പാന്‍ 2.0: പുതിയ പാന്‍കാര്‍ഡ് പദ്ധതി പ്രവാസികളെ ബാധിക്കുമോ?
നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ആവശ്യമാണ്
കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച പുതിയ പാന്‍കാര്‍ഡ് പദ്ധതി (പാന്‍2.0) സാമ്പത്തിക രംഗത്ത് കൂടുതല്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള പെര്‍മനെന്റ് അക്കൗണ്ട് സംവിധാനം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്‍തുണയോടെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂടിനുള്ളിലേക്ക് പരമാവധി പൗരന്‍മാരെ എത്തിക്കുകയെന്ന ലക്ഷ്യവും പുതിയ പദ്ധതിക്കുണ്ട്. നിയമപ്രകാരമുള്ള പണമിടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനും ഇത് സര്‍ക്കാരിനെ സഹായിക്കും. ഇന്ത്യയിലുള്ളവരെ പോലെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരും പാന്‍ സംവിധാനത്തിന് കീഴില്‍ വരും. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തണമെങ്കില്‍ പാന്‍ നിര്‍ബന്ധമാണെന്നിരിക്കെ പാന്‍കാര്‍ഡ് എടുക്കുന്ന എന്‍.ആര്‍.ഐകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പുതിയ പദ്ധതിയിലൂടെ ഒരു ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലേക്കാണ് പാന്‍ സംവിധാനം മാറുന്നത്.
പാന്‍ കാര്‍ഡ് ആവശ്യമാകുന്നത് എപ്പോള്‍?
ഇന്ത്യയില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ പാന്‍ കാര്‍ഡ് ആവശ്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്താനോ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) ആവശ്യമാണ്. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയത് എടുക്കേണ്ടതില്ല. എന്നാല്‍ നിലവിലുള്ള പാന്‍കാര്‍ഡില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കിയിരിക്കണം. നിലവിലുള്ള പാന്‍ കാര്‍ഡുകള്‍ സാധുവായി തുടരുന്നതിനാല്‍ വ്യക്തികള്‍ക്ക് പുതിയ പെര്‍മനന്റ് അക്കൗണ്ട് നമ്പറുകള്‍ ലഭിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, അവരുടെ അധികാരപരിധിയിലുള്ള അസസിംഗ് ഓഫീസറെ അറിയിക്കുകയും അധിക പാന്‍ കാര്‍ഡ് ഇല്ലാതാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യണം.
പാന്‍കാര്‍ഡ് എടുക്കുന്നത് എങ്ങനെ
നിലവില്‍ പാന്‍കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയും അപേക്ഷ നല്‍കാന്‍ സൗകര്യമുണ്ട്. യു.ടി.ഐ (UTIITSL) അല്ലെങ്കില്‍ പ്രോട്ടീന്‍ (Protean)വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ സ്ഥാപനങ്ങളുടെ അപേക്ഷാ കേന്ദ്രങ്ങളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിനൊപ്പം ഈ രേഖകളില്‍ ഒന്ന് സമര്‍പ്പിക്കണം: പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, താമസിക്കുന്ന രാജ്യത്ത് നിന്നുള്ള ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിന്റെ പകര്‍പ്പ്, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ഇടപാടുകളെങ്കിലും കാണിക്കുന്ന എന്‍.ആര്‍.ഇ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിന്റെ എംബസി അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്.
എന്‍.ആര്‍.ഐ അപേക്ഷകര്‍ക്ക് ഇന്ത്യയില്‍ ഏതെങ്കിലും വിലാസം ഇല്ലെങ്കില്‍ അവരുടെ വിദേശ വിലാസം അവരുടെ റസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ ഓഫീസ് വിലാസമായി സൂചിപ്പിക്കാം. നല്‍കുന്ന വിവരങ്ങളുടെ കൃത്യതയും പൂര്‍ണ്ണതയും ഉറപ്പാക്കേണ്ടതുണ്ട്.
അപേക്ഷാ ഫീസ്
പാന്‍ അപേക്ഷയുടെ പ്രോസസ്സിംഗ് ഫീസ് അപേക്ഷകന്‍ നല്‍കുന്ന ആശയവിനിമയ വിലാസത്തെ അടിസ്ഥാനമാക്കി നിര്‍ണയിക്കും. വിലാസം ഇന്ത്യക്ക് പുറത്താണെങ്കില്‍ പാന്‍ പ്രോസസിംഗ് ഫീസ് 994 രൂപയാണ് (അപ്ലിക്കേഷന്‍ ഫീസും ഡിസ്പാച്ച് ചാര്‍ജുകളും ഉള്‍പ്പെടെ).