ക്രിപ്‌റ്റോകള്‍ക്കുമേല്‍ നികുതി വരുന്നു...?

ക്രിപ്‌റ്റോകള്‍ വാങ്ങിക്കൂട്ടിയ ഇന്ത്യക്കാര്‍ 10 കോടിയിലധികം. ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം

Update:2021-11-09 13:17 IST

ഇന്ത്യക്കാര്‍ ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് ക്രിപ്റ്റോ കറന്‍സി. ബിറ്റ് കോയിന്റെയും എഥറിയത്തിന്റെയും വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് പലരെയും ക്രിപ്റ്റോയുടെ ലോകത്തേക്ക് എത്തിച്ചത്. 2021 ജനുവരിയില്‍ 730 ഡോളറായിരുന്ന എഥറിയത്തിന് ഇപ്പോള്‍ 4812 ഡോളറാണ് മൂല്യം. ഒരു ബിറ്റ് കോയിന് 50 ലക്ഷത്തിലേറെയാണ് വില.

ലോകത്ത് ഏറ്റവും അധികം ക്രിപ്റ്റോ കറന്‍സികള്‍ കൈവശമുള്ളതും ഇന്ത്യക്കാരുടെ കൈകളിലാണ്. 10 കോടിയിലധികം ഇന്ത്യക്കാരും ക്രിപ്റ്റോയില്‍ നിക്ഷേപിച്ചവരാണ്. അമേരിക്കയും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഭാവിയില്‍ വിലകൂടും എന്ന് പ്രതീക്ഷിച്ച് ഷിബാ കോയിനില്‍ ഉള്‍പ്പടെ ആളുകള്‍ നിക്ഷേപിക്കുകയാണ്. ക്രിപ്റ്റോയുടെ ആഗോള വിപണി മൂല്യം 3 ട്രില്യണില്‍ അധികമാണ്.

കലാ സൃഷ്ടികള്‍ വില്‍ക്കുന്ന ഡിജിറ്റല്‍ ഇടമായ് എന്‍എഫ്ടിയിലെ ഇടപാടുകളും ക്രിപ്‌റ്റോയിലൂടെയാണ്. എന്‍എഫ്ടിയിലൂടെ ലക്ഷങ്ങളുടെ നേട്ടമാണ് പല ക്രിയേറ്റര്‍മാരും ഉണ്ടാക്കുന്നത്. എന്‍എഫ്ടി കളക്ഷന്‍ ലേലത്തിന് വെച്ചപ്പോള്‍ അമിതാഭ് ബച്ചന് ലഭിച്ചത് 7.18 കോടിയാണ്. ഇതിലും അധികമാണ് എഥറിയം, ബിറ്റ്കോയിന്‍ തുടങ്ങിയവയുടെ നിക്ഷേപത്തിലൂടെ ലഭിക്കുന്നത്.

സര്‍ക്കാരിന് എന്തുനേട്ടം

ക്രിപ്‌റ്റോ കറന്‍സികളിലൂടെയും എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളിലൂടെയും ആളുകള്‍ ഉണ്ടാക്കുന്ന നേട്ടത്തിന് എങ്ങനെ നികുതി ഈടാക്കാം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെയാണ് ക്രിപ്റ്റോ ഇടപാടുകള്‍ നിയമപരമാക്കുന്നതിനും മുമ്പേ അതില്‍ നിന്ന നികുതി ഈടാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോ കറന്‍സികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.

ക്രിപ്റ്റോയ്ക്കുമേല്‍ ജിഎസ്ടി കൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ക്രിപ്റ്റോയുടെ കൈമാറ്റം, നിക്ഷേപം, വിതരണം, വില്‍പ്പന, മൈനിംഗ് തുടങ്ങിയവ ജിഎസ്ടി നിയമത്തിനു കീഴിലുള്ള സേവനങ്ങളുടെ ഗണത്തില്‍ കൊണ്ടുവരാണ് കേന്ദ്രത്തിന്റെ പദ്ധതി. അദായത് ഒരു കറന്‍സി എന്ന നിലയില്‍ കേന്ദ്രം ക്രിപ്‌റ്റോയെ അംഗീകരിക്കില്ലെന്ന് അര്‍ത്ഥം.

എന്നാല്‍ എപ്പോഴും മൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സികള്‍ക്ക് കൃത്യമായ ഒരു നികുതി എങ്ങനെ ഏര്‍പ്പെടുത്തുമെന്നും വ്യക്തമല്ല. നിലവില്‍ ആളുകള്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൂടെ ക്രിപ്റ്റോ കറന്‍സികള്‍ ഡോളറിലേക്കോ രൂപയിലേക്കോ ആവശ്യാനുസരണം മാറ്റുകയാണ് ചെയ്യുന്നത്. വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ക്രിപ്റ്റോയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാലും ഇടപാടുകള്‍ നിയമപരമാകില്ല എന്നതാണ് വസ്തുത. നിലവില്‍ റിസര്‍വ് ബാങ്ക് രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളുടെ ചാഞ്ചാട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ ടിബി ശങ്കര്‍ പറഞ്ഞിരുന്നു. ലോകം മുഴുവന്‍ ഒരേ മൂല്യം ലഭിക്കും എന്നതാണ് ക്രിപ്റ്റോ കറന്‍സികളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ക്രിപ്റ്റോയിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും മറ്റും സര്‍ക്കാരുകള്‍ക്കാകില്ല എന്നതാണ് വസ്തുത.

Similar News