പഴയ വാഹനം വാങ്ങാൻ കൂടുതൽ നികുതി; പോപ് കോണിനും ഇനി വില കൂടും
ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറക്കുന്നതില്‍ തീരുമാനമായില്ല
വൈദ്യുതി വാഹനങ്ങള്‍ ഉള്‍പ്പടെ പഴയ വാഹനങ്ങളുടെ വില്‍പ്പനക്ക് നികുതി വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി വില്‍പ്പന നികുതി വര്‍ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. പഴയ വാഹനങ്ങള്‍ വാങ്ങി ലാഭമെടുത്തു വില്‍ക്കുന്ന സ്ഥാപനങ്ങളാണ് കൂട്ടിയ നികുതി നല്‍കേണ്ടി വരിക. വ്യക്തികള്‍ തമ്മിലുള്ള വാങ്ങലിനും വില്‍പ്പനക്കും നിലവിലുള്ള 12 ശതമാനം തന്നെ തുടരും.
വാഹന വിപണിയില്‍ നിന്ന് നികുതി വരുമാനം കൂട്ടുകയെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനമാണ് പുതിയ നിര്‍ദേശത്തിന് പിന്നില്‍. നിലവില്‍ 1,200 സി.സി പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി വാഹനങ്ങള്‍ 18 ശതമാനം നികുതി പരിധിയിലാണ് വരുന്നത്. നാല് മീറ്റര്‍ നീളമുള്ള വാഹനങ്ങള്‍ക്കും ഇതേ നികുതിയാണ്. 1,500 സിസി ഡീസല്‍ വാഹനങ്ങള്‍ക്കും 18 ശതമാനം നികുതിയുണ്ട്. പഴയ വൈദ്യുതി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഈ സ്ലാബിലേക്കാണ് ഇപ്പോള്‍ കൊണ്ടു വരുന്നത്. നിലവില്‍ പുതിയ വൈദ്യുതി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി. പഴയ വാഹനങ്ങള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് അവക്ക് ഡിമാന്റ് കുറയാൻ കാരണമാകും.
ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഇളവില്ല
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തുകയുടെ നികുതി കുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റി. ഫുഡ് ഡെലിവറി സേവനങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല.
പോപ് കോണുകള്‍ക്ക് ഇനി അഞ്ചു ശതമാനം നികുതി നല്‍കേണ്ടി വരും. മസാല ചേര്‍ത്ത് പാക്ക് ചെയ്യാതെ വില്‍ക്കുന്ന പോപ് കോണിന് അഞ്ചു ശതമാനവും പാക്ക് ചെയ്തവക്ക് 12 ശതമാനവും നികുതി ഈടാക്കാനാണ് കൗണ്‍സില്‍ നിര്‍ദേശിച്ചത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജനുവരിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.