ദുബൈയില്‍ ഇന്ത്യക്കാരുടെ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തി ആദായ നികുതി വകുപ്പ്; നടപടി വരുമോ?

നിയമവിധേയമല്ലാതെ 700 കോടിയുടെ പണമിടപാട് നടന്നതായി കണ്ടെത്തല്‍

Update:2024-11-29 11:20 IST

Image Courtesy: Canva

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ റഡാര്‍ അങ്ങോട്ട് തിരിയുന്നു. ഇന്ത്യന്‍ പ്രവാസികളുടെ ദുബൈയിലുള്ള കണക്കില്‍പെടാത്ത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ ഐ.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതില്‍ 500 കേസുകള്‍ നടപടിയെടുക്കാവുന്നവയാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. കെട്ടിടങ്ങളിലുള്ള നിക്ഷേപങ്ങളാണ് എറെയും. നിയമവിധേയമല്ലാതെ 700 കോടിയുടെ പണമിടപാടുകള്‍ നടന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 125 കോടി രൂപയുടെ നിയമവിധേയമല്ലാത്ത പണമിടപാടുകള്‍ കണ്ടെത്തിയതായാണ് നികുതിദായകര്‍ വെളിപ്പെടുത്തിയത്. വ്യാജ ബില്ലുകള്‍ ഉള്‍പ്പടെയുള്ള രേഖകളാണ് കണ്ടെത്തിയത്. അനധികൃത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ ഐ.ടി വകുപ്പ് പലര്‍ക്കും നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന കേസുകളില്‍ തെളിവുകള്‍ ലഭിച്ചാല്‍ ഐ.ടി നിയമം, ഹവാല നിരോധന നിയമം എന്നിവ ഉപയോഗിച്ച് കേസെടുക്കും.

തെളിവു ലഭിച്ചത് 43 നിക്ഷേപങ്ങളില്‍

ദുബൈയില്‍ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപങ്ങളില്‍ 43 എണ്ണത്തില്‍ നിയമലംഘനം നടന്നതായി തെളിവു ലഭിച്ചെന്ന് ഡല്‍ഹിയിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന റെയ്ഡില്‍ മാത്രം 700 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഇത്തരം റെയ്ഡ് നടക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ വഴിയെ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക ശ്രമമാണ് ഐ.ടി വകുപ്പ് നടത്തുന്നത്. ആയിരത്തോളം നിക്ഷേപങ്ങളെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കണക്കില്‍ പെടാത്ത പണം വിദേശത്ത് നിക്ഷേപിക്കുന്നതിനെ കുറിച്ചും ഹവാല പണമിടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപങ്ങളെ കുറിച്ച് ജര്‍മനി ഇന്ത്യക്ക് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നികുതി കരാറിലെ നിബന്ധന പ്രകാരമാണ് വിവരങ്ങളുടെ കൈമാറ്റം. അതേസമയം, ഈ വിവരങ്ങള്‍ ജര്‍മന്‍ അധികൃതര്‍ക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഇന്ത്യക്കാരുടെ വിദേശ നിക്ഷേപങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. നിലവില്‍ ലഭ്യമായ വിവരങ്ങളില്‍ ഇന്ത്യയില്‍ പരിശോധന നടക്കും. വിദേശത്തുള്ള ആസ്തി വിവരങ്ങള്‍, പണമിടപാടുകളുടെ സ്വഭാവം തുടങ്ങിയവ പരിശോധിക്കും.

Tags:    

Similar News