ലേഡി ഗാഗയും ഓപ്ര വിന്‍ഫ്രെയും നിങ്ങള്‍ക്ക് പറഞ്ഞു തരുന്ന വിജയപാഠം ഇതാണ്

ഗ്രാമിയും ഓസ്‌ക്കാറും നേടി വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ലേഡി ഗാഗയെ ആദ്യ കരാറില്‍ നിന്ന് വെറും മൂന്നുമാസം കൊണ്ട് നീക്കിയിട്ടുണ്ട്. ടെലിവിഷന് പറ്റിയതല്ല താന്‍ എന്ന മേലുദ്യോഗസ്ഥന്റെ അഭിപ്രായം തെറ്റാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഓപ്ര വിന്‍ഫ്രെ വിജയിയാക്കിയത്. സ്ഥിരോത്സാഹം വെല്ലുവിളികളെ അതിജീവിക്കാനുള്ള മരുന്നാണ്. നിങ്ങള്‍ക്കും പ്രാവര്‍ത്തികമാക്കാം.

Update:2021-05-01 08:16 IST

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പൊതുവേദിയില്‍ ഞാന്‍ സംസാരിക്കാന്‍ കയറി. ഭീകരമായ അനുഭവമായിരുന്നു അത്. എന്റെ നാവ് വരണ്ടു. കാലുകള്‍ വിറച്ചു. സദസ്സിന് മുന്നില്‍ തളര്‍ന്നുവീഴുമെന്ന് ഭയന്നു. പക്ഷേ, പിന്നീട് ഞാന്‍ പബ്ലിക് സ്പീക്കിംഗ് സ്‌കില്‍ കൂട്ടാന്‍ മനഃപൂര്‍വ്വം പരിശ്രമിക്കാന്‍ തുടങ്ങി. അതിന്റെ ഫലവും കിട്ടി.

സ്ഥിരോത്സാഹം വെല്ലുവിളികളെ അതിജീവിക്കാനുള്ള മരുന്നാണ്. ഗ്രാമിയും ഓസ്‌ക്കാറും നേടി വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗായിക ലേഡി ഗാഗയെ ആദ്യ കരാറില്‍ നിന്ന് വെറും മൂന്നുമാസം കൊണ്ട് നീക്കിയിട്ടുണ്ട്. ടെലിവിഷന് പറ്റിയതല്ല താന്‍ എന്ന മേലുദ്യോഗസ്ഥന്റെ അഭിപ്രായം തെറ്റാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഓപ്ര വിന്‍ഫ്രെ വിജയിയാക്കിയത്. സ്വന്തം സ്വപ്‌നങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാകാതെ സ്ഥിരോത്സാഹത്തോടെ മുന്നേറിയവര്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
സ്ഥിരോത്സാഹം എങ്ങനെ വളര്‍ത്താം?
പരാജയം കാര്യമാക്കാതെ മുന്നോട്ട് പോകാനുള്ള മനസ്സുണ്ടോ, എങ്കില്‍ നിങ്ങള്‍ സ്ഥിരോത്സാഹിയാണ്. എത്ര വട്ടം വീണാലും വീണ്ടും എഴുന്നേല്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. ബില്‍ ഗേറ്റ്‌സ് പറഞ്ഞതുപോലെ, വിജയം ഒരു അവലക്ഷണം പിടിച്ച അധ്യാപകനാണ്. അത് സ്മാര്‍ട്ടായ ആളുകളില്‍ ഒരിക്കലും തോല്‍ക്കില്ലെന്ന മനോഭാവം വളര്‍ത്താന്‍ കാരണമാകും. എന്നാല്‍ പരാജയം അങ്ങനെയല്ല. സ്മാര്‍ട്ടായ ആളുകളെ സൃഷ്ടിക്കുന്നത് പരാജയങ്ങളാണ്. സിലിക്കണ്‍ വാലിയിലെ സംരംഭകരുടെ വിജയമന്ത്രം തന്നെ പരാജയത്തില്‍ നിന്ന് പഠിക്കുക എന്നതാണ്.
പരാജയങ്ങള്‍ പലരും അങ്ങേയറ്റം വൈകാരികവും വ്യക്തിഗതവുമായെടുക്കും. അതിന്റെ ആവശ്യമില്ല. പരാജയഭാരം ഹൃദയത്തില്‍ പേറിക്കൊണ്ട് നടന്നാല്‍ മുന്നിലുള്ള വഴി പോലും കാണില്ല. സ്ഥിരോത്സാഹം ഒരു സ്വഭാവ മഹിമയാണ്. അതിനെ വളര്‍ത്തിയെടുക്കാന്‍ ആത്മാര്‍പ്പണം, നിശ്ചയദാര്‍ഢ്യം, ചുറുചുറുക്ക്, ശുഭാപ്തി വിശ്വാസം, ക്ഷമ, ലക്ഷ്യബോധം, കൃത്യനിഷ്ഠ തുടങ്ങിയ കാര്യങ്ങളും നിങ്ങളില്‍ വേണം.
അതുപോലെ തന്നെ തന്ത്രപരമായ പിന്മാറ്റമെന്ന കലയും നിങ്ങളില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പോകാത്ത കാര്യങ്ങളില്‍ നിന്ന് കൃത്യമായ സമയത്ത് പിന്മാറി മുന്നിലുള്ള വലിയ ലക്ഷ്യത്തിലേക്ക് മുന്നേറണം. ഒരിക്കലും നേരെയാകാത്ത കാര്യത്തിന് പിറകെ പോയി സമയവും പണവും ചെലവിട്ടാല്‍ നഷ്ടമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ കഥയറിയില്ലേ? ഏതാണ്ട് 500 ഓളം കമ്പനികള്‍ ബ്രാന്‍സണ്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ 200 ഓളം കമ്പനികള്‍ പ്രതീക്ഷയ്‌ക്കൊത്ത് വരാത്തതിനാല്‍ അടച്ചുപൂട്ടി.
നമ്മുടെ മുന്നിലുള്ള അവസരങ്ങളെ ബുദ്ധിപൂര്‍വ്വം വിശകലനം ചെയ്ത ശേഷം ചില കാര്യങ്ങളില്‍ നിന്ന് നടത്തുന്ന പിന്മാറ്റത്തെ തന്ത്രപരമായ പിന്മാറ്റമെന്ന് വിശേഷിപ്പിക്കാം.
(ലേഖകന്‍ പോള്‍ റോബിന്‍സണ്‍, പ്രഭാഷകനും ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ് )


Tags:    

Similar News