യുദ്ധവും ആ പത്രവാര്‍ത്തയും യൂസഫലിയുടെ ജീവിതത്തിലെ വന്‍ 'വഴിത്തിരിവ്'; പലചരക്കു കടയില്‍ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളര്‍ച്ച ഇങ്ങനെ
ബിസിനസുകാരെല്ലാം യുദ്ധം മുറുകിയതോടെ കൈയില്‍ കിട്ടിയതും കൊണ്ട് പലായനം ചെയ്തപ്പോള്‍ യൂസഫലിയുടെ തീരുമാനം മറിച്ചായിരുന്നു
യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ.പി.ഒയുമായി ലുലു റീട്ടെയ്ല്‍ എത്തുമ്പോള്‍ എം.എ യൂസഫലി എന്ന ദീര്‍ഘദര്‍ശിയുടെ വിജയം കൂടിയാണത്. ഒന്നുമില്ലായ്മയില്‍ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ച ഈ തൃശൂര്‍കാരന്‍ പ്രതിസന്ധികളെ ചവിട്ടുപടിയാക്കിയാണ് വിജയങ്ങള്‍ കൊയ്തത്. ലുലുവിന്റെയും യൂസഫലിയുടെയും പ്രയാണത്തില്‍ 1990ലെ ഗള്‍ഫ് യുദ്ധത്തിന് വലിയ പങ്കുണ്ട്.
വ്യാപാര കുടുംബത്തിലെ തുടക്കം
1955 നവംബര്‍ 15നാണ് യൂസഫലിയുടെ ജനനം. വക്കീലാകാന്‍ ആഗ്രഹിച്ച ചെറുപ്പകാലം. പിതാവ് അടക്കം കുടുംബം പാരമ്പര്യമായി കച്ചവടം നടത്തുന്നവരായിരുന്നു. യൂസഫലിയും പതിയെ ആ വഴിയെ നീങ്ങി. അഹമ്മദാബാദില്‍ പിതാവും ബന്ധുക്കളും നടത്തിയിരുന്ന സ്‌റ്റോറില്‍ ഇടക്കാലത്ത് സഹായിയായി നിന്നത് ബിസിനസിലേക്കുള്ള ചുവടുവയ്പായി മാറി.
യൂസഫലിയുടെ ജീവിതത്തിലെ വഴിത്തിരിവ് ഗള്‍ഫിലേക്കുള്ള യാത്രയാണ്. മലയാളികളുടെ പ്രവാസജീവിതത്തിന്റെ ഒഴുക്ക് തുടങ്ങിയ സമയമായിരുന്നു അത്. പിതാവിന്റെ അനുജന് അക്കാലത്ത് ദുബായില്‍ പലചരക്ക് വ്യാപാരമുണ്ടായിരുന്നു. ഇവിടേക്ക് 1973 ഡിസംബറില്‍ യൂസഫലി കപ്പല്‍ കയറി. കേരളത്തില്‍ നിന്ന് വിഭിന്നമായ കാലാവസ്ഥയില്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയെങ്കിലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമായി അദ്ദേഹം മുന്നോട്ടുപോയി.
യുദ്ധം, ടേണിംഗ് പോയിന്റ്
പിതൃസഹോദരന്റെ പലചരക്കുകട വിപുലമാക്കുന്നതിന്റെ സാധ്യതകള്‍ ആലോചിക്കുന്നതിനിടെ യൂസഫലി നടത്തിയ ഓസ്‌ട്രേലിയന്‍ യാത്രയാണ് സംരംഭ ജീവിതത്തില്‍ അദ്ദേഹത്തെ വഴിമാറ്റി നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ എല്ലാ സാധനങ്ങളും ഒരിടത്തു ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് സംവിധാനം എന്തുകൊണ്ട് യു.എ.ഇയില്‍ തുടങ്ങിക്കൂടായെന്ന ആലോചന ശക്തമായി. അങ്ങനെ 1989ല്‍ അബുദാബിയില്‍ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു. 1990ല്‍ അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്ന സമയത്താണ് ഗള്‍ഫ് യുദ്ധം ആരംഭിക്കുന്നത്.
കുടിയേറ്റക്കാരായ ബിസിനസുകാരെല്ലാം കൈയില്‍ കിട്ടിയതും കൊണ്ട് സ്വന്തം രാജ്യങ്ങളിലേക്ക് പാലായനം ചെയ്തപ്പോള്‍ യൂസഫലിയുടെ തീരുമാനം മറിച്ചായിരുന്നു. യു.എ.ഇയില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അക്കാലത്ത് ഒരു പത്രത്തില്‍ യൂസഫലിയെക്കുറിച്ചൊരു റിപ്പോര്‍ട്ട് വന്നു. പ്രതിസന്ധികള്‍ക്കിടയിലും യു.എ.ഇയെ കൈവിടാതെ ബിസിനസ് തുടരുന്ന സംരംഭക ജീവിതമായിരുന്നു പ്രതിപാദ്യം. ഈ റിപ്പോര്‍ട്ട് യു.എ.ഇ ഭരണാധികാരിയായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ അടുത്തുമെത്തി.
യൂസഫലിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച സുല്‍ത്താന്‍ അബുദാബിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നിര്‍മിക്കാന്‍ 40 ഏക്കര്‍ ഭൂമിയും അനുവദിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ യു.എ.ഇയെ വിട്ടുപോകാത്തതിന് രാജ്യത്തിന്റെ പ്രത്യുപകരമായിരുന്നു അത്. പിന്നീട് മധേഷ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം പല നിര്‍ണായക ഘട്ടത്തിലും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പാലമായും വര്‍ത്തിച്ചു.