അദാനിക്ക് നികുതിയടിക്കാന്‍ ജി.എസ്.ടി വകുപ്പ്; പുതിയ റൂളിംഗ് ഇങ്ങനെ

ജി.എസ്.ടി അതോറിറ്റി കേരള ബെഞ്ചിന്റെ വിധി മറ്റു സംസ്ഥാനങ്ങളിലും ചര്‍ച്ചയാകും

Update:2024-11-11 20:33 IST
gst logo and mobile phone and credit card

image credit : canva

  • whatsapp icon

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും തമ്മിലുള്ള കരാര്‍ നികുതിയുടെ പരിധിയിലേക്ക്. കരാര്‍ സംബന്ധിച്ച് ജി.എസ്.ടി അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിംഗ് (എ.എ.ആര്‍) കേരള ബെഞ്ചിന്റെ പുതിയ റൂളിംഗ് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡിന്‌ സംസ്ഥാന ജി.എസ്.ടി വകുപ്പ് പുതിയ നികുതി ചുമത്താന്‍ കാരണമായേക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ലിമിറ്റഡും തമ്മിലുള്ള കരാര്‍ 'ട്രാന്‍സ്ഫര്‍ ഓഫ് ബിസിനസസ്' അല്ലെന്നും 'സപ്ലൈ ഓഫ് സര്‍വ്വീസ്' ആണെന്നുമാണ് എ.എ.ആര്‍ കേരള ബെഞ്ച് വിധിച്ചിരിക്കുന്നത്. സപ്ലൈ ഓഫ് സര്‍വ്വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അദാനി ലിമിറ്റഡ് നികുതി നല്‍കേണ്ടി വരും. എ.എ.ആര്‍ വിധി സംസ്ഥാന ജി.എസ്.ടി വകുപ്പ് അംഗീകരിച്ചാല്‍ നികുതി അടക്കാന്‍ അദാനി ലിമിറ്റഡിനോട് ആവശ്യപ്പെടും.

മറ്റ് വിമാനത്താവളങ്ങളെയും ബാധിക്കും

എ.എ.ആര്‍ കേരള ബെഞ്ചിന്റെ വിധി ഇതര സംസ്ഥാനങ്ങളിലെ നിയമത്തിന് എതിരായതിനാല്‍ മറ്റു സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമാകും. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവള കരാറുകള്‍ സംസ്ഥാന ജി.എസ്.ടികളുടെ പരിധിയില്‍ വരുന്നില്ല. കരാറിലെ നികുതി ബാധ്യത സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോരിറ്റി കേരള എ.എ.ആറിന്റെ ഭാഗത്തു നിന്ന് വ്യക്തത ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് അദാനിയുമായുള്ള കരാര്‍ ജി.എസ്.ടി പരിധിയില്‍ വരുമെന്ന് അറിയിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അദാനി ലിമിറ്റഡ് വികസനപരമായ സേവനമാണ് നല്‍കുന്നതെന്നും അതോറിറ്റി ഇതിന് പകരമായി ജീവനക്കാരെയും സ്ഥല സൗകര്യവും നല്‍കുന്നുണ്ടെന്നും എ.എ.ആര്‍ വ്യക്തമാക്കി. ഇത് ജി.എസ്.ടി നിയമത്തിന്റെ സെക്ഷന്‍ ഏഴ് പ്രകാരം നികുതിയുടെ പരിധിയില്‍ വരുന്നതാണെന്നും എ.എ.ആര്‍ ചൂണ്ടിക്കാട്ടി. കേരള ബെഞ്ചിന്റെ വിധി നികുതി വൃത്തങ്ങളില്‍ വ്യാപക ചര്‍ച്ചയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എ.എ.ആര്‍ ബെഞ്ചുകള്‍ ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ നിലപാടുകള്‍ സ്വീകരിക്കുന്നത് നികുതി വ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് പ്രധാന വിമര്‍ശനം.


Tags:    

Similar News