ജിഎസ്ടി അസസ്‌മെന്റില്‍ സമഗ്രമായ മാറ്റങ്ങള്‍, പുതിയ മാറ്റങ്ങള്‍ ഇവയാണ്
ജിഎസ്ടി അസസ്മെന്റ്, ഓഡിറ്റ് തുടങ്ങിയവയെ സെക്ഷന്‍ 74 A എന്ന പുതിയ നിയമത്തിന് വിധേയമാക്കി
ബജറ്റും തുടര്‍ന്ന് വന്ന ഫിനാന്‍സ് ആക്ടും ജിഎസ്ടി നിയമത്തില്‍ മാറ്റങ്ങള്‍ ഒരുപാട് വരുത്തിയിരിക്കുന്നു. ജിഎസ്ടി നിയമത്തിന്റെ അസസ്‌മെന്റുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. അസസ്മെന്റ്, ഓഡിറ്റ് തുടങ്ങിയവയെ സെക്ഷന്‍ 74A എന്ന പുതിയ നിയമത്തിന് വിധേയമാക്കി. 2024 ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരികയും ചെയ്തു. എന്നാല്‍ 2017-18 മുതല്‍ 2023-24 വരെയുള്ള അസസ്മെന്റുകള്‍ മുന്‍ നിയമപ്രകാരം തന്നെ (സെക്ഷന്‍ 73, 74) നടക്കും.
പ്രധാന മാറ്റങ്ങള്‍
സെക്ഷന്‍ 74 A പ്രകാരമുള്ള പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
2024-25 സാമ്പത്തിക വര്‍ഷം മുതല്‍ സെക്ഷന്‍ 73, 74 നോട്ടീസുകളിലെ ഡിമാന്‍ഡുകള്‍ക്ക് പകരമായി സെക്ഷന്‍ 74 A ബാധകമാക്കിയിരിക്കുന്നു. ഇത് പ്രകാരം നികുതി അടയ്ക്കാത്തവര്‍, തെറ്റായി റീഫണ്ട് വാങ്ങിയവര്‍ ഐടിസി തെറ്റായി ഉപയോഗിച്ചവര്‍, ഫ്രോഡ് കേസുകള്‍ തുടങ്ങിയവയ്ക്ക് ഈ സെക്ഷന്‍ ബാധകമാകും.
ഇതുപ്രകാരം അടയ്‌ക്കേണ്ടി വരുന്ന നികുതി (Demand) ഒരു സാമ്പത്തിക വര്‍ഷം 1,000 രൂപയില്‍ താഴെയാണെങ്കില്‍ നോട്ടീസ് അയക്കില്ല. അല്ലാത്ത പക്ഷം ശരിയായ ഓഫീസര്‍ അയക്കുന്ന നോട്ടീസിന്റെ സമയപരിധി ഒരു സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി മുതല്‍ 42 മാസത്തിനകം വേണം എന്ന് മാറ്റിയിരിക്കുന്നു.
ഫ്രോഡ്, മനപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിവയില്‍ ഉള്‍പ്പെടാത്ത കേസുകളില്‍ 10,000 രൂപയോ നികുതി തുകയുടെ 10 ശതമാനമോ ഏതാണോ അധികം അതാണ് അടയ്‌ക്കേണ്ടത്.
ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷം 12 മാസത്തിനകം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കണം എന്നുണ്ട്. അല്ലാത്തപക്ഷം കമ്മീഷണര്‍ അടക്കമുള്ളവരുടെ അംഗീകാരത്തോടു കൂടി ഈ കാലാവധി ആറു മാസം കൂടി നീട്ടും.
സെക്ഷന്‍ 74 A(1) അനുസരിച്ചുള്ള നോട്ടീസ് തരുന്നതിന് മുമ്പാണെങ്കില്‍ നികുതിദായകന്‍ നികുതിയും സെക്ഷന്‍ 50 പ്രകാരമുള്ള പലിശയും അടച്ച് ഓഫീസറെ രേഖാമൂലം അറിയിച്ചാല്‍ മാത്രമേ മറ്റു നടപടി ക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ഇതുപോലെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് 60 ദിവസത്തിനകം നികുതിയും പലിശയും അടച്ചാല്‍ പിന്നീടുള്ള പെനാലിറ്റി നടപടികളില്‍ നിന്നും ഒഴിവാക്കുന്നു.
ഫ്രോഡ്, മനപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവ വഴി ഡിമാന്‍ഡ് വരുന്നവര്‍ക്ക് 74 A(1) പ്രകാരമുള്ള നോട്ടീസിനു മുമ്പാണെങ്കില്‍ നികുതിയും പലിശയും നികുതിയുടെ 15 ശതമാനം പിഴയും അടച്ച് ഓഫീസറെ രേഖാമൂലം അറിയിച്ചാല്‍ മറ്റുള്ള നടപടിക്രമങ്ങള്‍ ഒഴിവാകുന്നു. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കൂട്ടര്‍ക്ക് 60 ദിവസത്തിനകം നികുതിയും സെക്ഷന്‍ 50 പ്രകാരമുള്ള പലിശയും ഒപ്പം നികുതിയുടെ 25 ശതമാനം പിഴയും അടച്ചാല്‍ മറ്റു നടപടികളില്‍ നിന്ന് എല്ലാം ഒഴിവാകുന്നു. ഓര്‍ഡര്‍ കിട്ടിയതിനു ശേഷം ആണെങ്കില്‍ നികുതി, പലിശ, പിഴയായി നികുതിയുടെ 50 ശതമാനം എന്നിങ്ങനെ അടയ്ക്കുകയാണെങ്കില്‍ എല്ലാ നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണ്.