍ക്കുണ്ടായാലേ ഒരു ലീഡറാകാന്‍ കഴിയൂ എന്നാണ് ജെ കെ പറയുന്നത്. മികച്ച ഒരു ലീഡറിന് മാത്രമേ മികച്ച ഒരു സംരംഭകനാകാന്‍ കഴിയൂ. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ മൂന്നു സികള്‍. വ്യത്യസ്തമായി എല്ലാം ചെയ്യാനുള്ള കഴിവുണ്ടായിരിക്കുക എന്നതാണ് സംരംഭകത്വത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ വേണ്ട പ്രധാന കാര്യം. ക്രിയേറ്റിവിറ്റി ആയാല്‍ തന്നെ പാതി വിജയമായി.
മറ്റൊന്ന് കമ്യൂണിക്കേഷനാണ്. ടെക്നോളജി വികസിച്ചിട്ടില്ലാത്ത പഴയ കാലഘട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും കാതോര്‍ത്തിരുന്ന വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്രപിതാവ്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുണ്ടായിരുന്ന കഴിവാണ് അദ്ദേഹത്തിന്റെ ശക്തി. മികച്ച ഒരു ലീഡറിന് അതുണ്ടായിരിക്കണം.

മൂന്നാമത്തേത് കമ്മിറ്റ്മെന്റാണ്. ചാവേറുകളുടെ കമ്മിറ്റ്മെന്റിനോട് എനിക്ക് പലപ്പോഴും ആദരവ് തോന്നിയിട്ടുണ്ട്. മരിക്കുമെന്നറിഞ്ഞാല്‍ പോലും പൊരുതി ജയിക്കുന്ന അവരുടെ വീറ്. ജയിക്കുമെന്നുറപ്പിച്ചുള്ള അവരുടെ ചുവടുകള്‍. ഇവയെല്ലാം സംരംഭകനുമുണ്ടായിരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News