ആദായ നികുതി നോട്ടീസ് കിട്ടിയാല്‍ ചെയ്യേണ്ടത് എന്ത്? പ്രവാസികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സ്വത്ത് വില്‍ക്കുമ്പോള്‍ ജാഗ്രത വേണം; നോട്ടീസുകള്‍ക്ക് മറുപടി നല്‍കലും പ്രധാനം

Update:2024-12-12 12:20 IST

ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടുന്നത് ആരെയും അസ്വസ്ഥരാക്കും. പ്രവാസികളാണെങ്കില്‍ പ്രത്യേകിച്ചും. കാരണം അവര്‍ ഇന്ത്യയിലെ നികുതി നിയമങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും താരതമ്യേന കുറച്ച് ചിന്തിക്കുന്നവരാണ്. എന്നാല്‍ അടുത്തിടെ വിദേശ ഇന്ത്യക്കാരില്‍ ഏറെ പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു വരുന്നുണ്ട്. അവരുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ആസ്തികള്‍ സംബന്ധിച്ചുമാണ് ഈ നോട്ടീസ്. ദുബൈയില്‍ കെട്ടിടങ്ങളില്‍ നിക്ഷേപമുള്ള പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ റെയ്ഡുകള്‍ നടത്തിയത് അടുത്തിടെയാണ്. നിരവധി പേര്‍ക്ക് ഇതിനകം നോട്ടീസും ലഭിച്ചിട്ടുണ്ട്.

ആദായനികുതി പോര്‍ട്ടലില്‍ സ്വന്തം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത പ്രവാസികള്‍ക്ക് പലപ്പോഴും നോട്ടീസുകള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ട്. നോട്ടീസിന് പ്രതികരിച്ചിട്ടില്ലെങ്കില്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരാം. സാമ്പത്തിക പിഴകള്‍ മുതല്‍ നിയമനടപടികള്‍ വരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രധാനം അവര്‍ ആദായ നികുതി വകുപ്പില്‍ സ്വന്തം വിവരങ്ങള്‍ യഥാസമയം പുതുക്കുന്നില്ല എന്നതാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ സൂചിപ്പിക്കുന്നു. ആദായനികുതി പോര്‍ട്ടലില്‍ ഇമെയില്‍ ഐഡിയും കോണ്‍ടാക്റ്റ് നമ്പറും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിദേശ ഇന്ത്യക്കാര്‍ വലിയ തുകക്ക് വസ്തു വില്‍ക്കുമ്പോഴും റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുമ്പോഴും വകുപ്പില്‍ നിന്ന് നോട്ടീസ് അയക്കാറുണ്ട്. ഇമെയില്‍ വഴി വരുന്ന ഇത്തരം നോട്ടീസുകള്‍ക്ക് കൃത്യസമയങ്ങളില്‍ മറുപടി നല്‍കേണ്ടത് അനിവാര്യമാണ്. 

വസ്തു വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

80 ലക്ഷം രൂപക്ക് വസ്തു വിറ്റ ശേഷം അതു സംബന്ധിച്ച് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്ന പ്രവാസി മലയാളി വര്‍ഷങ്ങള്‍ക്ക് ശേഷം കടുത്ത നടപടിക്ക് വിധേയനായ സംഭവം അടുത്തിടെ ഉണ്ടായി. ആദായനികുതി പോര്‍ട്ടലില്‍ വിവരങ്ങള്‍ പുതുക്കാതിരുന്നതിനാല്‍ വകുപ്പില്‍ നിന്നുള്ള നോട്ടീസ് ശ്രദ്ധിക്കാതെ പോയത് പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയായിരുന്നു. നോട്ടീസുകളോട് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന്, ആദായനികുതി ഓഫീസര്‍ ഒരു വര്‍ഷത്തിനുശേഷം വില്‍പ്പന തുക (80 ലക്ഷം രൂപ)  നികുതി വിധേയമായ വരുമാനമായി രേഖപ്പെടുത്തുകയും എട്ടു വര്‍ഷത്തെ നികുതിയും പലിശയും ഈടാക്കുകയും ചെയ്തു.

പ്രവാസികള്‍ക്ക് നാട്ടിലും വിദേശത്തും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകാം. ഇന്ത്യയില്‍ സമ്പാദിച്ച വരുമാനം നികുതി റിട്ടേണുകളില്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ അത് നോട്ടീസ് ക്ഷണിച്ചു വരുത്തും. ആസ്തികളെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോഴും ഇത് സംഭവിക്കാം. അതേസമയം, ഒരു വിദേശ ഇന്ത്യക്കാരന്റെ ഒരു വര്‍ഷത്തെ ഇന്ത്യയിലെ മൊത്തം നികുതി വരുമാനം 50 ലക്ഷം രൂപ കവിയുമ്പോള്‍ മാത്രമേ ഇന്ത്യയിലെ ആസ്തികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളുവെന്നാണ് നിയമം. വരുമാനം സംബന്ധിച്ച് യഥാസമയം കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത് പ്രധാനമാണ്. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുന്നത് നിയമനടപടികള്‍ സങ്കീര്‍ണമാക്കും. വലിയ ഇടപാടുകള്‍, പ്രത്യേകിച്ച് വസ്തു വകകള്‍, ഓഹരികള്‍, അല്ലെങ്കില്‍ പ്രധാനപ്പെട്ട ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ശരിയായി രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാം. ഇന്ത്യയിലെ വസ്തു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം ആദായ നികുതിക്ക് വിധേയമാണ് എന്നത് മനസിലാക്കണം.

നോട്ടീസ് ലഭിച്ചാല്‍ ചെയ്യേണ്ടത്

നോട്ടീസിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വ്വം മനസിലാക്കി വേണം തുടര്‍ നടപടികളിലേക്ക് കടക്കാന്‍. പലപ്പോഴും വരുമാനം വെളിപ്പെടുത്തല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കല്‍, നിയമലംഘനം തുടങ്ങിവ സംബന്ധിച്ചാകാം ഇത്തരം നോട്ടീസുകള്‍ ഏത് വകുപ്പിന് കീഴിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്, നോട്ടീസിന്റെ കാരണം, മറുപടി നല്‍കാനുള്ള സമയപരിധി എന്നിവ മനസിലാക്കി, പ്രവാസികളുടെ നികുതി നിയമങ്ങളെ കുറിച്ച് പരിജ്ഞാനമുള്ള ഒരു ടാക്‌സ് പ്രൊഫഷണലുമായി കൂടിയാലോചിക്കണം.

നോട്ടീസിന്റെ സ്വഭാവമനുസരിച്ച്, നിങ്ങളുടെ മുന്‍ നികുതി റിട്ടേണുകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, സ്വത്ത് രേഖകള്‍, ഇന്ത്യയിലും വിദേശത്തുമുള്ള ഏതെങ്കിലും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ രേഖകള്‍ നിങ്ങള്‍ ശേഖരിക്കേണ്ടി വന്നേക്കാം.

മറുപടി നല്‍കേണ്ട സമയം പ്രധാനം

നികുതി അറിയിപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സമയം പ്രധാനമാണ്. മറുപടി നല്‍കേണ്ട അവസാന സമയത്തെ കുറിച്ച് ബോധ്യമുണ്ടാകണം. ചിലപ്പോള്‍ ഏഴ് ദിവസം മാത്രമായിരിക്കാം സമയപരിധി. അത്തരം സാഹചര്യങ്ങളില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. കാലതാമസം പിഴകള്‍ക്കും കൂടുതല്‍ സങ്കീര്‍ണതകള്‍ക്കും ഇടയാക്കിയേക്കാം. മറുപടി വസ്തുതാപരവും ആവശ്യമായ രേഖകളുടെ പിന്തുണയുള്ളതുമായിരിക്കണം.

വലിയ തുകകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ പ്രവാസികളുടെ വിദേശത്തെ സ്വത്തും പരിശോധനകള്‍ക്ക് വിധേയമായേക്കാം. അതിനാല്‍ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിച്ച് നോട്ടീസ് ലഭിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയിലെ നിങ്ങളുടെ വരുമാനം നികുതി നല്‍കാവുന്ന പരിധിക്ക് താഴെയാണെങ്കില്‍ പോലും, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ദോഷമില്ല. ഇന്ത്യയില്‍ വലിയ ആസ്തികള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം.

എല്ലാ വരുമാനവും ആസ്തികളും റിട്ടേണുകളില്‍ വെളിപ്പെടുത്തുന്നത് നിയമ നടപടികള്‍ ഒഴിവാക്കും. എന്‍.ആര്‍.ഇ അക്കൗണ്ടുകളിലെ പലിശ, വാടക വരുമാനം, മൂലധന നേട്ടം എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ സമ്പാദിച്ച എല്ലാ വരുമാനവും നിങ്ങളുടെ നികുതി റിട്ടേണുകളില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നത് കര്‍ശനമായ നിയമമല്ലെങ്കിലും ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാണ്. ഇക്കാര്യത്തില്‍ വിദേശ മലയാളികള്‍ക്ക് ഒരു ടാക്‌സ് പ്രൊഫഷണലിന്റെ ഉപദേശം കൂടി സ്വീകരിക്കാവുന്നതാണ്.

Tags:    

Similar News